ADVERTISEMENT

എട്ടാം വയസ്സില്‍ നടത്തിയ ചില പരീക്ഷണങ്ങളിലൂടെ എഴുപതാം വയസില്‍ ഓര്‍മ്മക്കുറവുണ്ടാവുമോ എന്ന് അറിയാനാവുമെന്നാണ് പുതിയ കണ്ടെത്തല്‍. പസിലുകള്‍ പോലുള്ള ബുദ്ധിപരമായ കളികളില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് പ്രായമാകുമ്പോള്‍ ഓര്‍മ്മക്കുറവുണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് പഠനം പറയുന്നത്. ചെറുപ്പം മുതലേ ബുദ്ധിപരമായ കളികളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് പിന്നീട് പ്രായമാകുമ്പോഴും അവര്‍ സമാനമായ രീതിയില്‍ ബുദ്ധി ഉപയോഗിക്കാനാണ് സാധ്യത കൂടുതല്‍.

 

ഓര്‍മ്മക്കുറവിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് ഭാവിയില്‍ നേരിടാന്‍ സാധ്യതയുള്ള അസുഖത്തിന്റെ സൂചനയാണ് ഇതുവഴി ലഭിക്കുന്നത്. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയിയുടെ ന്യൂറോളജി എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരങ്ങളുള്ളത്. ചെറുപ്രായത്തില്‍ തന്നെ ഭാവിയില്‍ ഓര്‍മ്മക്കുറവുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ആ വെല്ലുവിളി മറികടക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ടെന്നും പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടിനിലെ പ്രൊഫ. സ്‌കോട് പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസരീതി, വ്യായാമം ഭക്ഷണക്രമം ഉറക്കം തുടങ്ങിയ ജീവിതശൈലികളിലെ മാറ്റങ്ങള്‍ എന്നിവയിലൂടെയാണ് ഇത് സാധ്യമാവുക.

 

ബ്രിട്ടിഷുകാരായ 502 പേരിലാണ് പ്രൊഫ. സ്‌കോട്ടും സംഘവും ഇത് സംബന്ധിച്ച പഠനം നടത്തിയത്. 1946ല്‍ ഇവര്‍ക്ക് ഏകദേശം എട്ട് വയസ്സുള്ളപ്പോള്‍ നടത്തിയ ബൗദ്ധിക പരീക്ഷണമാണ് പഠനത്തിന് പിടിവള്ളിയായത്. ഇവരെ ഇപ്പോള്‍ വീണ്ടും സമാനമായ പരീക്ഷണങ്ങള്‍ക്ക് വിധേയരാക്കി. തുടര്‍ന്ന് ഫലങ്ങള്‍ താരതമ്യം ചെയ്തപ്പോഴാണ് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. അറുപതിലേറെ വര്‍ഷങ്ങളുടെ ഇടവേളയില്‍ നടത്തിയ പരീക്ഷണ ഫലങ്ങള്‍ ഏകദേശം സമാനമായിരുന്നുവെന്നതാണ് ഞെട്ടിപ്പിച്ചത്.

 

ഉദാഹരണത്തിന് എട്ട് വയസില്‍ 25 ശതമാനം മാര്‍ക്ക് നേടിയ കുട്ടി എഴുപതാം വയസ്സിലും ഏകദേശം സമാനമായ ശതമാനം ഉത്തരങ്ങളാണ് ശരിയാക്കിയത്. വിദ്യാഭ്യാസവും നേടിയ മാര്‍ക്കിനെ ബാധിച്ചിട്ടുണ്ട്. 16 വയസ്സിന് മുൻപ് പഠനം നിര്‍ത്തിയവരേക്കാള്‍ 16 ശതമാനം കൂടുതല്‍ മാര്‍ക്ക് കോളജ് പഠനം നേടിയവര്‍ക്ക് ലഭിച്ചു. 

 

ഓര്‍മ്മയേയും ചിന്താശേഷിയേയും ബാധിക്കുന്ന വിവിധ പരീക്ഷണങ്ങളില്‍ പുരുഷന്മാരേക്കാള്‍ മികച്ച മാര്‍ക്ക് നേടിയത് സ്ത്രീകളാണ്. മാത്രമല്ല പ്രൊഫഷണല്‍ ജോലികള്‍ ചെയ്തവര്‍ സാധാരണ ജോലികള്‍ ചെയ്തവരേക്കാള്‍ മികച്ച രീതിയില്‍ മാര്‍ക്ക് നേടുന്നതായും കണ്ടു. 

 

ഓര്‍മ്മയേയും ചിന്താശേഷിയേയും നേരിട്ട് ബാധിക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സാവധാനം താറുമാറാക്കുന്ന അസുഖമാണ് അല്‍ഷിമേഴ്‌സ്. 60 മുതല്‍ 70 ശതമാനം വരെ ഡിമെന്‍ഷ്യ രോഗത്തിനും കാരണമാകുന്നത് അല്‍ഷിമേഴ്‌സാണ്. 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. 50 ലക്ഷത്തോളം അല്‍ഷിമേഴ്‌സ് ബാധിതര്‍ അമേരിക്കയിലുണ്ടെന്ന് കണക്കാക്കുന്നു. കാര്യമായ ചികിത്സയില്ലാത്ത അല്‍ഷിമേഴ്‌സ് ബാധിക്കും മുൻപ് കണ്ടെത്തി വരാനുള്ള സാധ്യതകള്‍ കുറക്കുക മാത്രമാണ് മാര്‍ഗ്ഗം. ഇത്തരത്തിലുള്ള പഠനങ്ങള്‍ ആ സാധ്യതയെ വര്‍ധിപ്പിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com