ADVERTISEMENT

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസ് വന്നത് ചൈനയിലെ ലാബിൽ നിന്നാണെന്ന് ആരോപിച്ച് അമേരിക്ക. പ്രസിഡന്റ് ട്രംപും അമേരിക്കൻ മാധ്യമങ്ങളുമെല്ലാം ലഭ്യമായ, സ്ഥിരീകരിക്കാത്ത തെളിവുകൾ നിരത്തിയാണ് കൊറോണവൈറസിന് പിന്നിൽ ചൈനയാണെന്ന് ആരോപിക്കുന്നത്. കോവിഡ് -19 മഹാമാരിയുടെ ഉത്ഭവം ചൈനയിലെ ഒരു ലാബിൽ നിന്നാകാമെന്ന വസ്തുത നിരാകരിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

 

ബുധനാഴ്ചത്തെ വൈറ്റ് ഹൗസ് ബ്രീഫിങ്ങിൽ ട്രംപ് പറഞ്ഞത് വുഹാൻ നഗരത്തിലെ ഒരു വൈറോളജി ലാബിൽ നിന്നാണ് കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടത് എന്നാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും വിശ്വാസയോഗ്യമായ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു.

 

ചൊവ്വാഴ്ച വാഷിങ്ടൺ പോസ്റ്റിൽ വന്ന റിപ്പോർട്ട് പ്രകാരം നേരത്തെ തന്നെ അമേരിക്കൻ ഉദ്യോഗസ്ഥർ വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബ് സന്ദർശിച്ചതായും അന്ന് തന്നെ ലാക്സ് സേഫ്റ്റി പ്രോട്ടോക്കോളുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായും പറയുന്നു. വുഹാനിലെ ഈ ലാബിൽ നിന്നല്ലെങ്കിൽ മറ്റൊരു ലാബ് ആണോ എന്നതിനെക്കുറിച്ച് യുഎസ് സർക്കാരിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്താൻ തന്നെ വിവിധ വഴികളാണ് യുഎസ് നടത്തുന്നത്. എന്നാൽ, ഈ ആരോപണം തെളിയിക്കാനുള്ള നിർണായക തെളിവുകൾ നൽകാൻ യുഎസിന് ഇനിയും കഴിഞ്ഞിട്ടില്ല.

 

വുഹാനിലെ ലാബിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് സിൻ ജിൻ‌പിംഗിനോട് ചോദിച്ചോ എന്ന് വിശദീകരിക്കാൻ ട്രംപ് വിസമ്മതിച്ചു. ലബോറട്ടറിയെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് എന്താണ് സംസാരിച്ചതെന്ന് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല; എനിക്ക് ഇത് ചർച്ചചെയ്യാൻ താൽപ്പര്യമില്ല, ഇത് ഇപ്പോൾ അനുചിതമാണെന്നാണ് ട്രംപ് പറഞ്ഞത്.

 

വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിന് ഒരു ദിവസം കഴിഞ്ഞ്, ഫോക്സ് ന്യൂസും ചൈനക്കെതിരെ മറ്റൊരു വാർത്ത കൊടുത്തിരുന്നു. മാരകമായ കോവിഡ്–19 വുഹാൻ ലാബിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ റിപ്പോർട്ട്. അമേരിക്കയുമായി മത്സരിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്കിടെ ലാബിൽ നിന്ന് അബദ്ധത്തിൽ വൈറസ് പുറത്തുപോയതെന്നാണ് മറ്റൊരു ആരോപണം. ഈ റിപ്പോർട്ട് യുഎസ് ഉദ്യോഗസ്ഥരും സാധാരണക്കാരും വിശ്വസിക്കുന്നുണ്ട്. കൊറോണയ്ക്ക് പിന്നിൽ ചൈനയാണെന്നാണ് അമേരിക്കൻ ജനത വിശ്വസിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com