ADVERTISEMENT

പൂനെയിലെ നോക്കാ റോബോട്ടിക്‌സ് എന്ന കമ്പനിക്കു വേണ്ടി ഏതാനും യുവ എൻജിനീയര്‍മാര്‍ ഒത്തു ചേര്‍ന്ന് ഇന്ത്യയുടെ ഈ പ്രതിസന്ധി ഘട്ടത്തില്‍ കുറഞ്ഞ ചെലവിൽ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നു. ചെലവ് കുറച്ച്, എന്നാല്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെ വെന്റിലേറ്ററുകള്‍ നിര്‍മിക്കാനുള്ള നീക്കം കൊറോണാവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അത്യന്തം പ്രശംസനീയമാണ്.

നിലവിലെ സാഹചര്യം

ഇന്ത്യയില്‍ നിലവില്‍ വിവിധ ആശുപത്രികളുടെ ഐസിയുകളിലായി ഏകദേശം 48,000 വെന്റിലേറ്ററുകളാണ് ഉള്ളതെന്നാണ് കണക്ക്. ഇവയില്‍ എത്രയെണ്ണം പ്രവര്‍ത്തനക്ഷമാണെന്ന് വ്യക്തമായി അറിയില്ല. എന്നാല്‍, കൊറോണാവൈറസ് ബാധിക്കുന്നവരില്‍ ആറില്‍ ഒരാള്‍ക്ക് വെന്റിലേറ്ററിന്റെ പിന്തുണ വേണ്ടിവന്നേക്കാമെന്ന കാര്യം പരിഗണിച്ചാല്‍ അവയ്ക്ക് ഇപ്പോഴുള്ള പ്രാധാന്യം മനസ്സിലാകും. തങ്ങള്‍ വെന്റിലേറ്ററുകള്‍ നല്‍കാമെന്നു പറഞ്ഞ് ചൈന രംഗത്തെത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കും വേണ്ടത്ര എണ്ണം എത്തിച്ചു തരാനാകുമോ എന്നറിയില്ല. എന്തായാലും രാജ്യം 10,000 എണ്ണം ചൈനയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. മറ്റൊരു പ്രശ്‌നം വിലയാണ്. നിലവില്‍ രണ്ടു കമ്പനികളാണ് ഇന്ത്യയില്‍ വെന്റിലേറ്റര്‍ ഉണ്ടാക്കുന്നത്. ഇവര്‍ വിദേശത്തുനിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്താണ് വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്. ഇവയുടെ വില ഏകദേശം 150,000 രൂപയാണ്. നിര്‍മിക്കുന്ന കമ്പനികളിലൊന്നായ അഗ്‌വാ ഹെല്‍ത്‌കെയര്‍ (AgVa Healthcare) ഏകദേശം 20,000 എണ്ണം താമസിയാതെ നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കും.

നോക്കാ റോബോട്ടിക്‌സ് നിര്‍മിച്ച വെന്റിലേറ്ററുകള്‍ക്ക് ഏകദേശം 50,000 രൂപയാണ് വില. ഇവ ഇപ്പോള്‍ കൃത്രിമ ശ്വാസ കോശങ്ങളില്‍ ടെസ്റ്റു ചെയ്യുകയാണ്. ഇവ ഏപ്രില്‍ 7 മുതല്‍ രോഗികളില്‍ ടെസ്റ്റു ചെയ്യാനുള്ള അനുമതി ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്. കൃത്രിമ ശ്വാസകോശങ്ങളിലെ പരീക്ഷണം വിജയകരമായിരുന്നുവെന്നും രോഗികളില്‍ പരീക്ഷിക്കാമെന്നുമാണ് ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌ക്യുലര്‍ സയന്‍സസ് ആന്‍ഡ് റീസേര്‍ച്ചിലെ കാര്‍ഡിയോളജിസ്റ്റ് ആയ ഡോക്ടര്‍ ദീപക് പദ്മനാഭന്‍ പറയുന്നത്. അദ്ദേഹമാണ് ഈ പ്രൊജക്ടിന്റെ പ്രധാന ഉപദേശകരിലൊരാള്‍.

അവസരത്തിനൊത്തുയരുന്നു

ഇന്ത്യയിലെ പൊതുമേഖലയും സ്വകാര്യമേഖലയും അതിവേഗം ഒരുമിച്ച് കാര്യങ്ങള്‍ നീക്കയിതിന്റെ ഫലമാണ് പുതിയ വെന്റിലേറ്ററുകൾ. അസാധാരണവും ആവേശഭരിതമാക്കുന്നതുമായ ഒരു സംഭവവികാസമാണിത്. മഹാമാരി തങ്ങളെയെല്ലാം സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത രീതിയില്‍ ഒരുമിപ്പിച്ചിരിക്കുകയാണെന്നാണ് ബയോ എൻജിനീയറിങ് പ്രൊഫസറായ അമിതാഭ് ബന്ത്യോപാധ്യായ് പറയുന്നത്.

പെട്ടെന്ന് ഒത്തുകൂടിയ യുവ എൻജിനീയര്‍മാര്‍ ഇന്റര്‍നെറ്റിലെ ഓപ്പണ്‍ സോഴ്‌സില്‍ വെന്റിലേറ്റര്‍ നിര്‍മാണത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ ചികഞ്ഞു പിടിച്ചു. ഇവയില്‍ ചിലത് ഉപയോഗിക്കാന്‍ വേണ്ട അനുമതി വാങ്ങുക എന്നതായിരുന്നു അടുത്ത പടി. അടുത്ത എട്ടുമണിക്കൂറിനുള്ളില്‍ അവര്‍ തങ്ങളുടെ വെന്റിലേറ്ററിന്റെ ആദ്യരൂപം ഉണ്ടാക്കി! അമേരിക്കിയിലെ മാസച്ചൂസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അഥവാ എംഐടിയിലെ എൻജിനീയര്‍മാര്‍ ഉണ്ടാക്കിയട്ടിരുന്ന ചില ഡിസൈനുകള്‍ തങ്ങള്‍ക്ക് വലിയ ഗുണം ചെയ്തുവെന്ന് ഇവര്‍ തുറന്നു സമ്മതിക്കുന്നു. അടുത്തതായി പ്രഷര്‍ സെന്‍സറുകള്‍ സംഘടിപ്പിക്കേണ്ടിയിരുന്നു. വെന്റിലേറ്ററുകളിലെ പ്രധാന ഘടകങ്ങളിലൊന്നാണിത്. ശ്വാസകോശത്തിന് തകരാറുവരുത്താത്ത രീതിയില്‍ ഓക്‌സിജന്‍ എത്തിച്ചുനല്‍കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്. താത്കാലികമായി ഡ്രോണുകളില്‍ ഉപയോഗിക്കുന്നവയും വിപണിയില്‍ ഉണ്ടായിരുന്നവയും വാങ്ങിയെടുക്കുകയായിരുന്നു.

പ്രാദേശിക ഭരണകൂടവും ഇക്കാര്യത്തില്‍ അതിവേഗം പ്രവര്‍ത്തിച്ചു. ഓരോ വെന്റിലേറ്ററിനും ഏകദേശം 150 മുതല്‍ 200 വരെ ഘടകഭാഗങ്ങള്‍ വേണം. ഇവയുടെ സ്‌റ്റോക്ക് ഉണ്ടെന്നുറപ്പുവരുത്താനാണ് പ്രാദേശിക ഭരണകൂടം ശ്രമിച്ചത്. പല എൻജിനീയര്‍മാരും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയിരുന്നു. ചിലരെല്ലാം 400 കിലോമീറ്റര്‍ അകലെ നിന്നാണ് പുനെയിലേക്ക് മടങ്ങിയെത്തി ജോലി തുടങ്ങിയത്.

ചില പ്രമുഖ വ്യവസായികള്‍, മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ തങ്ങളുടെ ഫാക്ടറികളില്‍ നിര്‍മാണം തുടങ്ങാന്‍ അനുവദിക്കുകയും ചെയ്തു. ഇനി ദിവസം 150-200 എണ്ണം വച്ച് ഏകദേശം 30,000 വെന്റിലേറ്ററുകള്‍ മെയ് മാസം പകുതിയാകുമ്പോഴേക്കും നിർമിച്ചെടുക്കാനാണ്. സോഷ്യല്‍ മീഡിയ ഇഫ്ലൂവന്‍സര്‍മാരും പിന്തുണയുമായി എത്തി. രാഹുല്‍ രാജ് കെയറിങ് ഇന്ത്യന്‍സ് എന്നൊരു ക്രൗഡ് സേഴ്‌സ്ഡ് ഗ്രൂപ്പ് ഉണ്ടാക്കി മൂലധനവും അനുഭവജ്ഞാനവും പങ്കുവയ്ക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി. ഗ്രൂപ്പിലേക്ക് 24 മണിക്കൂറിനുള്ളല്‍ 1000 പേര്‍സൈന്‍-അപ് ചെയ്തു. പ്രാദേശിക ജനപ്രതിനിധിയ്ക്കും പൊലീസിനും ട്വീറ്റ് ചെയ്ത് ഈ പ്രൊജക്ടില്‍ താത്പര്യമുള്ളവരെ കണ്ടെത്തുകയായിരുന്നുവെന്ന് രാജ് അറിയിച്ചു.

പ്രവാസികളും ഇന്ത്യയ്ക്കുവേണ്ടി

ഇന്ത്യയിലുള്ളവര്‍ മാത്രമല്ല ഇതില്‍ പങ്കാളികളായത് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രവാസികളായ ഡോക്ടര്‍മാരും ബിസിനസുകാരും സൂം വിഡിയോ മീറ്റിങ്ങുകളിലൂടെ യുവ എൻജിനീയര്‍മാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. കൂടാതെ, ഒരു അമേരിക്കന്‍ കമ്പനിയുടെ മേധാവി വെന്റിലേറ്റര്‍ നിര്‍മാണത്തെക്കുറിച്ച് 90 മിനിറ്റ് ക്ലാസാണ് എടുത്തു നല്‍കിയത്. എങ്ങനെയാണ് ഘടകഭാഗങ്ങള്‍ കണ്ടെത്തേണ്ടത് എന്നതിനെപ്പറ്റിയും ക്ലാസുകള്‍ നല്‍കി. കൂടാതെ, ഒരു പറ്റം ഡോക്ടര്‍മാര്‍ വെന്റിലേറ്ററിന്റെ നിര്‍മാണത്തിലെ ഓരോ ഘട്ടത്തിലും വേണ്ട നിര്‍ദ്ദേശങ്ങളുമായിഎത്തി എന്നതും മികവുറ്റ നിര്‍മാണത്തിലേക്കു നയിച്ചുവെന്നു കരുതുന്നു. പള്‍മണോളജിസ്റ്റുകള്‍, കാര്‍ഡിയോളജിസ്റ്റുകള്‍, സയന്റിസ്റ്റുകള്‍, ഇനവേറ്റര്‍മാര്‍, വെന്‍ച്വര്‍ ക്യാപ്പിറ്റലിസ്റ്റുമാര്‍ തുടങ്ങിയവരെല്ലാം യുവ എൻജിനീയര്‍മാര്‍ക്ക് വേണ്ട പ്രോത്സാഹനവുമായി എത്തി. ഇന്ത്യയ്ക്കു ചേരുന്ന തരം വെന്റിലേറ്ററാണ് തങ്ങള്‍ നിര്‍മിക്കുന്നതെന്നും അവര്‍ പറയുന്നു.

ആധുനികത കുറയ്ക്കും

പൊതുവേ പുതിയ മെഷീനുകള്‍ എത്ര ആധുനികമാകുമോ അത്ര മെച്ചം എന്നാണ് ധാരണ. ഇവിടെ കാര്യങ്ങള്‍ നേരെ തിരിച്ചാണ്. ഇപ്പോള്‍ ലഭ്യമായ വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അവയ്ക്ക് പൈപ്പിലൂടെ ഓക്‌സിജന്‍ സപ്ലൈ ലഭിക്കണം. എന്നാല്‍, ഈ സൗകര്യം ഗ്രാമങ്ങളിലും മറ്റുമുള്ളപല ആശുപത്രികള്‍ക്കുമില്ല. അത്തരം ആശുപത്രികള്‍ക്കും കൂടെ ഉപകാരപ്പെടാനായി, നോക്കാ റോബോട്ടിക്‌സ് നിര്‍മിക്കുന്ന വെന്റിലേറ്ററുകളെ ഓക്‌സിജന്‍ സിലിണ്ടറുകളുമായി ബന്ധപ്പെടുത്താനാകുമോ എന്നും പരീക്ഷിക്കുകയാണ്. എന്നു പറഞ്ഞാല്‍ പ്രായോഗികതയ്ക്കു പ്രാധാന്യം നല്‍കി, ആധുനികവല്‍ക്കരണം കുറച്ചും വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഫലം കാണുമോയെന്ന് ഉടനെ അറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com