ADVERTISEMENT

460 കോടി വര്‍ഷങ്ങള്‍ക്ക് മുൻപാണ് മഞ്ഞു മനുഷ്യന്റെ രൂപത്തിലുള്ള അറോകോത്ത് ജനിച്ചതെന്നാണ് കരുതപ്പെടുന്നത്. സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളേക്കാളും പ്രായം കൂടുതലാണ് ഈ അറോകോത്തിന്. ഭൂമിയില്‍ ജീവനെത്തിച്ചത് ഈ അറോകോത്താണോ എന്നതാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ ചോദ്യം. 

 

ഭൂമിയില്‍ നിന്നും 41 ലക്ഷം മൈല്‍ ദൂരത്തുള്ള അറോകോത്തിനെ കണ്ടെത്തിയതും വിവരങ്ങള്‍ കൈമാറിയതും നാസയുടെ പര്യവേഷണ വാഹനമായ ന്യൂ ഹൊറിസോണ്‍സ് ക്രാഫ്റ്റാണ്. ഇത് മനുഷ്യന്‍ പര്യവേഷണം നടത്തിയ ഏറ്റവും ദൂരെയുള്ള വസ്തുവായിട്ടാണ് കരുതപ്പെടുന്നത്. പ്ലൂട്ടോയും കടന്നുപോയാണ് ന്യൂ ഹൊറിസോണ്‍സ് അറോകോത്തിന്റെ സമീപത്തെത്തിയത്.

 

കുയ്പര്‍ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന അറോകോത്തിന്റെ ആദ്യ ചിത്രങ്ങള്‍ തന്നെ ജ്യോതി ശാസ്ത്രജ്ഞരില്‍ വലിയ ചര്‍ച്ചക്കിടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് നടന്ന മൂന്ന് പഠനങ്ങളില്‍ അറോകോത്ത് നേരത്തെ രണ്ട് വസ്തുക്കളായിരുന്നുവെന്നും പിന്നീട് കാലാന്തരത്തില്‍ അത്കൂടിച്ചേര്‍ന്നാണ് പ്രത്യേക രൂപം പ്രാപിച്ചതെന്നും കണ്ടെത്തിയിരുന്നു. 

 

ഏകദേശം 35 കിലോമീറ്റര്‍ നീളവും 19 കിലോമീറ്റര്‍ വീതിയുമുള്ള അറോകോത്തിനെ കാലപഴക്കം കണക്കിലെടുത്ത് ആദിഗ്രഹരൂപമായിട്ടാണ് കണക്കാക്കുന്നത്. ചുവപ്പു രാശി കലര്‍ന്ന നിറമുള്ള ഇതില്‍ വളരെ കുറച്ച് കുഴികള്‍ മാത്രമേയുള്ളൂ. ഉറച്ചുപോയ മെത്തനോള്‍(ഒരുതരം ആല്‍ക്കഹോള്‍) കൊണ്ടു നിറഞ്ഞ ഉപരിതലവും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പല വസ്തുക്കളും ചേര്‍ന്നുള്ളതാണ് അറോകോത്തിന്റെ പുറം ഭാഗം. 

 

സൗരയൂഥത്തിന്റെ മൂന്നാം പാളിയിലാണ് അറോകോത്ത് ഉള്ളത്. ജീവന്റെ സാധ്യതകളുള്ള സൂര്യനോട് ചേര്‍ന്നുള്ള ഗ്രഹങ്ങള്‍ അടങ്ങിയ ഒന്നാം പാളിയും വന്‍ ഗ്രഹങ്ങള്‍ നിറഞ്ഞ രണ്ടാം പാളിയും കടന്നുപോയാലോ അറോകോത്തിനെ പോലുള്ള തണുത്തുറഞ്ഞ ചെറുഗ്രഹങ്ങള്‍ നിരഞ്ഞ കുയിപെര്‍ ബെല്‍റ്റിലെത്താനാകൂ. 

 

നേരത്തെ അറോകോത്തിന്റെ പേര് ഉള്‍ടിമ തുലേ എന്നായിരുന്നു. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയായിരുന്നു ഈ പേര് തെരഞ്ഞെടുത്തത്. ആര്യന്മാരുടെ ജന്മഗ്രഹമായി നാസി പാര്‍ട്ടികള്‍ ഈ പേര് ഉപയോഗിക്കാറുണ്ട്. ഇത് വിവാദമായതിനെ തുടര്‍ന്ന് നാസ അറോകോത്ത് എന്ന് ഉള്‍ടിമ തുലേയുടെ പേര് കഴിഞ്ഞ നവംബറില്‍ മാറ്റുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com