ADVERTISEMENT

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ വിശ്വസ്തരായ ആരോഗ്യപ്രവര്‍ത്തകരും കൊറോണാവൈറസ് നിയന്ത്രണവിധേയമാക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ എന്നാൽ അതിനിടെ പുറത്തുവരുന്ന റിപ്പോർട്ടുകൾ അൽപം ഭയാനകമാണ്. പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഏകദേശം 100,000 മുതല്‍ 240,000 വരെ അമേരിക്കക്കാര്‍ മരിച്ചേക്കാമെന്നാണ് പറയുന്നത്. അമേരിക്കയുടെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ പ്രകാരമുള്ള മാര്‍ഗനിര്‍ദേശരേഖകളില്‍ പറയുന്ന കാര്യങ്ങള്‍ കണിശമായി അനുസരിച്ച് അമേരിക്കക്കാര്‍ ജീവിച്ചാല്‍ പോലും ഈ ദുരന്തം സംഭവിച്ചേക്കാമെന്നാണ് ട്രംപിന്റെ കൊറോണാവൈറസ് ടീം പറയുന്നത്.

മുൻപുണ്ടായിരുന്ന തരം ഭാവത്തിലല്ല ട്രംപ് ചൊവ്വാഴ്ച സംസാരിച്ചതെന്നതും സ്ഥിതിവിവരക്കണക്കുകള്‍ ശരിയാകാമെന്ന ഊഹം ബലപ്പെടുത്തുന്നു. നേരത്തെ ട്രംപ് പറഞ്ഞിരുന്നത് കൊറോണാവൈറസ് ഒരുകാലത്തു വരുന്ന ഫ്‌ളൂ അല്ലെങ്കില്‍ ഫ്‌ളൂ പോലെയുള്ള ഒരു പകര്‍ച്ചവ്യാധി ആണെന്നായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തില്‍ മനംമാറ്റം വന്ന ഒരു പ്രസിഡന്റിനെയാണ് അമേരിക്കക്കാര്‍ കണ്ടത്. അദ്ദേഹത്തിന്റെ സംസാരത്തില്‍ പ്രതീക്ഷാനിര്‍ഭരമായ ഒന്നും അവര്‍ക്കു ലഭിച്ചില്ലെന്നു മാത്രമല്ല ശക്തമായ മുന്നറിയിപ്പ് ഉണ്ടായിരുന്നു താനും. വരാന്‍ പോകുന്ന ദുരന്ത ദിനങ്ങള്‍ക്കായി ഓരോ അമേരിക്കക്കാരനും സജ്ജനായിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. കഠിനമായ പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുന്ന രണ്ടാഴ്ചക്കാലത്തേക്ക് കടക്കാന്‍ പോകുകയാണ് നമ്മള്‍ എന്നാണ് പ്രസിഡന്റ് വൈറ്റ് ഹൗസില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പറഞ്ഞത്.

ഏറ്റവും മോശം സാഹചര്യം വന്നാല്‍ അമേരിക്കയില്‍ ഏകദേശം 200,000 മുതല്‍ 17 ലക്ഷം പേര്‍വരെ മരിച്ചേക്കാമെന്ന പ്രവചനം നേരത്തെ വന്നിരുന്നു. ഇതിന്‍പ്രകാരം, 160 മുതല്‍ 214 വരെ ദശലക്ഷം പേരെ അമേരിക്കയില്‍ രോഗം ബാധിക്കാനിടയുണ്ട്. എന്നാല്‍, ചൊവ്വാഴ്ച വൈകീട്ടുവരെ 184,343 ലേറെ കൊറോണാവൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മരണസംഖ്യാകട്ടെ 3,796 ആണ്.

എന്നാല്‍, മോശം സാഹചര്യത്തില്‍ പ്രവചിക്കുന്നത്ര വഷളാകില്ല സ്ഥിതിഗതികള്‍ എന്ന ആത്മവിശ്വാസമാണ്, വൈറ്റ് ഹൗസിന്റെ കൊറോണാവൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ കോഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ ഡെബോറാ ബിര്‍ക്‌സ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, അതിന് ആളുകള്‍ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണിശമായി പാലിക്കണം. അടുത്തകാലത്ത് രോഗവ്യാപനത്തിന്റെ കാര്യത്തില്‍ പ്രകടമായ മാറ്റമുണ്ടായാല്‍ പോലും അമേരിക്കക്കാര്‍ വളരെ ശ്രദ്ധിച്ചു മാത്രം മുന്നോട്ടുപോകണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. കൊറോണാവൈറസിനെതിരെ രാജ്യത്തിന്റെ കൈയ്യില്‍ മാജിക് ബുള്ളറ്റും മാജിക് വാക്‌സിനും മാജിക് തെറാപ്പിയുമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. രോഗം എന്തുമാത്രം പകരുമെന്നത് ആളുകള്‍ എങ്ങനെ പെരുമാറും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന 100,000 - 240,000 മരണസംഖ്യ, മറ്റു ചില ദുരന്തങ്ങളുമായി തട്ടിച്ചു നോക്കാം.

അപകട മരണം - 169,936
അല്‍ഷൈമേഴ്‌സ് രോഗം -121,404
ഇന്‍ഫ്‌ളുവന്‍സാ, ന്യുമോണിയ -55,672

മഹാവ്യാധികള്‍

സ്പാനിഷ് ഫ്‌ളൂ (1918-1920) -675,000
എച്2എന്‍2 (1957-58): 116,000

അമേരിക്കയില്‍ യുദ്ധത്തില്‍ പൊലിഞ്ഞ ജീവന്‍

ആഭ്യന്തരകലാപം - 215,000
രണ്ടാം ലോകമഹായുദ്ധം - 291,557
ഒന്നാം ലോകമഹായുദ്ധം - 53,402
വിയറ്റ്‌നാം യുദ്ധം - 47,434
കൊറിയന്‍ യുദ്ധം - 33,739

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com