ADVERTISEMENT

കൊറോണാവൈറസ് ശ്വാസകോശത്തെ സാരമായി ബാധിക്കുമ്പോഴാണ് അതു ഗുരുതരമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയതായി എത്തുന്ന രോഗികളില്‍ ആര്‍ക്കെല്ലാമാണ് ഗുരുതരമായ ശ്വാസകോശ പ്രശ്‌നം ഉടലെടുക്കുക എന്ന് കൃത്യതയോടെ പ്രവചിക്കാവുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍, അമേരിക്കിയിലെയും ചൈനയിലേയും ഗവേഷകര്‍ വികസിപ്പിച്ചതായി അറിയിച്ചു.

ഈ അല്‍ഗോറിതത്തെ ആശുപത്രികളില്‍ ഉപയോഗിക്കുകയാണെങ്കില്‍, അവിടെയത്തുന്ന ഏതൊക്കെ രോഗികള്‍ക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് വ്യക്തമായി അറിയാമെന്നാണ് അവകാശവാദം. ആശുപത്രികളിലും മറ്റും ഡോക്ടര്‍മാരും മറ്റ് സജ്ജീകരണങ്ങളും കുറവായ ഇത്തരമൊരു സാഹചര്യത്തില്‍ ഈ ടൂളിന്റെ ഉപയോഗം ഗുണകരമാകുമെന്നാണ് അവര്‍ പറയുന്നത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഫിസിഷ്യനും പ്രൊഫസറുമായി ജോലിചെയ്യുന്ന മെഗന്‍ കോഫിയാണ് ടൂളിനെക്കുറിച്ചുള്ള ലേഖനം എഴുതിയിരിക്കുന്നവരില്‍ ഒരാള്‍.

അദ്ഭുതപ്പെടുത്തുന്ന ചില സൂചനകള്‍ രോഗികളില്‍ നിന്ന് ടൂള്‍ വായിച്ചെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചില രോഗികള്‍ക്ക് അക്യൂട്ട് റെസ്പിരേറ്ററി ഡിസീസി സിന്‍ഡ്രം (എആര്‍ഡിഎസ്) വരുന്നുണ്ട്. കോവിഡ്-19 ബാധിക്കുന്ന രോഗികളില്‍ ഇത് ഗുരുതരവും സങ്കീര്‍ണ്ണവുമായ ഒരു മാറ്റമാണ്. ഇത്തരം രോഗികളുടെ ശ്വാസകോശത്തില്‍ ദ്രാവകം നിറയുകയും ഈ ഘട്ടത്തിലെത്തുന്ന രോഗികളില്‍ 50 ശതമാനം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്യുന്നു. എന്നാല്‍, ഈ സങ്കീര്‍ണ്ണതകള്‍ വരാവുന്ന ആളുകളെ തുടക്കത്തിലെ തിരിച്ചറിയാവുന്ന ഒന്നാണ് പുതിയ ടൂള്‍.

ചൈനയിലെ വെന്‍ഷോയിലെ (Wenzhou) രണ്ട് ആശുപത്രികളില്‍ ചികിത്സ തേടിയ 53 കൊറോണാവൈറസ് രോഗികളില്‍ നിന്നു ശേഖരിച്ച ഡേറ്റ മെഷീന്‍ ലേണിങ് അല്‍ഗോറിതത്തിലൂടെ കടത്തിവിട്ടാണ് ഗവേഷകര്‍ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നതും പുതിയ ടൂള്‍ നിര്‍മ്മിച്ചതും. മൂന്നു ഘടകങ്ങളാണ് ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത്: കരളിലെ എന്‍സിമിന്റെ ലെവല്‍ (alanine aminotransferase (ALT), ശരീര വേദന, ഹീമോഗ്ലോബിന്‍ ലെവല്‍ എന്നിവയാണവ. ഇവ മൂന്നും രോഗം വഷളായേക്കാമെന്ന വ്യക്തമായ സൂചനകളാകാമെന്നാണ് പറയുന്നത്.

ഇവയും മറ്റു രോഗവിവരങ്ങളും പരിഗണിച്ചാണ് എഐ ടൂള്‍ എആര്‍ഡിഎസ് റിസ്‌ക് എത്രമാത്രമുണ്ടെന്ന് ഏകദേശം 80 ശതമാനം കൃത്യതയോടെ വെളിപ്പെടുത്തുന്നത്. എന്നാല്‍, ഇതിനു വിരുദ്ധമാണ് ഇത്ര നാള്‍ കോവിഡ്-19ന്റെ ചില സവിശേഷതകളായി കൊണ്ടായിരുന്ന ചില വിവരങ്ങള്‍ എന്നും പഠനം അവകാശപ്പെടുന്നു. രോഗിയുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങള്‍ (ഗ്രൗണ്ട് ഗ്ലാസ് ഒപ്പാസിറ്റി), പനി, ഇമ്യൂണ്‍ സിസ്റ്റത്തിന്റെ ശക്തമായ പ്രതികരണം തുടങ്ങിയവ രോഗിക്കു വരാവുന്ന മാറ്റങ്ങള്‍ പ്രവചിക്കുന്നതിന് അത് ഗുണകരമല്ലെന്നും പറയുന്നു. അതായത്, ഈ കാര്യങ്ങള്‍ മാത്രം പരിഗണിച്ചാല്‍ രോഗിക്ക് എആര്‍ഡിഎസ് വരുമോ എന്ന് തുടക്കത്തിലെ പറയാനാവില്ല എന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.

ആരോഗ്യ രംഗത്ത് എഐ

മെഡിക്കല്‍ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവ് ഉപയോഗപ്പെടുത്തുക എന്നത് പുതിയ കാര്യമല്ല. ഡെര്‍മറ്റോളജിസ്റ്റുകള്‍ക്ക് ഏതെല്ലാം രോഗികള്‍ക്കാണ് സ്‌കിന്‍ ക്യാന്‍സര്‍ വരാന്‍ സാധ്യതയുള്ളതെന്ന് തിരിച്ചറിയാനുള്ള ഒരു എഐ ടൂള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് വെറുമൊരു ഉദാഹണം മാത്രമാണ്.

എന്നാല്‍ പുതിയ ടൂളിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഇതാണ്. ഡോക്ടര്‍മാര്‍ കോവിഡ്-19നെക്കുറിച്ച് പുതിയ കാര്യങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അവരെ നേര്‍വഴിക്കു നയിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൂട്ടിനുണ്ട്. നിറഞ്ഞു കവിയുന്ന ആശുപത്രികളിലെത്തുന്ന ഏതു രോഗിക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അനുവദിക്കുന്ന ടൂളാണിത് എന്നു പറയുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ടീം, ന്യൂ യോര്‍ക്കില്‍ നിന്നുള്ള രോഗികളെക്കുറിച്ചുള്ള ഡേറ്റയും കൂടെ ഉള്‍പ്പെടുത്തി കൂടുതല്‍ ഉപയോഗപ്രദമാക്കാന്‍ ഒരുങ്ങുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com