ADVERTISEMENT

അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള  കോവിഡ് 19 വൈറസുകളുടെ (SARS-CoV-2) ജനിതക സ്വീക്വൻസുകൾ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് ഡൽഹി ഇന്റർനാഷനൽ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി (ഐസിജിഇബി) യിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‌ഇന്ത്യയില്‍ കണ്ടെത്തിയ വൈറസ് സ്ട്രയിന്‍ രോഗശേഷി കുറഞ്ഞതാണെന്നും ഇന്ത്യക്കാര്‍ക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ജനിതകപരമായ കഴിവുണ്ടെന്നുമൊക്കെയുള്ള വ്യാഖ്യാനങ്ങളുടെ ശാസ്ത്രീയതയും ഗവേഷണ പ്രബന്ധത്തിൽ തന്നെയുള്ള പാളിച്ചകളും പരിശോധിക്കുകയാണ് ഈ  ലേഖനം.

 

ഡൽഹി ഐസിജിഇബിയിലെ ഡോ. ദിനേശ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ പ്രബന്ധത്തിൽ പറയുന്നത് ഇന്ത്യാക്കാർക്ക് ഏതെങ്കിലും ജനിതകപരമായ  പ്രത്യേകത ഉണ്ടെന്നല്ല, അഞ്ചു രാജ്യങ്ങളിൽനിന്ന് കണ്ടെത്തിയ കോവിഡ് 19 വൈറസുകളുടെ (SARS-CoV-2) ജനിതക സ്വീക്വൻസുകൾ പരിശോധിച്ചപ്പോൾ ഇന്ത്യയിൽനിന്ന്  കണ്ടെത്തിയ വൈറസിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നാണ്. 

 

എല്ലാ കോവിഡ് 19 വൈറസ് സീക്വൻസുകളിലും ശരീരകോശങ്ങളിൽ കാണുന്ന microRNA കളുമായി ബന്ധനം (binding) നടക്കാൻ സാധ്യതയുള്ള  52 ശ്രേണികൾ ഗവേഷകർ കണ്ടെത്തി. ഇന്ത്യയിൽ കണ്ടെത്തിയ വൈറസിൽ ഒരു മ്യൂട്ടേഷൻ മൂലം microRNA യ്ക്ക് കൂടി  ബന്ധനം നടത്താൻ കഴിവുള്ള ഒരു ശ്രേണി അധികമായി കണ്ടെത്തുകയും ചെയ്തു. ഈ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ്  ഇന്ത്യൻ കോവിഡ് 19 വൈറസ് പെട്ടെന്ന് നിർവീര്യമാക്കപ്പെടും അഥവാ ഇന്ത്യൻ സ്ട്രെയിന് രോഗശേഷി കുറവാണ് എന്ന വ്യാഖ്യാനത്തിൽ എത്തിച്ചേരുന്നത്. 

 

ചൈനയിൽ നിന്നെത്തിയ മലയാളി വിദ്യാർഥിയിൽ കണ്ടെത്തിയ കോവിഡ് 19 വൈറസിന്റെ സീക്വൻസും ചൈന, ഇറ്റലി, അമേരിക്ക, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്ന് കണ്ടെത്തിയ ഓരോ വൈറസ് സീക്വൻസ് വീതവുമാണ് ഗവേഷകർ താരതമ്യ പഠനത്തിന് ഉപയോഗിച്ചത്. എന്നാൽ ചൈനയിൽനിന്ന് വന്ന മലയാളി വിദ്യാർഥിയിൽ കണ്ടെത്തിയ ആദ്യ വൈറസ് സ്ട്രെയിനല്ല  ഇന്ത്യയിൽ കണ്ടെത്തിയ രണ്ടായിരത്തിലധികം വരുന്ന മറ്റു രോഗികളിലുള്ളത്. ഇറ്റലി, ജർമനി, യുഎഇ, യു.കെ, സൗദി, മലേഷ്യ, അമേരിക്ക എന്നിങ്ങനെ നിരവധി രാഷ്ട്രങ്ങളിൽ നിന്ന് എത്തിയവരിലൂടെ, ആദ്യ വൈറസിന്റെ സീക്വൻസുമായി നിരവധി വ്യത്യാസങ്ങൾ ഉള്ള വൈറസ് സ്ട്രെയിനുകൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യയിൽ രണ്ടാമതായി കണ്ടെത്തിയ വൈറസ് സ്ട്രെയിനിൽ പോലും  ആദ്യ വൈറസിൽ ഗവേഷകർ കണ്ടെത്തിയ പ്രത്യേക ശ്രേണി ഇല്ല എന്നിരിക്കെ, വ്യത്യസ്ത രാജ്യങ്ങളിൽ വ്യാപിച്ച ശേഷം ഇന്ത്യയിലെത്തിയ വൈറസ് സ്ട്രെയിനുകളിലും ഇതുണ്ടാകാനുള്ള സാധ്യത വിരളമാണ്.  

 

ഇന്ത്യയിലെ ആദ്യ സ്ട്രെയിനിൽ ഒരു miRNA യ്ക്ക് അധികമായി ബൈൻഡ് ചെയ്യാനാകും എന്ന കണ്ടെത്തലിൽ നിന്ന്  വൈറസിന് രോഗശേഷി കുറവാണ് എന്നു വ്യാഖ്യാനിക്കുന്നതും തെറ്റാണ്. ഇക്കാര്യം പരിശോധിക്കുന്നതിന് മുൻപ് ഗവേഷണലേഖനത്തിൽ പറയുന്ന miRNA കളെ കുറിച്ച് ചില അടിസ്ഥാന വസ്‌തുതകൾ മനസ്സിലാക്കേണ്ടതുണ്ട്.

 

പ്രോട്ടീൻ നിർമാണത്തിൽ പങ്കെടുക്കുന്ന വലിയ ആർഎൻഎ തന്മാത്രകൾ കൂടാതെ ശരീരകോശങ്ങളിൽ കാണുന്ന ചെറു ആർഎൻഎകളിൽ ഒരു വിഭാഗമാണ് micro RNA (miRNA). വിവിധ ജീനുകളുടെ പ്രവർത്തനങ്ങളെ (gene expression) നിയന്ത്രിക്കുന്ന നൂറുകണക്കിന് miRNA കൾ മനുഷ്യരിലും സസ്യങ്ങളിലും വൈറസുകളിലുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചിലത് ചില RNA വൈറസുകളുടെ ചെറു സീക്വൻസുകൾക്ക് complimentary ആകാനും അവയുമായി ബന്ധനം നടക്കാനുമിടയുണ്ട്. 

 

ഇന്ത്യയിൽനിന്ന് കണ്ടെത്തിയ വൈറസിൽ മാത്രം കാണുന്ന ഒരു ശ്രേണിയിലോ, എല്ലാ കോവിഡ് 19 വൈറസുകളിലും കാണുന്ന 52 ശ്രേണികളിലോ miRNA ബന്ധനം നടന്ന് വൈറസിനെ നിർവീര്യമാക്കുമെന്ന് കണ്ടെത്തിയിട്ടില്ല. നിലവിൽ രോഗ സംക്രമണത്തിന്റെ നില വെച്ച് ഇത്തരമൊരു നിർവീര്യമാക്കൽ സംഭവിച്ചിരിക്കാൻ യാതൊരു സാധ്യതയുമില്ല.

 

ഗവേഷകർ ഇന്ത്യൻ സ്‌ട്രെയിൻ വൈറസിൽ മാത്രം ബൈൻഡ് ചെയ്യുമെന്ന് കണ്ടെത്തിയത്  hsa-miR-27b എന്ന miRNA യാണ്.  വൈറസിന്റെ ആർഎൻഎയുമായി  ബൈൻഡ് ചെയ്യുമെന്നതു കൊണ്ട് വൈറസിനെ നശിപ്പിക്കുമെന്നോ തടയുമെന്നോ പറയാൻ സാധിക്കില്ല. ചിലപ്പോൾ ഈ ബന്ധനം വൈറസ് പ്രോട്ടീനുകളുടെ ഉത്പാദനത്തിന് അനുകൂലമായും മാറാം. പന്നികളിൽ കാണുന്ന PRRS വൈറസിനെ ബൈൻഡ് ചെയ്യുന്ന  miR -181 എന്ന miRNA  വൈറസ് പ്രോട്ടീൻ ഉത്പാദനത്തെ തടയുമ്പോൾ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ ബൈൻഡ് ചെയ്യുന്ന  miR-122 എന്ന miRNA വൈറസിന്റെ പ്രോട്ടീൻ ഉത്പാദിപ്പിക്കപ്പെടുന്നതിനെ സഹായിക്കുകയാണ് ചെയ്യുന്നത്. 

 

hsa-miR-27b എന്ന miRNA സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ, ലുക്കീമിയ തുടങ്ങി നിരവധി കാൻസർ രോഗങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ പരിശോധിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിലെ നിരവധി പ്രോട്ടീനുകളുടെ പ്രവർത്തന-നിയന്ത്രണത്തിൽ പങ്കുവഹിക്കുന്ന ഈ  miRNA ഒരു ആന്റിവൈറൽ മരുന്നായി പരീക്ഷിക്കപ്പെടാൻ സാധ്യത വിരളമാണ്. 

 

കോവിഡ് 19 വൈറസ് സ്ട്രെയിനുകൾ തമ്മിൽ  സ്വാഭാവികമായും പ്രതീക്ഷിക്കുന്ന ജനിതക വ്യത്യാസങ്ങളിലൊന്ന് യാദൃച്ഛികമായി ഒരു miRNA ബന്ധനസാധ്യതയുള്ളതായി മാറിയതിന്, ഇന്ത്യയിലെ വൈറസിന് രോഗ ശേഷി കുറയാനിടയുണ്ട് എന്നോ ഇന്ത്യക്കാർക്ക് ജനിതകപരമായി വൈറസിനെ തടയാൻ ശേഷിയുണ്ട് എന്നോ അർഥമില്ല. വലിയ ജാഗ്രത പുലർത്തേണ്ട ഒരു സാഹചര്യത്തിൽ ഇത്തരം വ്യാഖ്യാനങ്ങൾ ജനങ്ങളിൽ സൃഷ്ടിച്ചേക്കാവുന്ന അലസതയും അതുമൂലമുണ്ടാകുന്ന അപകടവും നാം തിരിച്ചറിയേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com