ADVERTISEMENT

രാജ്യത്തെ എല്ലാ തന്ത്രപ്രധാന പ്രദേശങ്ങളുടെയും സാറ്റലൈറ്റ് മാപ്പിങ്ങിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ നിരീക്ഷണം സാറ്റലൈറ്റ് മാപ്പിങ്ങിന്റെ സഹായത്തോടെ നടപ്പിലാക്കാനാണ് ശ്രമം. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തടയാൻ രാജ്യത്തുടനീളം ഉയർന്ന നിരീക്ഷണ സംവിധാനങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മാർച്ചിൽ ജിസാറ്റ് 1 എന്ന പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഇസ്രോ. 

 

ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ജിയോ ഇമേജിങ് ഉപഗ്രഹം വിക്ഷേപിക്കും. എർത്ത് ഒബ്സർവിംഗ് (ഇഒ) ഉപഗ്രഹം 36,000 കിലോമീറ്ററോളം ഉയരത്തിലുള്ള ഭൗമതല ഭ്രമണപഥത്തിലാണ് സ്ഥാപിക്കുക. ഇസ്രോ വിക്ഷേപിക്കാൻ പോകുന്ന രണ്ട് ഇഒ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ് ഇത്. ഉപഗ്രഹം ഒരു പ്രത്യേക സ്ഥലത്ത് ഉറപ്പിക്കും. അങ്ങനെ അത് എല്ലായ്പ്പോഴും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കും. പാക്കിസ്ഥാൻ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി പങ്കിടുന്ന രാജ്യാന്തര അതിർത്തി കാവലിന് ഈ ഉപഗ്രഹം ഉപയോഗിക്കും.

 

ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ ഉയർന്ന റെസല്യൂഷനുള്ള ക്യാമറകളുടെ സഹായത്തോടെ നമ്മുടെ അതിർത്തിയിൽ ശ്രദ്ധ പുലർത്താനും രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ മേഖലയിലെ എന്തെങ്കിലും മാറ്റങ്ങൾ നിരീക്ഷിക്കാനും കഴിയുമെന്ന് ഇസ്രോയിലെ മുതിർന്ന ശാസ്ത്രജ്ഞൻ അലോക് കുമാർ ശ്രീവാസ്തവ പറഞ്ഞു. ഇതുവരെ എല്ലാ ഇഒ ഉപഗ്രഹങ്ങളും 600 കിലോമീറ്റർ പരിധിയിലുള്ള ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.

 

ചന്ദ്രയാൻ ദൗത്യം വീണ്ടും തുടങ്ങുന്ന വിഷയത്തിൽ ബഹിരാകാശ ഏജൻസി ഒരു വർഷത്തിനുള്ളിൽ ദൗത്യം പുനരാരംഭിക്കുമെന്നും സർക്കാർ ഇതിനകം ചന്ദ്രയാൻ ദൗത്യം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ഇസ്രോ ഈ ദൗത്യത്തിൽ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

 

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചും ശ്രീവാസ്തവ പറഞ്ഞു. അടുത്ത 10 വർഷത്തിനുള്ളിൽ അമേരിക്കയെയും ചൈനയെയും പോലെ രാജ്യത്തിനും സ്വന്തമായി ബഹിരാകാശ നിലയം ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആളില്ലാ പേടകങ്ങൾ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇസ്രോയെന്നും അതിനുശേഷം ബഹിരാകാശത്തേക്ക് മനുഷ്യസേനയെ അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com