ADVERTISEMENT

പണ്ടുകാലം മുതല്‍ക്കേ മനുഷ്യനെ അലട്ടുന്ന വലിയൊരു സമസ്യയാണ് മരണാനന്തര ജീവിതം. ഇന്നും അതേ അവസ്ഥയില്‍ തന്നെ ദുരൂഹത നിലനില്‍ക്കുകയാണ്. ഈ വിഷയത്തിൽ വിവിധ മതങ്ങൾക്ക് വ്യത്യസ്ത വിശ്വാസങ്ങളാണ്. ചില മതങ്ങളുടെ വിശ്വാസപ്രകാരം മരണത്തിനു ശേഷം മരണമില്ലാത്ത മറ്റൊരു ജീവിതം ഉണ്ടെന്ന് വരെ വാദമുണ്ട്. എന്നാൽ ഈ വിഷയത്തില്‍ ഒട്ടനവധി ശാസ്ത്ര പരീക്ഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും കാര്യമായ തീരുമാനമൊന്നും ആയിട്ടില്ല. ഇത് സംബന്ധിച്ച് നാസയുടെ മുൻ ഗവേഷകന്റെ പ്രതികരണവും ശ്രദ്ധേയമാണ്. നാസയുടെ റോക്കറ്റ് ശാസ്ത്രജ്ഞനായ വെണ്‍ഹെര്‍ വോണ്‍ ബ്രൗണ്‍ ദൈവത്തിലും മരണാനന്തജീവിതത്തിലും വിശ്വസിച്ചിരുന്നു എന്നാണ് ‘ദി തേഡ് ബുക്ക് ഓഫ് വേഡ്‌സ് ടു ലിവ് ബൈ (The Third Book of Words to Live By)’ പുസ്തകത്തിൽ പറയുന്നത്.

 

'ദൈവമില്ല' എന്ന വാദിക്കുന്ന ഒരു കൂട്ടം ശാസ്ത്ര വാദികളും, 'ഉണ്ട്' എന്നു വാദിക്കുന്ന മതവാദികളും തമ്മിലുള്ള ബൗദ്ധിക സംവാദങ്ങള്‍ സമീപകാലത്ത് കൂടിയിട്ടുണ്ട്. പലപ്പോഴും കൂടുതല്‍ രാകി മിനുസപ്പെടുത്തിയ വാദങ്ങളുയര്‍ത്തുന്ന ശാസ്ത്രവാദികള്‍ക്കു മുന്നില്‍ ദൈവവും ആത്മാവും മരണാനന്തര ജീവിതവും എല്ലാം ഉണ്ടെന്നു വാദിക്കുന്ന മതവാദികള്‍ കീഴടങ്ങുന്ന കാഴ്ചയാണ് കാണാനാകുക. ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് മുതല്‍ സര്‍ റിച്ചഡ് ഡോക്കിന്‍സ് വരെയുള്ളവര്‍ മതവാദികളുടെ വാദങ്ങള്‍ തള്ളിക്കളയുന്നു.

 

എന്നാൽ, നാസയുടെ റോക്കറ്റ് ശാസ്ത്രജ്ഞനായ വെണ്‍ഹെര്‍ വോണ്‍ ബ്രൗണ്‍ (Wernher von Braun) താന്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നുവെന്ന വാദവുമായി എത്തിയിരുന്നു. ബ്രൗണിന്റെ കരുത്തിലാണ് അമേരിക്ക അന്നത്തെ കാലത്ത് സോവിയറ്റ് യൂണിയന്റെ മേല്‍ ബഹിരാകാശ മേധാവിത്വം നേടിയത്. തന്റെ ദി തേഡ് ബുക്ക് ഓഫ് വേഡ്‌സ് ടു ലിവ് ബൈ (The Third Book of Words to Live By) എന്ന പുസ്തകത്തിൽ റോക്കറ്റ് എൻജിനീയറായ ബ്രൗണ്‍ പറയുന്നത് പ്രപഞ്ചത്തിന്റെ തത്വങ്ങള്‍ പ്രകാരം ദൈവവും മരണാനന്തര ജീവിതവും ഉണ്ടെന്ന് തെളിയിക്കുന്നു എന്നാണ്.

 

പ്രപഞ്ചത്തില്‍ നിന്ന് ഒന്നും പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല. അതിനാല്‍ മനുഷ്യന്റെ ആത്മാവ് പൂര്‍ണ്ണമായും അനശ്വരമാണെന്ന് അദ്ദേഹം വാദിക്കുന്നു. മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം ആളുകള്‍ക്ക് ധാര്‍മ്മികമായ ശക്തി പകരുന്നതും അത് കൂടുതല്‍ സന്മാര്‍ഗികമായ ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. നമ്മുടെ പുതിയ ലോകത്ത് പല ആളുകളും കരുതുന്നത് ശാസ്ത്രം എങ്ങനെയോ മതപരമായ ആശയങ്ങളെ പൂര്‍ണ്ണമായും കാലഹരണപ്പെട്ടതാക്കിയിരിക്കുന്നു എന്നാണ്. എന്നാല്‍, താന്‍ കരുതുന്നത് ശാസ്ത്രം അവിശ്വാസികള്‍ക്ക് ഒരു സര്‍പ്രൈസ് കരുതിവച്ചിട്ടുണ്ട് എന്നാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഉദാഹരണത്തിന് ശാസ്ത്രം പറയുന്നത് ലോകത്തുള്ള ഒന്നിനും ഒരു ചെറിയ കണികയ്ക്കുപോലും ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ്.

 

അല്‍പ്പനേരം അതെക്കുറിച്ചു ചിന്തിക്കൂ. അതിനു ശേഷം ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകള്‍ മാറിമറിയും. ഒന്നിനും ഒരടയാളവും ബാക്കിവയ്ക്കാതെ അപ്രത്യക്ഷമാകാനാവില്ല എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. പ്രകൃതിയില്‍ നാമാവശേഷമാകല്‍ (extinction) ഇല്ല. രൂപാന്തരീകരണം (transformation) മാത്രമെയുള്ളൂ. ദൈവം ഈ പ്രാഥമിക തത്വം തന്റെ ലോകത്തിന്റെ ഏറ്റവും അപ്രസക്തമായ ഭാഗത്തുപോലും നടപ്പിലാക്കുന്നെങ്കില്‍ അതിന്റെ ഏറ്റവും ഉന്നത രൂപമായ മനുഷ്യന്റെ ആത്മാവിനെ എങ്ങിനെ ഒഴിവാക്കും? ശാസ്ത്രം തന്നെ പഠിപ്പിച്ചതും പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ വച്ച് മരണത്തിനു ശേഷം ആത്മാവ് തുടര്‍ന്നും ജീവിക്കുമെന്ന വിശ്വാസം ബലപ്പെടുത്തുന്നു. ഒന്നിനും ഒരടയാളം പോലും ബാക്കിവയ്ക്കാതെ നശിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

 

ഇതോടൊപ്പം അദ്ദേഹം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ വാക്കുകളും ഉദ്ധരിക്കുന്നുണ്ട്. മനുഷ്യന്റെ ആത്മാവ് നശിക്കില്ലെന്നും ഈ ജിവിതത്തിലെ ചെയ്തികള്‍ പരിഗണിച്ച് മറ്റൊരു ജീവിതത്തില്‍ നീതി ലഭിക്കുകയും ചെയ്യുമെന്നും താന്‍ വിശ്വസിക്കുന്നു. ബെര്‍ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു ബിരുദമെടുത്ത ബ്രൗണ്‍ നാസികളുടെ ജര്‍മ്മനിക്കുവേണ്ടി വിനാശകാരിയായ വി2 റോക്കറ്റ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. യുദ്ധത്തിനു ശേഷം അമേരിക്കക്കാര്‍ അദ്ദേഹത്തെ യുഎസ് ആര്‍മി ബാലിസ്റ്റിക്-വെപണ്‍പ്രോഗ്രാമിന്റെ ഡയറക്ടറാക്കുകയായിരുന്നു. അദ്ദഹം 1955ലാണ് അമേരിക്കന്‍ പൗരനാകുന്നത്. തുടര്‍ന്ന് രൂപീകരിച്ച നാസയിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കുകയായിരുന്നു.

 

ഒരു അതീതശക്തിയിലും മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്ന ഏക ശാസ്ത്രജ്ഞനല്ല ബ്രൗണ്‍. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ കെന്നിത് മില്ലര്‍ പറയുന്നത് മനുഷ്യരെ ദൈവം സൃഷ്ടിച്ചുവെന്നു പറയുന്നവര്‍ നോക്കുന്നത് ശാസ്ത്രത്തിന് ഇനിയും വിശദീകരിക്കാന്‍ സാധിക്കാത്ത ഇടങ്ങളിലേക്കാണ്. എന്നാല്‍, പല ശാസ്ത്രജ്ഞരും നോക്കുന്നത് ശാസ്ത്രം കണ്ടെത്തുകയും വിശദീകരിക്കുകയും ചെയ്ത കാര്യങ്ങളിലാണ്.

 

എന്നാല്‍, തിയററ്റിക്കല്‍ ഫിസിസിസ്റ്റായ സ്റ്റീഫന്‍ ഹോക്കിങ്ങിനെ പോലെയുള്ളവര്‍ പറയുന്നത് മനുഷ്യന്റെ ജീവിതം അവസാനിക്കുന്നത് കംപ്യൂട്ടര്‍ ഷട്‌ഡൗണ്‍ ചെയ്യുന്നതു പോലെയാണ് എന്നാണ്. അദ്ദേഹം 2011ല്‍ പറഞ്ഞത് സ്വര്‍ഗം ഒന്നുമില്ല. അതൊരു കെട്ടുകഥയാണ് (fairytale) എന്നാണ്. കഴിഞ്ഞ 49 വര്‍ഷമായി മരണം നേരത്തെ വരുമെന്നു കരുതി ജീവിച്ചയാളാണ് ഞാന്‍. എനിക്കു മരിക്കാന്‍ യാതൊരു പേടിയുമില്ല. എന്നാല്‍ എനിക്കു മരിക്കാന്‍ ധൃതിയൊന്നുമില്ല. എനിക്കു ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളുണ്ട്. തലച്ചോറിനെ ഒരു കംപ്യൂട്ടറായാണ് താന്‍ കാണുന്നത്. ഘടകഭാഗങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം നിലയ്ക്കും. പ്രവര്‍ത്തനം നിലച്ച കംപ്യൂട്ടറുകള്‍ക്ക് സ്വര്‍ഗവും മരണാനന്തര ജീവിതവും ഇല്ല. ഇരുളിനെ പേടിക്കുന്നവര്‍ക്കുള്ള ഒരു കെട്ടുകഥ മാത്രമാണതെന്നുമാണ് ഹോക്കിങ് പറഞ്ഞത്. 2018ലാണ് അദ്ദേഹം മരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com