ADVERTISEMENT

കൊറോണാവൈറസ് പ്രതിരോധത്തിനായി യൂറോപ്പിലേക്ക് ചൈന കയറ്റി അയച്ച ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്ന് ആരോപണം. ഇതേതുടര്‍ന്ന് രാജ്യത്തിന്റെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം മാത്രം മതി സാധനങ്ങള്‍ കയറ്റി അയക്കാന്‍ എന്നു തീരുമാനിച്ചിരിക്കുകയാണ് ചൈന. എന്‍95 മാസ്‌കുകള്‍ക്കും വെന്റിലേറ്ററുകളുമടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കാണ് നിലവാരക്കുറവുണ്ട് എന്ന ആരോപണം ഉയര്‍ന്നത്. ഇതിനാല്‍, ഇനി ഓരോന്നും പരിശോധിച്ചതിനു ശേഷം മാത്രം അയയ്ക്കാനാണ് ചൈനയുടെ പുതിയ തീരുമാനം. എന്നാല്‍, ഇനി ഈ കാരണത്താല്‍ പല രാജ്യങ്ങളിലും സാധനങ്ങള്‍ എത്തുന്നതു വൈകുമെന്നാണ് മനസ്സിലാകുന്നത്.

 

ചൈനയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസാണ് പുതിയ തീരുമാനം അറിയിച്ചത്. ഇതേതുടര്‍ന്ന് പല നഗരങ്ങളിലും സാധനമെത്താന്‍ ദിവസങ്ങളോളം വൈകുമെന്ന് കമ്പനികള്‍ അറിയിച്ചു. യൂറോപ്പില്‍ പരാതി ഉയര്‍ന്നത് ചൈനയില്‍ നിന്നു വാങ്ങിയ ഇന്‍ഡസ്ട്രിയല്‍ റെസ്പിരേറ്ററുകളുടെ കാര്യത്തിലാണ്. ഇവ വ്യവസായശാലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഉപയോഗിക്കാനായി നിര്‍മ്മിച്ചവയാണ്. എന്നാല്‍, അവയെ അരോഗ്യപരിപാലന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയപ്പോഴാണ് വേണ്ടത്ര ഗുണനിലവാരമില്ലെന്ന് പറഞ്ഞത്. പല രാജ്യങ്ങളിലും ഫ്രീ ആയി ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും നല്‍കിവന്ന പ്രതിരോധ ഉപകരണങ്ങള്‍ തീരെ ലഭ്യമല്ലാതെ ആയിരിക്കുകയാണ്. അമേരിക്ക, സ്‌പെയിൻ, റഷ്യ എന്നീ പരാജ്യങ്ങളിലാണ് ഏറ്റവും വലിയ പ്രശ്‌നം.

 

ഇത്തരം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുന്നില്‍ ചൈന തന്നെയാണ്. രാജ്യത്ത് ഇപ്പോള്‍ പ്രതിദിനം 11.6 കോടി റെസ്പിരേറ്ററുകൾ നിര്‍മ്മിക്കുന്നതെന്നാണ് വാര്‍ത്ത. നിര്‍മ്മിക്കുന്ന പല ഫാക്ടറികള്‍ക്കും അവരുടെ സ്വന്തം ഗുണമേന്മ പരിശോധനാ ഓഫിസര്‍മാരും ഉണ്ട്. എന്നാല്‍, ഇനിമേല്‍ ഇവരുടെ സര്‍ട്ടിഫിക്കറ്റു മാത്രം പോര കസ്റ്റംസ് കുടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമെ സാധനങ്ങള്‍ കയറ്റി അയയ്ക്കാനാകൂ. മെഡിക്കല്‍ റെസ്പിരേറ്ററുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍, മെഡിക്കല്‍ പ്രതിരോധ വസ്ത്രങ്ങള്‍, ഇന്‍ഫ്രാറെഡ് തെര്‍മ്മോമീറ്ററുകള്‍, വെന്റിലേറ്റരുകള്‍, സര്‍ജിക്കല്‍ ക്യാപ്‌സ്, മെഡിക്കല്‍ ഗോഗ്ള്‍സ്, മെഡിക്കല്‍ ഗ്ലൗസുകള്‍, മെഡിക്കല്‍ ഷൂ കവറുകള്‍, രോഗികളെ നിരീക്ഷിക്കാനുള്ള ഉപകരണങ്ങള്‍, മെഡിക്കല്‍ ഡിസിന്‍ഫെക്ഷന്‍ ടവലുകള്‍, ഡിസിന്‍ഫെക്ടന്റുകള്‍ തുടങ്ങിയവയെല്ലാം ഇനി രണ്ടാമതൊരു പരിശോധനയ്ക്കു ശേഷം മാത്രമായിരിക്കും കപ്പലില്‍ കയറ്റുക.

 

എന്നല്‍, ഈ കാലതാമസം പരമാവധി കുറയ്ക്കാനായി എന്തു ചെയ്യാനാകുമെന്ന് തങ്ങളുടെ കമ്പനി ഉദ്യോഗസ്ഥരുമായി ചര്‍ച്ചയിലാണെന്ന് ഹുബെയ് വി-മെഡിക്കല്‍ പ്രൊഡക്ട്‌സ് കമ്പനിയുടെ വൈസ് ജനറല്‍ മാനേജരായ വെന്‍ ഗുയിചെങ് അറിയിച്ചു. ഷാങ്ഹായിലെ റെസ്പിരേറ്റര്‍ വില്‍പ്പനക്കാരനായ നോവ ബ്ലെയ്ക് പറയുന്നത്, പുതിയ നിയമം വന്നതിനു ശേഷം തന്റെ കമ്പനി അയക്കാന്‍ ശ്രമിച്ച പാഴ്‌സലുകള്‍ കെട്ടിക്കിടക്കുകയാണ് എന്നാണ്. എന്നാല്‍, പുതിയ നിയമപ്രകാരം ചൈനയില്‍ നിന്നു വരുന്ന ഉപകരണങ്ങളിലുള്ള വിശ്വാസ കുറവ് ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം അനുസരിച്ച്, സ്വന്തമായി ഗുണനിലവാരം നോക്കാന്‍ സാധിക്കാതിരുന്ന ചില കമ്പനികള്‍ക്കും തങ്ങളുടെ പ്രൊഡക്ടുകള്‍ കയറ്റുമതി ചെയ്യാനായേക്കും.

 

ഗുണനിലവാരമില്ല എന്ന ആരോപണം വന്നതോടെ ചൈന പറഞ്ഞത് ഇനി സർക്കാർ പരിശോധിക്കാതെ ഒന്നും കയറ്റി അയയ്‌ക്കേണ്ട എന്നാണ്. ഈ ഓര്‍ഡറാണ് കാര്യങ്ങള്‍ വൈകിപ്പിക്കുന്നത്. എന്നാല്‍, ഇത്തരം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ചില ഫാക്ടറികള്‍ക്ക് സർക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ല. ഇതു ലഭിക്കണമെങ്കില്‍ മാസങ്ങള്‍ എടുത്തേക്കും. അത് ഇന്നത്തെ സാഹചര്യത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്ക് പ്രശ്‌നമായി തീരാനും സാധ്യതയുണ്ട്. ചൈനയിലെ വൈറസ് ബാധ പ്രത്യക്ഷത്തില്‍ തീര്‍ന്നു കഴിഞ്ഞു. വുഹാനില്‍ കൊറോണാവൈറസ് പടര്‍ന്ന സമയത്ത് സ്വന്തം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ചൈന ഏകദേശം 2 ബില്ല്യന്‍ മാസ്‌കുകളും, 400 ദശലക്ഷം മറ്റ് ഉപകരണങ്ങളും എത്തിച്ചുകൊടുത്തതായി വാര്‍ത്തകള്‍ പറയുന്നു.

 

മാര്‍ച്ച് 1നും ഏപ്രില്‍ 4നുമിടയ്ക്ക് ചൈന 3.86 ബില്ല്യന്‍ മാസ്‌കുകളും, 2.8 ദശലക്ഷം കൊറോണാവൈറസ് ടെസ്റ്റ് കിറ്റുകളും, 2.4 ദശലക്ഷം ഇന്‍ഫ്രാറെഡ് തെര്‍മ്മോമീറ്ററുകളും, 16,000 വെന്റിലേറ്ററുകളും കയറ്റുമതി ചെയ്തിട്ടുണ്ട്. രോഗവിവരം മറച്ചുവച്ചു എന്ന ആരോപണം തങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നതിനാല്‍ കൂടുതല്‍ മനുഷ്യത്വപരമായ നീക്കങ്ങള്‍ നടത്താല്‍ നര്‍ബന്ധിതരായിരിക്കുകയാണ്. ഇതുവരെ 100ലേറെ രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുകയോ സംഭാവന ചെയ്യുകയോ ചെയ്തിരിക്കുകയാണ് രാജ്യം. ഇറ്റലി, നൈജീരിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com