sections
MORE

കൊറോണ: പുതിയ വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷകർ, കോവിഡ്–19ന് ചൂടും ഈര്‍പ്പവും പ്രശ്നമല്ലെന്ന് പഠനം

coronavirus-study
SHARE

ചൂടും ഈര്‍പ്പവുമുള്ള ഇടങ്ങളില്‍ പോലും കൊറോണാവൈറസിന് വ്യാപിക്കാനാകുമെന്ന് പുതിയ ചൈനീസ് പഠനം. സ്വിമ്മിങ് പൂളുകളിലും ബാഷ്പസ്‌നാനം (sauna bath) നടക്കുന്ന സ്ഥലങ്ങളിലുമൊക്കെ കോവിഡ്–19 ഒരാളില്‍ നിന്ന് മറ്റാളുകളിലേക്ക് പടര്‍ന്നിരിക്കുന്നതായി കണ്ടെത്തി. ചൈനയിലെ നാന്‍ജിങ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയത്.

ഒരാള്‍ എട്ടുപേര്‍ക്ക് രോഗം നല്‍കിയത് ഇത്തരത്തിലുള്ള സാഹചര്യങ്ങളിലാണ് എന്നാണ് അവരുടെ കണ്ടെത്തല്‍. നേരത്തെയുള്ള പഠനങ്ങള്‍ പ്രകാരം ഈര്‍പ്പം (humidtiy) ഉള്ള സ്ഥലങ്ങളല്‍ വൈറസിന്റെ വ്യാപനം അത്ര സുഗമമല്ല എന്നൊരു വാദമുയര്‍ന്നിരുന്നു. ഇത് ശരിയല്ലെന്നാണ് പുതിയ പഠനം പറയുന്നത്.

സാധാരണഗതിയില്‍ ഒരാളില്‍ നിന്ന് രോഗം പകരുന്നതിന്റെ ശരാശരി 2.5 പേരാണ്. എന്നാല്‍, ചൈനയില്‍ ഒരാള്‍ തന്റെ രോഗം എട്ടുപേര്‍ക്കു നല്‍കി. ഇക്കാരണത്താല്‍ ഇയാളെ വിളിക്കുന്ന പേരാണ് 'സൂപ്പര്‍സ്‌പ്രെഡര്‍'. ഇയാള്‍ കൊറോണാവൈറസ് തുടങ്ങിയ സ്ഥലമായി കരുതുന്ന വുഹാന്‍ സന്ദര്‍ശിച്ച ശേഷം സ്വിമ്മിങ് സെന്ററിലെത്തി എട്ടു പേര്‍ക്കു നല്‍കി. ഇവിടെ ഇയാള്‍ സ്വിമ്മിങ് പൂളുകള്‍, ഷവറുകള്‍, സോണ തുടങ്ങിയവ ഉപയോഗിച്ചു. ഇവിടുത്തെ താപനില 77 ഡിഗ്രി ഫാരന്‍ഹൈറ്റ് മുതല്‍ 106 ഡിഗ്രി ഫാരന്‍ഹൈറ്റ് വരെയായിരുന്നു.

എന്നാല്‍, മുൻപ് ചൈനയിലെ തന്നെ ബെയ്ഹാങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം പ്രകാരം ഈര്‍പ്പത്തിന്റെ സാന്നിധ്യമോ, കൂടിയ ചൂടോ ഉള്ള പ്രദേശമാണെങ്കില്‍ വ്യാപനം മന്ദീഭവിക്കാം എന്നായിരുന്നു. ഉയര്‍ന്ന താപനിലയും ഉയര്‍ന്ന ഈര്‍പ്പ സാന്നിധ്യവും വൈറസിന്റെ വ്യാപനം കാര്യമായ രീതിയില്‍ കുറയ്ക്കാമെന്നാണ് അവര്‍ പറഞ്ഞത്. ബെയ്ഹാങ്, സിങ്ഗുവാ യൂണിവേഴ്‌സിറ്റികളലെ ടീമുകള്‍ 100 നഗരങ്ങളില്‍ നിന്നുള്ള ഡേറ്റ ഉപയോഗിച്ചു നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. അവര്‍ 40ലേറെ രോഗബാധിതരുള്ള നഗരങ്ങളില്‍ മാത്രമാണ് പഠനം നടത്തിയത്. ഈ നഗരങ്ങളില്‍ എത്ര പേര്‍ക്ക് രോഗം പകര്‍ന്നുകിട്ടി, അവിടെയുള്ള താപനില, ഈര്‍പ്പസാന്നിധ്യം തുടങ്ങിയവയൊക്കെ അവലോകനം നടത്തിയാണ് തങ്ങളുടെ കണ്ടെത്തലുകളിൽ എത്തിച്ചേര്‍ന്നത്.

ആഗോള രോഗവ്യാപനം പഠിച്ച വിദഗ്ധര്‍ പറയുന്നത് ശരാശരി കണക്കാക്കിയാല്‍ ഒരാള്‍ രോഗം 2.5 ആളുകള്‍ക്കു നല്‍കുന്നു എന്നാണ്. എന്നാല്‍, ബെയ്ഹാങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത് ഈര്‍പ്പ സാന്നിധ്യം കൂടുന്നതിനനുസരിച്ച് വ്യാപനത്തിന്റെ നിരക്കും കുറയും എന്നായിരുന്നു. പുതിയ പഠനം പറയുന്നത്, ബാത് സെന്ററിലെ ഉയര്‍ന്ന താപനിലയും, 60 ശതമാനം വരെയുള്ള ഈര്‍പ്പ സാന്നിധ്യവും രോഗം അതിവേഗം പരത്തുന്നതിന് പ്രശ്‌നമായില്ല എന്നാണ്. സൂപ്പര്‍സ്‌പ്രെഡര്‍ വുഹാന്‍ സന്ദര്‍ശിച്ച ശേഷം ജനുവരി 18നാണ് ബാത് സെന്ററിലെത്തി എട്ടുപേര്‍ക്ക് രോഗം നല്‍കിയതെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. ഇയായളുടെ രോഗം സ്ഥിരീകരിക്കുന്നത് ജനുവരി 25നാണ്. ബാത് സെന്ററില്‍ ഇയാള്‍ ഉപയോഗിച്ച പൂളില്‍ അതേദിവസം നീന്തിയവര്‍ക്കാണ് രോഗം നല്‍കിയത്. കോവിഡ്-19ന്റെ ലക്ഷണങ്ങളായ പനി, ചുമ, തലവേദന, നെഞ്ചില്‍ കെട്ടിനില്‍ക്കുന്നതു പോലെയുളള തോന്നല്‍ തുടങ്ങയവയെല്ലാം പൂളില്‍ നീന്തിയ ഏഴു പേര്‍ക്ക് ആറു മുതല്‍ എട്ടു വരെ ദിവസങ്ങള്‍ക്കു ശേഷം കാണിച്ചു തുടങ്ങി. മറ്റൊരാള്‍ക്ക് അല്‍പ്പം കൂടെ താമസിച്ചാണ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഇവരുടെയെല്ലാം രോഗം സ്ഥിരീകരിക്കപ്പെട്ടു.

പുതിയ പഠനം നടത്തിയവര്‍ നല്‍കുന്ന മുന്നറിയിപ്പ് ചൂടും ഈര്‍പ്പവുമൊന്നും കോവഡ്-19 പകരുന്നതു തടയില്ല എന്നാണ്. രോഗം പകര്‍ന്നു കിട്ടിയ എട്ടു പേരും 24 മുതല്‍ 50 വയസുവരെ പ്രായമുള്ളവരാണ്. പല കാലാവസ്ഥയിലും കൊറോണാവൈറസിന് പിടിച്ചു നില്‍ക്കാനും പകരാനുമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. തങ്ങളുടെ കണ്ടെത്തലുകള്‍ കൊറോണാവൈറസിനെക്കുറിച്ച് കൂടുതല്‍ അറിവുപകരാന്‍ ഉപകരിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA