ADVERTISEMENT

കൊറോണ വൈറസിന്റെ ജനിതക പരിണാമങ്ങള്‍ വാക്‌സിന്‍ നിര്‍മാണത്തിനും ചികിത്സക്കും വെല്ലുവിളിയാകുമെന്ന് ആശങ്ക പങ്കുവെച്ച് ഗവേഷകര്‍. ഓസ്‌ട്രേലിയയിലേയും തായ്‌വാനിലേയും ഗവേഷകരാണ് ശാസ്ത്രലോകത്തിന് മുന്നില്‍ പുതിയൊരു വെല്ലുവിളിയുടെ കാര്യം ഓര്‍മിപ്പിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്നും കോവിഡ് രോഗം ബാധിച്ച് കേരളത്തിലെത്തിയ മലയാളിയുടെ ശരീരത്തില്‍ നിന്നെടുത്ത രോഗാണുവിന്റെ ഘടനയിലെ മാറ്റങ്ങളാണ് കണ്ടെത്തുന്ന വാക്‌സിനുകള്‍ എല്ലാ കോവിഡ് രോഗത്തേയും ചെറുക്കില്ലെന്ന് ആശങ്കക്കിടയാക്കുന്നത്.

മനുഷ്യന്റെ ശ്വാസകോശത്തില്‍ കണ്ടുവരുന്ന ACE2 എന്ന പ്രോട്ടീന്‍ അടങ്ങിയ കോശങ്ങളെയാണ് കോവിഡ് 19 രോഗം പരത്തുന്ന സാർസ്-CoV-2 വൈറസ് പ്രധാനമായും ആക്രമിക്കുന്നത്. കോവിഡ് രോഗാണു പകരുന്നതിനിടെ അതിന്റെ ഘടനയില്‍ തന്നെ പ്രകടമായ വ്യതിയാനങ്ങളുണ്ടാകുന്നതായാണ് തായ്‌വാനിലേയും ഓസ്‌ട്രേലിയയിലേയും സംയുക്ത ഗവേഷക സംഘത്തെ നയിച്ച വെയ് ലുങ് വാങ് പറയുന്നത്. സാർസ്-CoV-2 രോഗാണുവിന്റെ രൂപപരിണാമം വാക്‌സിന്റെ ഫലപ്രാപ്തിയെ ബാധിക്കുമെന്ന റിപ്പോര്‍ട്ട് ആദ്യമായാണ് പുറത്തുവരുന്നത്.

ജനുവരിയുടെ തുടക്കത്തില്‍ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയായ ഒരാളില്‍ നിന്നും ശേഖരിച്ച സാർസ്-CoV-2 വൈറസിന്റെ സാംപിളാണ് ഇവര്‍ പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും ഈ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ മാസമാണ് രാജ്യാന്തര ഗവേഷകര്‍ക്ക് പരിശോധിക്കാന്‍ സാധിക്കുന്ന കമ്യൂണിറ്റിയിലേക്ക് മാറ്റിയത്.

ചൈനയില്‍ കണ്ടുവരുന്ന കോവിഡ് വൈറസുമായി ഇവയുടെ രൂപഘടനയില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെന്നതാണ് ഗവേഷകരെ കുഴയ്ക്കുന്നത്. മറ്റു കോവിഡ് രോഗികളിലേതുപോലെ ശ്വാസകോശത്തിലെ ACE2 കോശങ്ങളെ മലയാളിയില്‍ കണ്ട കൊറോണ വൈറസ് ആക്രമിക്കുന്നത് വളരെ കുറവാണ്. ഇതോടെ ACE2 കോശങ്ങളെ ആക്രമിക്കുന്ന സാർസ്-CoV-2 വൈറസിനെതിരായ വാക്‌സിനുകള്‍ ഈ സ്വഭാവമാറ്റം വന്ന കൊറോണ വൈറസില്‍ എത്രത്തോളം പ്രായോഗികമാണെന്നതാണ് ഉയരുന്ന ആശങ്ക.

കഴിഞ്ഞ ഡിസംബറില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കൊറോണ വൈറസ് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പടര്‍ന്നുപിടിക്കുമ്പോഴും ഇന്ത്യയില്‍ വലിയതോതില്‍ വ്യാപിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നിരിക്കുന്നു. അവസാനത്തെ കുറച്ച് ദിവസങ്ങളില്‍ വേഗത്തിലാണ് ഇന്ത്യയിലും രോഗവ്യാപനം നടക്കുന്നത്. ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ കോവിഡ് കൂടുതല്‍ പേരിലേക്ക് പടര്‍ന്നാല്‍ ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാകും സംഭവിക്കുകയെന്ന ആശങ്കയും ഗവേഷകര്‍ പങ്കുവെക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com