ADVERTISEMENT

പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേരത്തെ അമേരിക്കയും മറ്റു ലോകരാജ്യങ്ങളും കൊറോണാവൈറസ് ഭീഷണിയില്‍ നിന്ന് രക്ഷപെടുമെന്ന പ്രവചനമാണ് രസതന്ത്രത്തില്‍ നോബല്‍ സമ്മാന ജേതാവും സ്റ്റാന്‍ഫെഡിലെ ബയോഫിസിസിസ്റ്റുമായ മൈക്കല്‍ ലെവിറ്റ് നടത്തിയിരിക്കുന്നത്. ജനുവരി ആദ്യവാരം മുതല്‍ ആഗോളതലത്തില്‍ കോവിഡ്-19 പടരുന്നതിന്റെ കണക്കുകള്‍ കൃത്യമായി പിന്തുടരുന്നയാളാണ് അദ്ദേഹം എന്നതു കൂടാതെ, പല ആരോഗ്യ വിദഗ്ധരും പ്രവചിച്ചതിനേക്കാള്‍ നേരത്തെ ചൈന അതിന്റെ കൊറോണാവൈറസ് പ്രതിസന്ധി തരണം ചെയ്യുമെന്ന് മുന്‍കൂട്ടി പറഞ്ഞ വ്യക്തിയുമാണ് എന്നതിനാലാണ് അദ്ദേഹത്തിനു പറയാനുള്ള കാര്യങ്ങള്‍ക്ക് ലോകം ചെവിയോര്‍ക്കുന്നത്.

പല രോഗപര്യവേക്ഷകരും (epidemiologists) പ്രവചിക്കുന്നത് മാസങ്ങളോ, ചിലപ്പോള്‍ വര്‍ഷങ്ങളോ എടുത്തു മാത്രമായിരിക്കും കൊറോണാവൈറസിന്റെ കലിയടങ്ങുക എന്നും, നിരവധി അപ്രതീക്ഷിത സാമൂഹിക സാഹചര്യങ്ങള്‍ ഉരുത്തിരിയുമെന്നും, ദശലക്ഷക്കണക്കിനാളുകള്‍ മരിക്കും എന്നുമൊക്കെയാണ്. എന്നാല്‍, ലെവിറ്റ് പറയുന്നത് ഇതൊന്നും സാധൂകരിക്കുന്ന ഒരു ഡേറ്റയും ഇപ്പോള്‍ ലഭ്യമല്ല എന്നാണ്. സാമൂഹ്യമായ അകലം പാലിക്കാന്‍ തീരുമാനിച്ചിട്ടുള്ള രാജ്യങ്ങള്‍ അതു പാലിച്ചാല്‍ പേടിക്കുന്ന തരത്തിലുള്ള ആഘാതമൊന്നുമില്ലാതെ വ്യാധി അടങ്ങുമെന്നാണ്.

ആദ്യം ചെയ്യേണ്ടത് പരിഭ്രാന്തി കുറയ്ക്കുക എന്നതാണ്. നമ്മളൊക്കെ രക്ഷപെടുമെന്നും അദ്ദേഹം പറയുന്നു. ലെവിറ്റ് ചൈനയെക്കുറിച്ചു നടത്തിയ പ്രവചനം പരിശോധിക്കാം. ജനുവരി 31ന് ചൈനയില്‍ വൈറസ് ബാധമൂലം 46 പേര്‍ മരിച്ചു. തലേദിവസം മരിച്ചത് 42 പേരായിരുന്നു. എന്നാല്‍, മുന്‍ ദിവസങ്ങളെഅപേഷിച്ച് രോഗം പടരുന്ന ആളുകളുടെ എണ്ണം കുറഞ്ഞിരുന്നു. രോഗം പടരുന്നതിന്റെ തോത് കുറഞ്ഞു എന്നത് രോഗത്തിന്റെ പിടി അയയുന്നു എന്നതിന്റെ സൂചനയാണ്.

ഫെബ്രുവരി 1ന് അദ്ദേഹം എഴുതിയ ലേഖനത്തില്‍ പറയുന്നത്, രോഗത്തിന് കൂടുതല്‍ ആക്‌സിലറേറ്റു ചെയ്യാന്‍ കഴിയുന്നില്ല എന്നത് ശുഭസൂചകമാണ് എന്നാണ്. ഒരാഴ്ച കഴിഞ്ഞ് അദ്ദേഹം 'ചൈനാ ഡെയ്‌ലി ന്യൂസിനു' നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞത് രോഗത്തിന്റെ വളര്‍ച്ച പാരമ്യത്തില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. അന്നേ അദ്ദേഹം പ്രവചിച്ചത് ചൈനയില്‍ ഏകദേശം 80,000 രോഗബാധിതരും 3,250 മരണവും ഉണ്ടാകുമെന്നാണ്. ഇനി മാര്‍ച്ച് 16ന് ചൈന പുറത്തുവിട്ട കണക്കുകള്‍ നോക്കാം: മൊത്തം രോഗബാധിതരുടെ എണ്ണം 80,298. മരണസംഖ്യ 3,245. 140 കോടി ജനങ്ങളുള്ള ചൈനയില്‍ ഏകദേശം 10 ലക്ഷം പേര്‍ ഓരോ വര്‍ഷവും മരിക്കുന്നു.

ഇപ്പോള്‍ 78 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ്, 2013ലെ നോബല്‍ സമ്മാനജേതാവായ ലെവിറ്റ് പുതിയ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരോ രാജ്യത്തും മൊത്തം എത്ര കൊറോണാവൈറസ് ബാധിതരുണ്ടെന്നല്ല അദ്ദേഹം പരിഗണിക്കുന്നത്. ഓരോ ദിവസവും എത്ര പുതിയ കേസുകള്‍ ഉണ്ടെന്നാണ്. ഇന്നലത്തേതില്‍ നിന്ന് എത്ര കേസുകള്‍ പുതിയതായി ഉണ്ടായി എന്നതിനാണ് പ്രാധാന്യം. സംഖ്യകള്‍ നോക്കിയാല്‍ പ്രശ്‌നമുണ്ടെന്നു തോന്നാം. എന്നാല്‍, അതിനിടയിലും രോഗത്തിന്റെ വളര്‍ച്ച മന്ദീഭവിച്ചതായി കാണാമെന്നും അദ്ദേഹം പറയുന്നു. ഉദാഹരണത്തിന് ദക്ഷിണ കൊറിയയില്‍ പുതിയകേസുകള്‍ ഒരോ ദിവസവും ഉണ്ടാകുന്നുണ്ട്. എന്നാല്‍, ദിവസവും ഉണ്ടാകുന്ന പുതിയ കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. അത് സ്ഥിരമായി 200ല്‍ താഴെയാണ്. അതിനര്‍ഥം രോഗത്തിന് ശമനം വരികയാണ് എന്നാണെന്നും അദ്ദേഹം പറയുന്നു.

ഇറാനിലെ കാര്യം നോക്കിയാല്‍ ദിവസവും ഉണ്ടാകുന്ന പുതിയ കേസുകളുടെ എണ്ണത്തില്‍ വര്‍ധനയില്ല. കഴിഞ്ഞ തിങ്കളാഴ്ച 1,053 എണ്ണമായിരുന്നെങ്കില്‍, ഏകദേശം ഒരാഴ്ചയ്ക്കു ശേഷം അത് 1,028 ആയി കുറഞ്ഞു. അത് വലിയൊരു സംഖ്യയാണെങ്കിലും ഇറാനിലും പ്രതീക്ഷിക്കുന്നയത്ര ഭീകരത സൃഷ്ടിക്കാന്‍ രോഗത്തിനാകില്ല. അതിന്റെ വളര്‍ച്ചയുടെ പകുതി കഴിഞ്ഞു. ഇതിനൊരു അപവാദമാണ് ഇറ്റലി. ഇവിടെ കാര്യമായ വളര്‍ച്ചയാണ് രോഗത്തിനുള്ളത്. 

levitt

അധികാരികള്‍ സൂക്ഷിക്കണം

രോഗത്തില്‍ നിന്നു രക്ഷപെട്ടു എന്നു തോന്നുന്ന സാഹചര്യത്തില്‍ പോലും അധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറയുന്നു. രോഗത്തിന് തിരിച്ചു വരാന്‍ സാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. ചൈന ഇപ്പോള്‍ ഈ പ്രശ്‌നം നേരിടുകയാണ്.

തന്റെ കണക്കുകൂട്ടലുകളെക്കുറിച്ചും ലെവിറ്റിന് ചില കുറ്റസമ്മതങ്ങള്‍ നടത്താനുണ്ട്. അധികാരികള്‍ പുറത്തുവിടുന്ന ഡേറ്റയെ ആശ്രയിച്ചാണ് താന്‍ പറയുന്നത്. ചിലയിടങ്ങളില്‍ വേണ്ടത്ര ടെസ്റ്റിങ് നടക്കുന്നില്ല. അതിനാല്‍ അവിടെ നിന്നു വരുന്ന കണക്കുകള്‍ ശരിയാകണമെന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ പ്രവചനത്തിന് അനുസരിച്ചാണ് മരണസംഖ്യ എന്നും കാണാം. ഡയമണ്ട് പ്രിന്‍സസ് ക്രൂസ് കപ്പലില്‍ കുരുങ്ങിപ്പോയവര്‍ക്കിടയില്‍ നടന്ന 'ഉദ്ദേശിക്കാതെ നടന്ന പരീക്ഷണം' ചില സൂചനകള്‍ നല്‍കുന്നുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന 3,711 പേരില്‍ 712 പേരാണ് രോഗബാധിതരായത്. അവരില്‍ 8 പേര്‍ മരിച്ചു. ഈ സംഖ്യകളില്‍ നിന്ന് ഗവേഷകര്‍ക്ക് ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ പ്രവചിക്കാനാകുമെന്നാണ് ലെവിറ്റ് പറയുന്നത്.

ശ്രദ്ധിക്കാത്തപ്പോഴാണ് വൈറസ് പിടിവിട്ട രീതിയില്‍ പടരുന്നത്. താന്‍ രോഗബാധിതനാണ് എന്നു പ്രഖ്യാപിക്കുന്നവരെ ഹീറോകളായി കാണണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, അതിരുവിട്ട നിയന്ത്രണങ്ങള്‍ മറ്റു തരത്തിലുള്ള ആഘാതങ്ങള്‍ സമൂഹത്തിന് ഏല്‍പ്പിക്കുമോ എന്ന കാര്യത്തിലും അദ്ദേഹത്തിന് ഭീതിയുണ്ട്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിലെ ശരി കാത്തിരുന്നു കാണാമെന്നാണ് വേറെ ചില വിദഗ്ധര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com