ADVERTISEMENT

കൊറോണ വൈറസിന് പിന്നില്‍ അമേരിക്കയാണെന്ന തരത്തില്‍ വ്യാജ വിവരങ്ങള്‍ റഷ്യ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്ന് യുഎസ് ആരോപണം. ആയിരക്കണക്കിന് ട്വിറ്റര്‍, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴി സോഷ്യല്‍ മീഡിയയിലൂടെയാണ് വ്യാപക പ്രചാരണമെന്നാണ് വാര്‍ത്താ ഏജന്‍സി എഎഫ്പിയോട് അമേരിക്കന്‍ അധികൃതര്‍ ആരോപിച്ചിരിക്കുന്നത്. കോവിഡി–19 കൊറോണ വൈറസിന് പിന്നില്‍ അമേരിക്കയാണെന്നാണ് റഷ്യൻ നേതൃത്വത്തിന്റെ പ്രധാന പ്രചരണം. 

 

ചൈനയുമായുള്ള ധനകാര്യയുദ്ധത്തിന്റെ ഭാഗമായി അമേരിക്ക നടത്തിയ ജൈവായുധപ്രയോഗമാണ് കൊറോണ വൈറസ് എന്ന പേരിലാണ് പ്രചാരണങ്ങളില്‍ പലതുമുള്ളത്. ഇതിന് പിന്നില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണെന്നും കോൺസ്പിറസി തിയറിക്കാര്‍ ആരോപിക്കുന്നു. തങ്ങള്‍ക്കെതിരായ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍മീഡിയയെയാണ് വ്യാപകമായി ഉപയോഗിക്കുന്നതെന്നും യുഎസ് അധികൃതര്‍ പറയുന്നു. 

 

ജനുവരി മധ്യത്തോടെയാണ് ഇത്തരത്തില്‍ അമേരിക്കക്കെതിരെ വ്യാപകമായ വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചതെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗ്ലോബല്‍ എന്‍ഗേജ്‌മെന്റ് സെന്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കുള്ള റഷ്യന്‍ ബന്ധവും കണ്ടെത്തിയിട്ടുണ്ടെന്നാണ് അമേരിക്കന്‍ അധികൃതരുടെ അവകാശവാദം. 

 

ഇംഗ്ലിഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളില്‍ ഒരേസമയം സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. റോബോട്ടുകളല്ലെന്നും മനുഷ്യരാണ് ഇതിന് പിന്നിലെന്നും അമേരിക്ക വിശദീകരിക്കുന്നു. ആഫ്രിക്കയിലും ഏഷ്യയിലും വലിയഭീതി ഉയര്‍ത്തിക്കൊണ്ട് പടരുന്ന കൊറോണ വൈറസിനെതിരെ പോരാടാനുള്ള നിര്‍ണ്ണായക സമയത്താണ് ഇത്തരം വ്യാജ പ്രചാരണങ്ങളെന്നും അമേരിക്കന്‍ അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

 

ഫെബ്രുവരി 24 വരെയുള്ള കണക്കനുസരിച്ച് 79460 പേര്‍ക്ക് ആഗോളതലത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 2630 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ 2592 പേരും വൈറസ് പൊട്ടിപുറപ്പെട്ട ചൈനയില്‍ നിന്നുള്ളവരാണ്. ആഗോളതലത്തില്‍ കൊറോണ പടരുന്നത് തടയാനുള്ള സാധ്യത കുറഞ്ഞു വരികയാണെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com