ADVERTISEMENT

അമേരിക്കയിലെ ഡെത്ത് വാലിയിലെ തനിയെ ചലിക്കുന്ന കല്ലുകള്‍ മുന്‍പും ലോകത്തെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ചുറ്റിപ്പറ്റി പല കഥകളും പ്രചരിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം ശാസ്ത്രലോകത്തെ അമ്പരപ്പിച്ച ഈ പ്രതിഭാസത്തിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. കല്ലുകള്‍ സഞ്ചരിക്കുന്നതിന് പിന്നിലെ രഹസ്യമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

മഞ്ഞുകാലത്ത് കല്ലിന്റെ പുറംഭാഗത്തായി ഈര്‍പ്പം മാറി നേരിയ മഞ്ഞുപാളികള്‍ രൂപപ്പെടാറുണ്ട്. ഈ സമയം തടാകത്തിന്റെ അടിത്തട്ട് മഞ്ഞും ഈര്‍പ്പവും നിറഞ്ഞ് ചെളി പരുവമായിട്ടുണ്ടാവും. പ്രദേശത്തെ ശക്തമായ കാറ്റ് കൂടി ഇടപെടുന്നതോടെ കല്ലുകള്‍ നേര്‍ത്ത മഞ്ഞുപാളികളുടെ സഹായത്തില്‍ നിരങ്ങി നീങ്ങും. സൂര്യന്‍ ഉദിച്ച് മഞ്ഞ് ഉരുകിപോയാല്‍ ചലനം അവസാനിക്കുകയും ചെയ്യുമെന്നും നാസ വിശദീകരിക്കുന്നു. പിറ്റേന്നും അനുകൂല സാഹചര്യം ഒത്തുവന്നാല്‍ ചലനം തുടരുകയും ചെയ്യും.

വര്‍ഷങ്ങളോളം അദ്ഭുതവിഷയമായിരുന്നെങ്കിലും യഥാര്‍ഥ കാരണം ശാസ്ത്രം വിശദീകരിക്കുമ്പോള്‍ അദ്ഭുതമെല്ലാം കൊഴിഞ്ഞുപോകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നാസ വിശദീകരണത്തിനിടെ നല്‍കുന്നുണ്ട്. ഈ അദ്ഭുതപ്രതിഭാസം കാണപ്പെടുന്ന റേസ്ട്രാക് പ്ലേയ തടാകം ഏതാണ്ട് പൂര്‍ണ്ണമായും സമനിരപ്പിലുള്ളതാണ്. ഇടക്കുള്ള കല്ലുകള്‍ മാത്രമേ സമനിരപ്പിന് തടസമായുള്ളൂ.

ഡെത്ത് വാലിയിലെ റെയ്‌സ്ട്രാക് പ്ലേയ എന്ന വരണ്ട തടാകത്തിലാണ് നേരത്തെയും കല്ലുകളുടെ ചലനം ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. പോയ വഴി കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടുള്ള വാലടക്കമുള്ള കല്ലുകളുടെ ചിത്രങ്ങള്‍ ഏറെ പ്രസിദ്ധമാവുകയും ചെയ്തു. വര്‍ഷങ്ങളെടുത്താണ് പല കല്ലുകളും സഞ്ചാരം പൂര്‍ത്തിയാക്കുന്നത്. ചലനത്തിനിടെ ചില കല്ലുകള്‍ കീഴ്‌മേല്‍ മറിയുകയും ചെയ്തിട്ടുണ്ട്. മിനിറ്റില്‍ അഞ്ച് മീറ്റര്‍ വരെ സഞ്ചരിച്ച കല്ലുകളെക്കുറിച്ചും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

36 കിലോഗ്രാം വരെ ഭാരമുള്ള കല്ലുകളുടെ ചലനം വരെ ഇവിടെയുണ്ടായിട്ടുണ്ട്. പരമാവധി 800 മീറ്റര്‍ വരെ കല്ലുകള്‍ സഞ്ചരിച്ചതായും കണ്ടെത്തിയിരുന്നു. മനുഷ്യന്റെയോ മറ്റു ജീവജാലങ്ങളുടേയോ യാതൊരു ഇടപെടലുമില്ലാതെ എങ്ങനെ കല്ലുകള്‍ ചലിക്കുന്നുവെന്നതായിരുന്നു അദ്ഭുതവിഷയം. അടുത്തകാലം വരെ ഈ പ്രകൃതി പ്രതിഭാസത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം ലഭ്യമായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com