ADVERTISEMENT

ചൈനയിലെ ലോക്ഡൗണിന്റെ തുടക്കത്തില്‍ ആവശ്യത്തിനു സാധനങ്ങള്‍ വാങ്ങി സമാധാനത്തോടെ ഒതുങ്ങിക്കഴിയാന്‍ പോയവര്‍ക്കുപോലും സാധനങ്ങള്‍ തീര്‍ന്നു തുടങ്ങിയപ്പോള്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആധികയറി. അതോടൊപ്പമാണ് വീടുവിട്ട് പുറത്തിറങ്ങരുതെന്ന വിലക്കും വന്നത്. ഇനി എങ്ങനെയാണ് പച്ചക്കറിയും പഴങ്ങളും മറ്റു സാധനങ്ങളും കിട്ടുക എന്നത് അവരില്‍ ഭയം വര്‍ധിപ്പിച്ച സമയത്താണ് രാജ്യത്തെ ഡെലിവറി ഡ്രൈവര്‍മാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്.

 

കമ്യൂണിറ്റി വര്‍ക്കര്‍മാരും സന്നദ്ധപ്രവര്‍ത്തകരും ചൈനക്കാരുടെ വാട്‌സാപ് ആയ വീചാറ്റില്‍ ലോക്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞ് പെട്ടെന്ന് ഒത്തു ചേരുകയായിരുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ ചൈനയുടെ ഹോം ഡെലിവറി പടയുടെ ശക്തമായ ഇടപെടലാണ് ആളുകള്‍ക്ക് വേണ്ടത്ര സാധനങ്ങള്‍ എത്തിച്ചുകൊടുത്തത്. കൊറോണാവൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഹോം ഡെലിവറി നടത്താന്‍ എത്തിയവരുടെ ഇടപെടലാണ് നിര്‍ണ്ണയകമായത്. അല്ലെങ്കില്‍ ആളുകള്‍ പട്ടിണിമൂലം പ്രശ്‌നത്തിലാകുമായിരുന്നു. പ്രാദേശിക ഭരണകൂടങ്ങള്‍ പലരെയും മാറ്റിപ്പാര്‍പ്പിക്കുക കൂടെ ചെയ്തപ്പോള്‍ എല്ലാവര്‍ക്കും ആവശ്യത്തിനു ഭക്ഷണമെത്തിക്കുക എന്നത് വന്‍ വെല്ലുവിളിയായിരുന്നു എന്നാണ് ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹു സിങ്ഡു എന്ന രാഷ്ട്രീയ സാമ്പത്തികവിദഗ്ധന്‍ പറയുന്നത്. വുഹാനില്‍ ലോക്ഡൗണ്‍ ചെയ്യപ്പെട്ടവര്‍ പറയുന്നത് തങ്ങളുടെ പാര്‍പ്പിടമേഖലയിലെ വീടുകള്‍ക്കുള്ളില്‍ കഴിയാനേ സാധിക്കുമായിരുന്നുള്ളു എന്നാണ്. പുറത്തേക്കുളള വഴികളിലെല്ലാം കമ്യൂണിറ്റി ഗാര്‍ഡുകള്‍ നിലയുറപ്പിച്ചിരുന്നുവെന്നും അവര്‍ പറയുന്നു.

 

ആളുകള്‍ തമ്മില്‍ സ്പര്‍ശിക്കേണ്ട ആവശ്യമില്ലായിരുന്നു. സ്പര്‍ശം ഇന്റര്‍നെറ്റില്‍ മാത്രമായിരുന്നു. ഓണ്‍ലൈന്‍ കര്‍ഷകര്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും തങ്ങള്‍ക്കു വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നല്‍കുകയും പണമടയ്ക്കുകയും ചെയ്യും. തുടര്‍ന്ന് ആളുകള്‍ക്കു വേണ്ട ദൈനംദിന സാധനങ്ങള്‍ കമ്യൂണിറ്റി വര്‍ക്കര്‍മാര്‍ വീട്ടിലെത്തിക്കും. ലോക്ഡൗണ്‍ ചെയ്യപ്പെട്ടവര്‍ രാവിലെ ഒരു കഷണം പേപ്പറില്‍ തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങലുടെ ലിസ്റ്റ് എഴുതി കമ്യൂണിറ്റി വര്‍ക്കറെ ഏല്‍പ്പിക്കും. തങ്ങളുടെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനു മുന്നില്‍ വന്നു നില്‍ക്കുന്ന കൊറിയര്‍ സേവനദാതാവിന്റെ വാഹനത്തില്‍ നിന്ന് പാക്കറ്റുകള്‍ കമ്മ്യൂണിറ്റി വര്‍ക്കര്‍ പോയി വാങ്ങിവരികയായിരുന്നു ചെയ്തതെന്ന് അവര്‍ പറയുന്നു.

 

ഡിജിറ്റല്‍ ജീവിതം നടത്തിവന്ന ഒരു സമൂഹമെന്ന നിലയില്‍ വുഹാന്‍ വാസികള്‍ക്ക് അതിവ്യാപകമായ ഡെലിവറി നെറ്റ്‌വര്‍ക്ക് ആയിരുന്നു ഉണ്ടായിരുന്നത്. ടെക്‌നോളജി കമ്പനികള്‍ വിതരണ ശൃംഖലയ്ക്കായി അടിസ്ഥാന സൗകര്യമൊരുക്കാന്‍ വിപുലമായി പണമിറക്കുകയും ചെയ്തിരുന്നു. പക്വമായ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടും നിലവിലുണ്ടായിരുന്നു. ലോജിസ്റ്റിക്‌സ്, ബിഡ് ഡേറ്റാ, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവ ഉപയോക്താവിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നു വരെ മുന്‍കൂട്ടിക്കണ്ടിരുന്നു.

 

ഇത്ര മികച്ച സിസ്റ്റം ലോകത്ത് മറ്റൊരിടത്തുമില്ല

 

സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന കാര്യത്തിലും പാഴ്‌സലുകള്‍ ഡ്രോണുകള്‍ വഴി എത്തിച്ചുകൊടുക്കുന്നതിനും ലോകത്ത് മറ്റൊരു രാജ്യത്തിനും ഇന്നു സാധ്യമല്ലാത്ത തരത്തിലുള്ള സംവിധാനങ്ങള്‍ ചൈനയ്ക്കുണ്ട് എന്നാണ് സ്വിറ്റ്‌സര്‍ലൻഡിലെ ഐഎംഡി ബിസിനസ് സ്‌കൂളിലെ പ്രൊഫസറായ മാര്‍ക്ക് ഗ്രീവന്‍ പറയുന്നത്.

 

കൊറോണാവൈറസ് പ്രതിസന്ധി തുടങ്ങുന്നതിനു വളരെ മുൻപെ തന്നെ ദൈനംദിന ജീവിതത്തില്‍ ടെക്‌നോളജിയുമായി പല ചൈനീസ് നഗരങ്ങളും ഇടപഴകി വരുകയായിരുന്നു എന്നത് അവര്‍ക്ക് വളരെ ഗുണകരമായി. അലിപേ, വീചാറ്റ് പേ തുടങ്ങിയ തേഡ് പാര്‍ട്ടി കറന്‍സിയിലൂടെയല്ലാതെയുള്ള പണമടയ്ക്കല്‍ രീതികളും അവര്‍ക്ക് വളരെ പരിചിതമായിരുന്നു. ഇതെല്ലാം അവര്‍ക്ക് പ്രതിസന്ധിഘട്ടത്തില്‍ വളരെ ഗുണകരമായെന്നു കാണാം. ചൈനയുടെ ഇകൊമേഴ്‌സ് ഭീമന്‍ ജെഡി.കോം പറയുന്നത് കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതോടെ ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ പാരമ്യതയിലെത്തിയെന്നാണ്. തങ്ങള്‍ ഏകദേശം 220 ദശലക്ഷം പായ്ക്കുകള്‍ ജനുവരി 20നും ഫെബ്രുവരി 28നും ഇടയില്‍ എത്തിച്ചുകൊടുക്കുകയുണ്ടായി എന്ന് അവര്‍ വെളിപ്പെടുത്തി. ഇവയില്‍ മുഖ്യം ധാന്യങ്ങളും പാലുത്പന്നങ്ങളുമായിരുന്നു എന്ന് അവര്‍ പറയുന്നു.

 

ജെഡി.കോമിന്റെ കീഴിലുള്ള മറ്റൊരു സ്ഥാപനമായ ജെഡി.ഫ്രെഷ് പറയുന്നത് കൊറോണാവൈറസ് കാലത്ത് ഓണ്‍ലൈന്‍ വില്‍പ്പന കൂടുതല്‍ പേരിലേക്ക് എത്തിയെന്നാണ്. കൂടാതെ, ഈ സമയത്തെ പ്രവര്‍ത്തനത്തിലൂടെ തങ്ങള്‍ക്ക് കൃഷിക്കാരുടെ വിശ്വാസമാര്‍ജ്ജിക്കാനും തങ്ങള്‍ക്കായെന്നും അവര്‍ പറയുന്നു. മെയ്റ്റുവാന്‍ ഡിയാന്‍പിങ് എന്ന പേരിലുള്ള മറ്റൊരു ഓണ്‍ലൈന്‍ വില്‍പ്പനശാലയുടെ അനുഭവവും വ്യത്യസ്തമല്ല. തങ്ങളുടെ വില്‍പ്പന ലോക്ഡൗണ്‍ കാലത്ത് 400 ശതമാനം വര്‍ധിച്ചുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മുഖാവരണങ്ങള്‍, ഡിസിന്‍ഫെക്ടന്റ്, പഴങ്ങള്‍, ഉരുളക്കിഴങ്ങുകല്‍ തുടങ്ങിയവയാണ് അവര്‍ എത്തിച്ചുകൊടുത്തത്.

 

ഭക്ഷണം എത്തിച്ചുകൊടുക്കല്‍ കമ്പനിയായ എലെ.മി പറയുന്നത് തങ്ങളുടെ കച്ചവടം ഈ സമയത്ത് 600 ശതമാനം വര്‍ധിച്ചുവെന്നാണ്. ഇകൊമേഴ്‌സ് വ്യാപാരികള്‍ അവസരത്തിനൊത്ത് ഉയരുകയും, ഉപയോക്താക്കളുടെ സ്‌നേഹം പിടിച്ചുപറ്റുകയും ചെയ്തു. സ്പര്‍ശിക്കാതെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന വെല്ലുവിളി ഭക്ഷണമൊരുക്കി കൊടുക്കുന്ന കമ്പനികല്‍ വിജയകരമായി നേരിട്ടു. കെട്ടടങ്ങളുടെ മുന്നിലും ലിഫ്റ്റിലും താത്കാലിക വസതികള്‍ക്കു മുന്നിലും ഒക്കെ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വച്ചിട്ടുപോകുകയാണ് അവര്‍ ചെയ്തത്.

 

എന്നാല്‍, അതിലും ഹൈ-ടെക് സാങ്കേതികവിദ്യ ഉപയോഗിച്ചവരും ഉണ്ട്. ഇവര്‍ സെല്‍ഫ്-ഡ്രൈവിങ് വണ്ടികളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയായിരുന്നു. ചിലരാകട്ടെ എത്തിച്ചുകൊടുക്കലിന് ഡ്രോണുകളെയും ആശ്രയിച്ചു. പല കമ്പനികളും ജോലിക്കാരെ പരസ്പരം കൈമാറാന്‍ വൈമുഖ്യം കാട്ടിയില്ല. വിതരണത്തന് സ്വകാര്യ കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും കൈകോര്‍ത്തു എന്നതും ചൈയന്ക്ക് ഗുണകരമായി. ചുരുക്കിപ്പറഞ്ഞാല്‍ എണ്ണയിട്ട യന്ത്രം പോലെ പലരും പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വുഹാനില്‍ കൊറോണാവൈറസിനെതിരെ നേടിയ വിജയം. ഇതില്‍ ഡെലിവറി ഡ്രൈവര്‍മാരുടെ ഇടപെടല്‍ പ്രത്യേകം എടുത്തുപറയേണ്ടി വരുന്നുവെന്ന് മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com