ADVERTISEMENT

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ കൂടി അപകടത്തിലാക്കിയാണ് ജോലിയെടുക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനായി ചൈനയിലാണ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. കോവിഡ് 19 ബാധിച്ച രോഗികളുമായി അടുത്ത് ഇടപഴകുന്ന ജോലികള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള റോബോട്ടാണിത്. അമേരിക്കയിൽ ട്രംപ് പറഞ്ഞത് കോവിഡ്–19 രോഗികളെ പരിചരിക്കാൻ ആരോഗ്യമുള്ളവരെ നിയോഗിക്കാനാണ്. ഈ അവസരത്തിലാണ് ചൈനയിലെ ആശുപത്രികളിലെ കാര്യങ്ങൾ ഒന്നടങ്കം റോബോട്ടുകളെ ഏൽപ്പിച്ചിരിക്കുന്നത്. 

 

യന്ത്രകയ്യുള്ള ഈ റോബോട്ട് ചക്രങ്ങളിലാണ് സഞ്ചരിക്കുന്നത്. അള്‍ട്രാ സൗണ്ട് പരിശോധനകള്‍ക്കും രോഗികളുടെ വായില്‍ നിന്നും സ്രവങ്ങളെടുക്കാനും ശേഷിയുള്ളവയാണ് ഈ റോബോട്ടുകള്‍. രോഗികളുടെ വിവിധ അവയവങ്ങളില്‍ നിന്നുള്ള ശബ്ദങ്ങള്‍ പിടിച്ചെടുക്കാനും ഈ റോബോട്ടുകള്‍ക്ക് ശേഷിയുണ്ട്. ഈ റോബോട്ടുള്ള മുറിയിലല്ല ആശുപത്രിയില്‍ പോലും യന്ത്രത്തെ നിയന്ത്രിക്കുന്നയാള്‍ ഇരിക്കണമെന്നില്ല. 

 

സധൈര്യമാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. പക്ഷേ കൊറോണ വൈറസിന്റെ വ്യാപന ശേഷി മാരകമാണ്. ഏറ്റവും അപകടം പിടിച്ച ജോലികളില്‍ നമുക്ക് ഈ റോബോട്ടിനെ ഉപയോഗിക്കാനാകും- റോബോട്ടിനെ നിര്‍മ്മിച്ച സിന്‍ഹുവ സര്‍വകലാശാലയിലെ പ്രൊഫ. ഷെങ് ഗാങ്ടി പറയുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ ലോക്ക്ഡൗണിലായ സമയത്താണ് ഗാങ്ടിക്ക് ഈ റോബോട്ടിന്റെ ആശയമുണ്ടാകുന്നത്. 

 

ബഹിരാകാശ നിലയങ്ങളിലും ചൊവ്വാ പര്യവേഷണത്തിനുമെല്ലാം ഉപയോഗിക്കുന്ന റോബോട്ടുകളിലെ അതേ സാങ്കേതികവിദ്യയുടെ സഹായത്തിലാണ് ഷെങും സംഘവും രണ്ട് റോബോട്ടുകളെ ഒരുക്കിയത്. രോഗികളെ പരിശോധിച്ച ശേഷം സ്വയം അണുവിമുക്തമാക്കാന്‍ വരെ ഈ റോബോട്ടിനാകും. അതേസമയം, റോബോട്ടുകളെ രോഗികള്‍ക്കടുത്തേക്ക് അയക്കുന്നത് അവരെ കൂടുതല്‍ ഭയപ്പെടുത്തുമെന്നാണ് ഒരുവിഭാഗം ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക. 

 

ഒരു റോബോട്ട് ലബോറട്ടറിയിലും മറ്റൊന്ന് വുഹാന്‍ യൂണിയന്‍ ആശുപത്രിയിലുമാണുള്ളത്. ആശുപത്രിയിലുള്ള റോബോട്ടിനെ എങ്ങനെ ഉപയോഗിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ആഴ്ച്ചയില്‍ പരിശീലനം നടത്തിയിരുന്നു. വൈകാതെ നേഴ്‌സുമാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പം ഈ യന്ത്രമനുഷ്യനും കൂടുമെന്ന് പ്രതീക്ഷിക്കാം. ഒരു റോബോട്ട് നിര്‍മ്മിക്കാന്‍ 72000 ഡോളര്‍ (ഏകദേശം 54 ലക്ഷം രൂപ) ചെലവ് വരും. ലോകത്തെ ഏതെങ്കിലും രാജ്യങ്ങള്‍ക്കോ കമ്പനികള്‍ക്കോ ആവശ്യമെങ്കില്‍ ഈ സാങ്കേതിക വിദ്യ കൈമാറാനും ഇവര്‍ സന്നദ്ധമാണ്. 

 

വുഹാനില്‍ കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ചൈനയിലെ മറ്റു ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരേയാണ് വുഹാനില്‍ എത്തിച്ചത്. ഇതില്‍ മൂവായിരത്തോളം പേര്‍ക്ക് കൊറോണ വന്നതായി കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ ലി വെന്‍ലിയാങും വൈറസ് ബാധിച്ച് മരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com