ADVERTISEMENT

ഇന്ത്യയില്‍ കൊറോണാവൈറസിന്റെ ഭാവിയെന്തായിരിക്കും, ഇത് എത്ര പേര്‍ക്കു ബാധിച്ചേക്കാം? എത്ര പേര്‍ മരിക്കാം? ഇത്തരം ചോദ്യങ്ങള്‍ക്ക് ആര്‍ക്കും കൃത്യമായൊരു ഉത്തരം നല്‍കാനാവില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ജിജ്ഞാസ അടക്കാനാകാത്തവര്‍ക്കായി ഒരു ഓണ്‍ലൈന്‍ ടൂള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും അനൗദ്യോഗികമായ ടൂളാണെങ്കിലും പിന്നില്‍ സെയിര്‍ മോഡലാണ് (SEIR model). ഇതുപയോഗിച്ചാണ് ശാസ്ത്രജ്ഞരും ആരോഗ്യപ്രവര്‍ത്തകരും പകര്‍ച്ചവ്യാധികള്‍ എത്രമേല്‍ വിനാശകാരികളാകാം എന്നു പ്രവചിക്കുന്നത്. ഗാബ്രിയെല്‍ ഗോ എന്ന മെഷീന്‍ ലേണിങ് ഗവേഷകനാണ് ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്.

 

സർക്കാർ നല്‍കുന്ന കണക്കുകളെക്കാള്‍ കൂടുതലായി എന്തെങ്കിലും കൂടെ അറിയണമെന്നുളളവര്‍ക്ക് വേണമെങ്കില്‍ പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് പുതിയ ടൂള്‍. രാജ്യം സ്വീകരിക്കുന്ന പ്രതിരോധനടപടികള്‍ കണക്കിലെടുത്താല്‍ ഇന്ത്യയിലെ കോവിഡ്-19 മൂലമുള്ള മരണ സംഖ്യ 1,000 മുതല്‍ 50 ലക്ഷം വരെ ആകാമെന്നാണ് ടൂളില്‍ നിന്ന് മനസ്സിലാകുന്നത്. സംഖ്യകള്‍ തമ്മില്‍ ഇത്ര വലിയ അന്തരം എന്തുകൊണ്ടാണ് ഉണ്ടായിരിക്കുന്നത്? അതെല്ലാം ആര്‍നോട്ട് (R0--R naught) തോതിനെ ആശ്രയിച്ചിരിക്കും. (ഒരു പകര്‍ച്ചവ്യാധി എന്തുമാത്രം പകരും എന്നതിന് ഗണിത ഭാഷയില്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് ആര്‍നോട്ട്. ഇതിനെ റിപ്രോഡക്ഷന്‍ നമ്പര്‍ എന്നും വിളിക്കാറുണ്ട്. ഒരു വ്യാധി കൂടുതല്‍ പേരിലേക്ക് വ്യാപിക്കുമ്പോള്‍ ആര്‍ നോട്ടിനും വ്യത്യാസം വരും.) എപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്, നടപ്പിലാക്കിയത് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രവചനം.

 

ഇതെഴുതുന്ന സമയത്ത് ആഗോള തലത്തില്‍ കൊറോണാവൈറസ് വ്യാപിക്കുകയാണ്. രോഗം എത്രപേര്‍ക്കു പകര്‍ന്നു കിട്ടുന്നു, അതില്‍ എത്ര പേര്‍ രക്ഷപെടുന്നു, എത്ര പേര്‍ മരിക്കുന്നു, തുടങ്ങിയ കാര്യങ്ങളൊക്കെ കണക്കിലെടുത്താണ് പ്രവചനം. പ്രശസ്തമായ സെയിര്‍ മോഡലിനെ ആസ്പദപ്പെടുത്തിയാണ് ഇതെന്നു പറഞ്ഞല്ലൊ. രോഗം വരാന്‍ സാധ്യതയുള്ളവര്‍, രോഗികളുമായി ബന്ധപ്പെട്ടവര്‍, രോഗബാധിതര്‍, ലിസ്റ്റില്‍ നിന്നു നീക്കം ചെയ്യപ്പെട്ടവര്‍ (SEIR (Susceptible > Exposed > Infected > Removed) എന്നിവരുടെ സംഖ്യകള്‍ പരിഗണിച്ചാണ് ഗ്രാഫ് പ്രവര്‍ത്തിക്കുന്നത്.

 

ടൂളിന് നമ്മള്‍ ഡേറ്റാ ഒന്നും എന്റര്‍ ചെയ്തു നല്‍കേണ്ട. പുതിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അത് അപ്‌ഡേറ്റു ചെയ്തുകൊണ്ടിരിക്കും. ചൈനയടക്കമുള്ള രാജ്യങ്ങളിള്‍ കോവിഡ്-19ന്റെ പ്രകടനം അതിന് അറിയാം. എത്ര പേരെ ബാധിക്കുന്നു, ഏത്ര പേര്‍ മരിക്കുന്നു, ഏത്ര കാലമെടുത്താണ് ഒരാള്‍ക്ക് രോഗം ഭേദമാകുന്നത് തുടങ്ങിയവയെല്ലാം ടൂള്‍ പരിഗണിക്കുന്നു. ടൂളില്‍ ഇന്ത്യയുടെ ജനസംഖ്യ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.

 

ഈ ടൂളില്‍ ആര്‍നോട്ട് ഡീഫോള്‍ട്ടായി 2.2 ആണ്. എന്നു പറഞ്ഞാല്‍ ഒരു കൊറോണാവൈറസ് രോഗി കുറഞ്ഞത് രണ്ടുപേര്‍ക്കു കൂടി രോഗം പകര്‍ന്നു നല്‍കും എന്നാണ് മനസ്സിലാക്കേണ്ടത്. ഇപ്പോഴത്തെ നിലയില്‍ ഇന്ത്യയില്‍ ഒരു വര്‍ഷത്തിനിടയില്‍ 10 ലക്ഷം പേര്‍ രോഗബാധിതരാകാം. അവരില്‍ 20,000 അധികം പേര്‍ മരിക്കാം.

 

ഈ ടൂള്‍ കരുതുന്നത് രാജ്യത്ത് രോഗം ബാധിച്ച് നൂറാം ദിവസമാണ് രാജ്യത്ത് ലോക്ഔട്ട് പ്രഖ്യാപിക്കുന്നത് എന്നാണ്. ലോക്ഡൗണ്‍ ആര്‍നോട്ട് 1 ല്‍ താഴെ കൊണ്ടുവരുന്നുണ്ടെങ്കില്‍ അത് പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. കൂടാതെ, 50 ദിവസത്തിനുള്ളില്‍ ആര്‍നോട്ട് 1ല്‍ താഴെ വരുന്നുണ്ടെങ്കില്‍ അത് വലിയൊരു മാറ്റം തന്നെ കൊണ്ടുവരാം.

 

ടൂളിന് നല്‍കിയിരിക്കുന്ന ഡീഫോള്‍ട്ട് മരണ ശതമാനം 2 ആണ്. ചൈനയില്‍ ഇതില്‍ അല്‍പ്പം കൂടുതലായിരുന്നു. ദക്ഷിണ കൊറിയയിലും ജര്‍മ്മനിയിലും അതില്‍ വളരെ കുറവായിരുന്നു. എന്നാല്‍, ഇറ്റലിയിലും സ്‌പെയ്‌നിലും പേടിപ്പെടുത്തുന്ന രീതിയില്‍ കൂടുതലുമാണ്. ഇന്ത്യയിലെ തോത് അപ്രവചനീയമാണ്.

 

ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണെങ്കില്‍

 

സർക്കാർ സ്വീകരിച്ചുവരുന്ന നടപടികള്‍ക്ക് ഗുണമുണ്ടാകുകയാണെങ്കില്‍, മരണ നിരക്ക് 2 ശതമാനത്തില്‍ കൂടുതല്‍ വരുന്നില്ലെങ്കില്‍, ആരോഗ്യ മേഖലയ്ക്ക് നന്നായി പ്രവര്‍ത്തിക്കാനുകുന്നുണ്ടെങ്കില്‍, ക്വാറന്റീന്‍ ഗുണകരമാകുന്നുണ്ടെങ്കില്‍, കോവിഡ്-19 ഏകദേശം 15,000 ആളുകളെയായിരിക്കും ബാധിക്കുക. ജനുവരി 30നാണ് ആദ്യ കേസ് വന്നതെന്നും, ലോക്ഡൗണ്‍ മാര്‍ച്ച് 24ന് പ്രഖ്യാപിച്ചു എന്നതും ഇവിടെ പരിഗണിക്കുന്നു. ആദ്യ കേസ് കണ്ടതിന് ഏതാനും ദിവസം മുൻപാണ് വൈറസ് ഇന്ത്യയിലെത്തിയത് എന്നു ഊഹിച്ചാല്‍ ഏകദേശം 65 ദിവസം കഴിഞ്ഞാണ് ലോക്ഡൗണ്‍ വന്നിരിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാല്‍ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 15,000 വരെ എത്തുകയും മരണ സംഖ്യ ഏകദേശം 300ല്‍ നില്‍ക്കുകയും ചെയ്യാം. ഇതായിരിക്കും സംഭവിക്കുക എന്ന് ആഗ്രഹിക്കാം.

 

ഇന്ത്യക്കാര്‍ക്ക് ഒട്ടും ഭാഗ്യമില്ലെങ്കില്‍

 

ഇക്കാര്യത്തില്‍ ഔദ്യോഗിക ഡേറ്റ എത്രമാത്രം ശരിയാണ് എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. ക്വാറന്റീന്‍ ഗുണകരമായില്ലെങ്കില്‍, ആരോഗ്യ രംഗത്തിന് താങ്ങാനാവാത്ത ഭാരം വന്നാല്‍, അധികാരികളുടെ ശ്രദ്ധയില്‍ പെടാതെ രോഗം പടരുന്നുണ്ടെങ്കില്‍ പ്രശ്‌നം ഗുരുതരമാകാം. ഇന്ത്യയുടെ ആരോഗ്യ രംഗത്തിനു താങ്ങാനാകാത്ത രീതിയില്‍ രോഗം പടര്‍ന്നാല്‍ മരണത്തിന്റെ തോത് 4 ശതമാനമായി സങ്കല്‍പ്പിക്കുക. (സ്‌പെയ്‌നിലെയും ഇറ്റലിയിലേയും കണക്കുവച്ച് അത് വളരെ കുറവാണ്.) ക്വാറന്റീന് ആര്‍നോട്ട് കുറയ്ക്കുന്നില്ലെന്നും സങ്കല്‍പ്പിക്കുക. അങ്ങനെ വന്നാല്‍ ഒരു വര്‍ഷത്തിനിടയില്‍ 180 ദശലക്ഷം ആളുകള്‍ക്ക് രോഗം വരാം. അവരില്‍ 50 ലക്ഷം പേര്‍ മരിക്കാം.

 

എന്നാല്‍, ഇതെല്ലാം വെറും പ്രവചനങ്ങളാണ് എന്നോര്‍ക്കുക. വൈറസിന്റെ ശക്തി കുറഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. നിരവധി കാര്യങ്ങളെ ആശ്രയിച്ചാണ് ഇനിയുള്ള കാര്യങ്ങളെല്ലാം നിലനില്‍ക്കുന്നത്. ഇതാ ടൂളിലേക്കുള്ള ലിങ്ക്: https://bit.ly/3bwfrsM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com