ADVERTISEMENT

കൊറോണാവൈറസ് ബാധയെ തുടര്‍ന്ന് ശ്വാസമെടുക്കാന്‍ ഗുരുതരമായ ബുദ്ധിമുട്ടുണ്ടാകുന്നവര്‍ക്കായി നൂതനമായ സെല്‍ തെറാപ്പി ട്രീറ്റ്‌മെന്റ് ബ്രിട്ടനില്‍ എല്ലായിടത്തും തുടങ്ങിയരിക്കുകയാണ്. ശരീരത്തിന് വൈറസ് സമ്മാനിക്കുന്ന സങ്കീര്‍ണ്ണതകളിലൊന്നായ അക്യൂട്ട് റെസ്പിരേറ്ററി സന്‍ഡ്രോം (എആര്‍ഡിഎസ്), അലോജെനിക് മെസെഞ്ചിമല്‍ സ്‌ട്രോമല്‍ സെല്‍സ് (Mesenchymal stromal cells (MSCs) പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു നോക്കാനാണ് യുകെയിലെ ഒരു സംഘം ഡോക്ടര്‍മാര്‍, പ്രൊഫസര്‍ ഡാനി മക്കോലി, പ്രൊഫസര്‍ സിസിലിയ ഓകെയ്ന്‍, എന്നിവരുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്. ഇവര്‍ ക്വീന്‍സിലെ വെല്‍കം-വൂള്‍ഫ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്‌സ്‌പെരിമെന്റല്‍ മെഡിസിനിലെ ഗവേഷകരാണ്.

ഗുരുതരമായ അവസ്ഥയിലെത്തുന്ന കോവിഡ്-19 രോഗികള്‍ക്കാണ് എആര്‍ഡിഎസ് അവസ്ഥ വരുന്നത്. ഈ അവസ്ഥയില്‍ ശ്വാസകോശത്തില്‍ വെള്ളം കെട്ടുകയും അത് പുറത്തേക്ക് വരികയും ചെയ്യും. ഇതിലൂടെ ശ്വാസമെടുക്കല്‍ അത്യന്തം വിഷമകരമാകും. ഇത്തരം രോഗികള്‍ക്ക് ഐസിയുവില്‍ വെന്റിലേറ്റര്‍ പിന്തുണയാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍, കോവിഡ്-19 വ്യാപിക്കുന്നതിനിടയ്ക്ക് കൂടുതലായി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത യുകെയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍മാര്‍ ഊന്നിപ്പറയുകയുണ്ടായി.

ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ മാത്രമേ പുതിയ ചികിത്സാ രീതികള്‍ ഗുണകരമാണോ എന്ന് അറിയാന്‍ സാധിക്കൂ. ഇവ ഫലവത്താണോ സുരക്ഷിതമാണോ എന്നതൊക്കെ ഗുരുതരമായി രോഗം ബാധിച്ചവരില്‍ പരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു എന്നാണ് പ്രൊഫസര്‍ സിസിലിയ ഒകെയന്‍ പറഞ്ഞത്. മജ്ജയില്‍ (bone marrow) നിന്നോ പൊക്കിള്‍കോടിയില്‍ നിന്നോ ശേഖരിച്ച മെസെഞ്ചിമല്‍ സ്‌ട്രോമല്‍ സെല്‍സ് ഉപയോഗിച്ച് പരീക്ഷണം നടത്താനാണ് ശ്രമം. സാധാരണഗതിയില്‍ കുട്ടിയുടെ ജനനത്തിനു ശേഷം പൊക്കിള്‍ക്കൊടി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

മെസെഞ്ചിമല്‍ സ്‌ട്രോമല്‍ സെല്‍സ് പുതിയതരം ചികിത്സാ രീതിയാണ്. ഇത്തരം പരീക്ഷണങ്ങള്‍ നടക്കുകയാണ്. പഴുപ്പ് ഉണ്ടാകുമ്പോഴും, രോഗപ്പകര്‍ച്ച തടയാനും ക്ഷതമേറ്റ കോശങ്ങളുടെ കേടുതീര്‍ക്കാനുമൊക്കെയാണ് ഇത് ഉപയോഗിക്കുന്നത്. ഈ പരീക്ഷണത്തിന്റെ പേര് റിയലിസ്റ്റ് കോവിഡ്-19 എന്നാണ്. പൊക്കിള്‍ക്കൊടിയില്‍ നിന്ന് ശേഖരിച്ചു ശുദ്ധിചെയ്ത അലോജെനിക് മെസെഞ്ചിമല്‍ സ്‌ട്രോമല്‍ സെല്‍സ് ആയിരിക്കും ഉപയോഗിക്കുക. ഇവയെ വിളിക്കുന്നത് ഒആര്‍ബിസിഇഎല്‍-സി (ORBCEL-C) എന്നായിരിക്കും. ഒആര്‍ബിസിഇഎല്‍-സി ചികിത്സ അയർലൻഡിലെ ഗാല്‍വെയിലുള്ള ഓര്‍ബ്‌സണ്‍ തെറാപ്യൂട്ടിക്‌സിലെ ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്.

എആര്‍ഡിഎസ് ഉള്ള രോഗികള്‍ക്ക് നിലവിലുള്ള ചില ചികിത്സകളുടെ അനുബന്ധമെന്ന നിലയിലാണ് ഒആര്‍ബിസിഇഎല്‍-സി അവതരിപ്പിക്കുന്നത്. പരീക്ഷണത്തിനുള്ള ആദ്യ രോഗിയെ കണ്ടെത്തി. കുറഞ്ഞത് 60 രോഗികളിലെങ്കിലും ഇത് പരീക്ഷിക്കാനാണ് തീരുമാനം. ബെല്‍ഫാസ്റ്റ്, ലണ്ടന്‍, ബര്‍മിങാം തുടങ്ങിയ നഗരങ്ങളിലടക്കം യുകെയില്‍ വിവിധ സ്ഥലങ്ങളില്‍ പരീക്ഷണം നടത്തും.

വിജയകരമായാല്‍ മറ്റു രാജ്യങ്ങളിലും

ആഗോളതലത്തില്‍ കൊറോണാവൈറസിനെതിരെ പ്രതിരോധം ഉണ്ടാക്കാനുള്ള നീക്കങ്ങളിലൊന്നാണിതെന്നാണ് ക്ലിനിക്കല്‍ പ്രൊഫസറായ ഇയാന്‍ യങ് പറഞ്ഞത്. കൊറോണാവൈറസ് രോഗികള്‍ക്ക് എന്തുകൊണ്ടാണ് ശ്വാസമെടുക്കാന്‍ വിഷമം നേരിടുന്നത് എന്നു മനസ്സിലാക്കുന്നതിലും ഈ പരീക്ഷണങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം അറിയിച്ചു. ഈ പരീക്ഷണവുമായി സഹകരിക്കാന്‍ അദ്ദേഹം ആളുകളോട് ആഹ്വാനം ചെയ്തു. ഇതിലൂടെ, രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ കിട്ടുന്നുവെന്ന് ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com