ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിലാണ്. എന്നാൽ, ചൈന, ഇറ്റലി, സ്പെയിൻ, അമേരിക്ക രാജ്യങ്ങളിലെ ദുരന്തം ഇന്ത്യയിൽ സംഭവിക്കില്ലെന്നാണ് ഒരു സംഘം ഗവേഷകരുടെ പഠന റിപ്പോർട്ടുകൾ പറയുന്നത്. കൊറോണ വൈറസ് മഹാമാരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ പോലെ ഇന്ത്യയിൽ കഠിനമല്ലെന്നാണ് ഗവേഷകരുടെയും വിലയിരുത്തൽ.

പ്രത്യേക ‘ജനിതക മേക്കപ്പ്’ കാരണം ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണ പ്രബന്ധം അവകാശപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും ധനസഹായത്തോടെ തയാറാക്കിയ ഈ ഗവേഷണ പ്രബന്ധത്തിൽ പറയുന്നത് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ആർ‌എൻ‌എ പ്രോട്ടീൻ ഉണ്ടെന്നും അത് കാരണം കൊറോണ വൈറസ് ബാധിതരാകാൻ സാധ്യത കുറവാണെന്നുമാണ്. മറ്റു രാജ്യങ്ങളുടെ ജിയോഗ്രഫിക്കല്‍ ബെൽറ്റിൽ അല്ല ഇന്ത്യയുടെ സ്ഥാനമെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം 1117 ആണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പറയുന്നത്. എന്നാൽ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം 1,273 ആണ്. ഇന്ത്യയിൽ കോവിഡ് -19 മൂലമുള്ള മരണസംഖ്യ 32 ആണ്. ഇന്ത്യയിൽ രോഗം പിടിപ്പെട്ട 1,000 പേരിൽ 25 പേർ മരിച്ചു. ഇത് ഇന്ത്യയുടെ മരണനിരക്ക് 2.5 ശതമാനമാക്കി മാറ്റുന്നുണ്ട്.

ഇങ്ങനെ നോക്കുമ്പോൾ ഇന്ത്യയുടെ കോവിഡ് -19 മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നേരത്തെ (ആഴ്ചകൾക്ക് മുൻപ്) സമാനമായ ഘട്ടത്തിലായിരുന്നു. കൊറോണ വൈറസ് മരണങ്ങളുടെ ആഗോള ശരാശരി 1,000 ൽ 36 എത്തിയപ്പോൾ മരണനിരക്ക് 3.6 ശതമാനമായി. ചൈനയിൽ 3.2 ശതമാനവും ഇറ്റലിയിൽ 2.8 ഉം ഇന്ത്യ 2.5 ഉം യുകെ 1.9 ഉം ആയിരുന്നു. പലർക്കും പിന്തുടരേണ്ട ഒരു മാതൃകയാണ് ദക്ഷിണ കൊറിയ. ആദ്യത്തെ 1,000 നോവൽ കൊറോണ വൈറസ് അണുബാധകൾ രജിസ്റ്റർ ചെയ്തപ്പോൾ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ മരണനിരക്ക് 1.6 ശതമാനം മാത്രമാണ്.

എന്നാൽ, ഇന്ന് ഡേറ്റകൾ മാറിമറിഞ്ഞിരിക്കുന്നു. കോവിഡ് -19 നുള്ള ചൈനയുടെ മരണനിരക്ക് നാല് ശതമാനത്തിലധികമാണ്. എന്നാൽ, ഹോങ്കോങ് ആസ്ഥാനമായുള്ള ഒരു ഗവേഷകന്റെ പുതിയ പഠനം കാണിക്കുന്നത് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട വുഹാനിലെ പ്രാരംഭ മരണനിരക്ക് വെറും 1.5 ശതമാനം മാത്രമായിരിക്കാമെന്നാണ്.

ഇറ്റലിയിലെ കോവിഡ് -19 മരണനിരക്ക് 11 ശതമാനം വരെ ഉയർന്നിട്ടുണ്ട്. യുഎസിൽ കോവിഡ് -19 മരണനിരക്ക് 3.6 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ടെസ്റ്റിങ്ങിലെ വർധനവാണ് ഇതിന് പ്രധാനമായും കാരണം. അമേരിക്കയിൽ ഇപ്പോൾ കോവിഡ് -19 രോഗികളെ ക്വാറന്റീൻ ചെയ്യുന്നത് വിപുലീകരിച്ചിട്ടുണ്ട്. പരിശോധന കടുത്ത ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയതാണ് ആദ്യ ആഴ്ചകളിൽ മരണനിരക്ക് കുത്തനെ ഉയരാൻ കാരണമായത്.

യുകെയിൽ മരണനിരക്ക് 1.9 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി ഉയർന്നു. ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ദക്ഷിണ കൊറിയ മാത്രമാണ് സ്ഥിരമായ മരണനിരക്ക് നിലനിർക്കുന്നത്. കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന്റെ തുടക്കം മുതൽ തന്നെ ടെസ്റ്റിങ് വ്യാപകമാക്കിയിരുന്നു.

ഇന്ന് ആഗോള മരണനിരക്ക് 4.3 ശതമാനമാണ്. എന്നാൽ ഇത് എങ്ങോട്ടും മാറാൻ സാധ്യതയുണ്ട്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്ന് ഒരു കൂട്ടം വിദ്യാർഥികൾ വഴിയാണ് കോവിഡ്–19 ഇന്ത്യയിലെത്തിയത്. മാർച്ച് 12 ന് കർണാടകയിൽ ആദ്യത്തെ മരണം രേഖപ്പെടുത്തി. കോവിഡ് -19 മൂലം 20 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ 1,100 കേസുകളും 30 ലധികം മരണങ്ങളുമാണ് രേഖപ്പെടുത്തിയത്.

തുടർച്ചയായി മൂന്ന് ദിവസം ഇന്ത്യയിൽ നൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10 ലക്ഷം ജനസംഖ്യയിൽ 19 പേർ എന്ന നിരക്കിലാണ് ഇന്ത്യയിൽ കൊറോണ ടെസ്റ്റിങ് നടക്കുന്നത്. യുഎസ് 5.5 ലക്ഷത്തിലധികം ആളുകളെ ടെസ്റ്റിങ്ങിന് വിധേയമാക്കി. ചെറിയ രാജ്യമായ ദക്ഷിണ കൊറിയ 4 ലക്ഷത്തോളം ആളുകളെ ടെസ്റ്റ് ചെയ്തു.

കോവിഡ് -19 ടെസ്റ്റിങ് നിരക്കിൽ 10 ലക്ഷം ജനസംഖ്യയുളള നോർവെയിൽ 14,537 ടെസ്റ്റുകളാണ് നടത്തിയത്. ദക്ഷിണ കൊറിയ 7,353 ഉം യുഎസ് 1,647 ഉം ആണ്. ഇന്ത്യയിൽ 10 ലക്ഷത്തിൽ 19 പേർ എന്നത് വളരെ കുറവാണ്. ഇന്ത്യയിലെ ടെസ്റ്റിങ് സംവിധാനങ്ങൾ വിപുലമാക്കിയില്ലെങ്കിൽ രാജ്യത്തെ കോവിഡ് -19 രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്ന ആശങ്ക പല ആരോഗ്യ വിദഗ്ധരും പ്രകടിപ്പിച്ചിട്ടുണ്ട്.

ടെസ്റ്റിങ് കിറ്റുകളുടെ കടുത്ത ക്ഷാമം ഇന്ത്യ നേരിടുന്നു. ആരോഗ്യ പ്രൊഫഷണലുകൾക്കായി ടെസ്റ്റിങ് കിറ്റുകളുടെയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും സ്റ്റോക്ക് വർധിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. ഇപ്പോൾ ലഭ്യമായ ഡേറ്റ പ്രകാരം രാജ്യത്തെ കൊറോണവൈറസ് തീവ്രത കുറവാണെന്നാണ് നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com