ADVERTISEMENT

കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ മാത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദശലക്ഷക്കണക്കിന് മനുഷ്യരാണ് ദിവസങ്ങളോളം വീടുകളില്‍ ഇരിക്കേണ്ടിവന്നത്. ആയിരക്കണക്കിന് വ്യവസായങ്ങള്‍ താത്കാലികമായി അടക്കപ്പെട്ടു. ഇതെല്ലാം നമ്മുടെ പരിസ്ഥിതിയിലുണ്ടാക്കിയ മാറ്റങ്ങളുടെ തെളിവുകളാണ് നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഇടക്കിടെ പുറത്തുവിട്ടുക്കൊണ്ടിരിക്കുന്നത്.

 

സഞ്ചാരം നിയന്ത്രിക്കപ്പെട്ടതോടെ വുഹാന്റെ ഭാഗമായ ജിയാങ്ഹാന്‍ പ്രദേശത്തിനുണ്ടായ മാറ്റം ആകാശത്തു നിന്നും നിരീക്ഷിച്ചതിന്റെ ഫലങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. 16 ദിവസത്തെ വ്യത്യാസത്തില്‍ എടുത്ത ജിയാങ്ഹാന്‍ നഗരത്തിന്റെ രണ്ട് ആകാശദൃശ്യങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ചിത്രത്തെ അപേക്ഷിച്ച് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ചിത്രത്തില്‍ വെളിച്ചത്തില്‍ തന്നെ വലിയ കുറവ് ദൃശ്യമാണ്.

 

ആദ്യ ചിത്രം ജനുവരിയില്‍ ചൈനീസ് സര്‍ക്കാര്‍ വ്യോമ റോഡ് റെയില്‍ ഗതാഗതങ്ങള്‍ തടയുന്നതിന് മുൻപുള്ളതാണ്. ഫെബ്രുവരിയിലെടുത്ത രണ്ടാം ചിത്രത്തില്‍ തെരുവുകളില്‍ നിന്നുള്ള വെളിച്ചത്തിന് പോലും കുറവ് അറിയാനാകും. ലോക്ഡൗണ്‍ കാലത്ത് മനുഷ്യസഞ്ചാരം തീരെ ഇല്ലായിരുന്നുവെന്നതിന്റെ തെളിവുകളാണ് ഈ ചിത്രം.

 

china-lockdown

ചൈനയിലെ ഈ പ്രദേശത്തെ ഫെബ്രുവരിയിലെ വായുവിന്റെ ഗുണനിലവാരവും നാസ പരിശോധിച്ചിരുന്നു. 2017ലേയും 2019ലേയും ഫെബ്രുവരിയിലെ വായുവിന്റെ ഗുണനിലവാരവുമായി താരതമ്യം ചെയ്തു നോക്കിയപ്പോള്‍ പിഎം 2.5 വിന്റെ പുറന്തള്ളലില്‍ 30 ശതമാനത്തിന്റെ കുറവാണ് ലോക്ഡൗണ്‍ കാലത്ത് രേഖപ്പെടുത്തിയത്. ഇത് വ്യവസായങ്ങള്‍ പൂട്ടിയിട്ടതിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

മനുഷ്യന്റെ തലമുടിയുടെ 25 മടങ്ങ് ചെറിയ ഘടകങ്ങളാണ് പിഎം 2.5. ഇവയുടെ വായുവിലെ അളവ് കൂടിയാല്‍ അത് മനുഷ്യന്റെ ശ്വാസകോശത്തിലെത്തുകയും പലവിധ അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുമ്പോള്‍ പിഎം 2.5 നെയാണ് ലോകാരോഗ്യസംഘടന തന്നെ ഏറ്റവും പ്രധാനഘടകമായി കണക്കാക്കുന്നത്.

വായുമലിനീകരണത്തിന്റെ മറ്റൊരു പ്രധാന ഘടകം നൈട്രജന്‍ ഡൈ ഓക്‌സൈഡാണ്. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചൈനക്ക് മുകളിലെ നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ അളവ് പരിശോധിച്ചിരുന്നു. ജനുവരിയെ അപേക്ഷിച്ച് ബെയ്ജിങ്ങിലേയും ഷാങ്ഹായിലേയും നൈട്രജന്‍ ഡൈ ഓക്‌സൈഡ് ലോക്ഡൗണ്‍ കാലമായ ഫെബ്രുവരിയില്‍ വളരെ കുറവായിരുന്നു.

 

വാഹനങ്ങളിലും ഊര്‍ജ്ജ നിലയങ്ങളിലും വ്യവസായസ്ഥാപനങ്ങളിലും ഇന്ധനങ്ങള്‍ ഉപയോഗിക്കുമ്പോഴാണ് നൈട്രജന്‍ ഡൈ ഓക്‌സൈഡ് പുറത്തുവരാറ്. കല്‍ക്കരി, പ്രകൃതിവാതകം, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ഉയര്‍ന്ന താപത്തില്‍ കത്തുമ്പോഴാണ് ദോഷകരമായ അളവില്‍ നൈട്രജന്‍ ഡൈ ഓക്‌സൈഡ് പുറത്തുവരിക. കൊറോണ വൈറസ് പടര്‍ന്നുപിടിച്ചത് പ്രകൃതിയിലെ മലിനീകരണത്തിന്റെ അളവില്‍ വലിയ കുറവ് വരുത്തിയെന്ന് തെളിയിക്കുന്നതാണ് ചൈനയില്‍ നിന്നുള്ള ഈ സാറ്റലൈറ്റ് ചിത്രങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com