ADVERTISEMENT

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (in vitro fertilisation) അഥവാ ഐവിഎഫ് ചികിത്സ നല്‍കുന്ന ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ഈ ആഴ്ച നിലച്ചതോടെ തങ്ങള്‍ക്ക് ഈ ജന്മം അമ്മയാകാന്‍ സാധിച്ചേക്കില്ലെന്ന തിരിച്ചറിവിലാണ് ആയിരക്കണനു ബ്രിട്ടിഷ് സ്ത്രീകള്‍. കൊറോണാവൈറസ് ലോക്ഡൗണ്‍ മൂലമാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം നിർത്താന്‍ തീരുമാനിച്ചത്.

ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി ഒതോറിറ്റി (എച്എഫ്ഇഎ), എന്‍എച്എസ്, പ്രൈവറ്റ് ക്ലിനിക്കുള്‍ തുടങ്ങിയവയെല്ലാം ഏപ്രില്‍ 15 മുതല്‍ ഐവിഎഫ് ചികിത്സ നിർത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. നേരത്തെ ചികിത്സ തുടങ്ങിയവരുടെ കാര്യവും പ്രശ്‌നത്തിലാണ്. ഇതും അനിശ്ചിത കാലത്തേക്ക് തുടരാനാവില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്‌നം ഉള്ളതിനാല്‍ പുതിയതായി ഐവിഎഫ് ചികിത്സ തുടങ്ങുന്നത് നേരത്തെ തന്നെ നിരോധിച്ചിരുന്നു. തങ്ങളുടെ മുപ്പതുകളുടെ അവസാനത്തിലോ, നാല്‍പ്പതുകളുടെ ആദ്യത്തിലോ ഉള്ള ഏകദേശം 68,000 പേരാണ് പ്രതിവര്‍ഷം ഈ ചികിത്സയിലൂടെ ബ്രിട്ടനില്‍ അമ്മയാകാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ വാര്‍ത്തകള്‍ പ്രകാരം, ഇനി ചികിത്സ പുനരാരംഭിക്കുന്ന സമയത്ത് പല സ്ത്രീകള്‍ക്കും പ്രായം കടന്നു പോയേക്കമെന്നും പറയുന്നു.

എന്താണ് ഇവിഎഫ്?

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്റെ സമയത്ത് ചികതിത്സയ്ക്ക് എത്തുന്ന സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്ന് ഒരു അണ്ഡം പുറത്തെടുത്ത് ലാബില്‍വച്ച് ബീജവുമായി സങ്കലനം നടത്തുകയാണ് ചെയ്യുക. ഇങ്ങനെ ബിജസങ്കലനം നടത്തിയ അണ്ഡത്തെ ഭ്രൂണം എന്നാണ് വിളിക്കുക. അത് ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചു നിക്ഷേപിച്ച് വളരാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. ഒരു സ്ത്രീയുടെ അണ്ഡവും അവരുടെ പങ്കാളിയുടെ ബീജവും തമ്മിലോ, മറ്റാരുടെയെങ്കിലും ബീജവുമായോ ആണ് സങ്കലനം നടത്തുക. വന്ധ്യതയുള്ളവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണിത്. ഇതാണ് വന്ധ്യതാ നിവാരണ ചികിത്സ.

സ്വകാര്യ ക്ലിനിക്കുകള്‍ 45 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് ഐവിഎഫ് ചികിത്സ നല്‍കില്ല. ഐവിഎഫ് ആകട്ടെ 40 വയസ്സിനു മുകളിൽ പ്രയാമുള്ളവര്‍ക്ക് രണ്ടാമതൊരു ഐവിഎഫ് ചികിത്സ നടത്തില്ല. 'നിങ്ങള്‍ക്ക് ജൈവഘടികാരം തിരിച്ചുവയ്ക്കാനാവില്ല,' എന്നാണ് പ്രോഗ്രസ് എജ്യൂക്കേഷണല്‍ ട്രസ്റ്റിലെ ഡോ. കാതറിന്‍ ഹില്‍ പറഞ്ഞത്. ചില സ്ത്രീകള്‍ക്ക് അമ്മയാകാനുള്ള അവസാന അവസരമായിരിക്കും ഇത്. അവരെ സംബന്ധിച്ച് ഇത് വലിയ മാനസിക പ്രയാസമായിരിക്കും സമ്മാനിക്കുക.

ഐവിഎഫിന്റെ വിജയ ശതമാനം

സ്ത്രീക്ക് 35-37 വയസ്സ് പ്രായമാണെങ്കില്‍ 23 ശതമാനം വിജയം ഉണ്ടാകും. അതേസമയം, 38-39 വയസ്സുകര്‍ക്ക് 15 ശതമാനം വിജയ സാധ്യതയാണുള്ളത്. എന്നാല്‍, 40-42 വയസ്സുകാര്‍ക്ക് കേവലം 9 ശതമാനം വിജയ സാധ്യത മാത്രമാണുള്ളത്, എന്നാണ് എന്‍എച്എസ് പറയുന്നത്. ഇതിനാലാണ് സ്വകാര്യ ആശുപത്രികള്‍ 45 വയസ്സ് തികഞ്ഞവര്‍ക്ക് പിന്നെ ചികിത്സ നല്‍കാത്തത്. ഒരിക്കല്‍ നടത്തി പരാജയപ്പെട്ടവര്‍ക്ക് 40 വയസ് പൂര്‍ത്തിയായി എങ്കില്‍ എന്‍എച്എസിന്റെ ക്ലിനിക്കിൽ കമ്മിഷണിങ് ഗ്രൂപ്പുകളും ചികിത്സ നല്‍കാറില്ല. കഴിഞ്ഞ മാസം എച്എഫ്ഇഎ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത് ശാസ്ത്രജ്ഞരും വിദഗ്ധരും തങ്ങളോട് ഐവിഎഫ് ചികിത്സ നിർത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു എന്നാണ്.

കൊറോണാവൈറസ് ബാധ പരക്കുന്ന വേളയില്‍ ഐവിഎഫ് ചികിതസ നിർത്തിവയ്ക്കുന്നതാണ് ഉത്തരവാദിത്വമുള്ളവര്‍ എടുക്കുന്ന തീരുമാനം. നിലവില്‍ നടന്നു വന്നിരുന്ന ചികിത്സ പൂര്‍ത്തിയാക്കാന്‍ 3 ആഴ്ച സമയവും നല്‍കിയിരുന്നു. ആ സമയം ഏപ്രില്‍ 13നു തീര്‍ന്നു. യുകെയിലെ ലൈസന്‍സുള്ള ക്ലിനിക്കുകളോടെല്ലാം ചികിത്സ നിർത്താന്‍ ആവശ്യപ്പെട്ടാതായും എച്എഫ്ഇഎ അറിയിച്ചു. ചികിത്സ വൈകുന്നുവെന്നത് പലര്‍ക്കും മാനസിക പ്രയാസമുണ്ടാക്കുന്ന‌ കാര്യമാണെന്ന് മനസ്സിലാകും.

നിരോധനം എത്ര കാലത്തേക്ക്?

ഈ നിരോധനം 12 മാസത്തേക്കു നീണ്ടു നിന്നാല്‍ കുറഞ്ഞത് 20,000 കുട്ടികള്‍ ഉണ്ടാകാതെ പോയേക്കാം എന്നാണ് എച്എഫ്ഇഎ പറയുന്നത്. ഏതാനും മാസം കഴിഞ്ഞു തുടങ്ങിയാല്‍ പോലും തങ്ങള്‍ക്ക് അമ്മമാരാകാനുള്ള സാധ്യതയില്ല എന്നാണ് ചില സ്ത്രീകള്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞത്. പലരും ഇവിഎഫ് ചികിത്സയ്ക്കായി ലോണ്‍ വരെ സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു. അവര്‍ ചെയ്യുന്നത് എന്താണെന്ന് തങ്ങള്‍ക്കു മനസ്സിലാകും. എന്നാല്‍, ചികിത്സയുടെ ഭവിഷ്യത്തുകള്‍ തങ്ങള്‍ക്കു മനസ്സിലായി എന്ന് എഴുതി വാങ്ങിയ ശേഷം ചികിത്സ തുടങ്ങിയിരുന്നെങ്കില്‍ എന്നാണ് ഒരു സ്ത്രീ പ്രതികരിച്ചത്.

ബ്രിട്ടനിലെ ഫെര്‍ട്ടിലിറ്റി നെറ്റ്‌വര്‍ക്കിലേക്കുള്ള ഫോണ്‍ കോളുകള്‍ 50 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ഇവിഎഫ് ചികിത്സയെടക്കുന്നവര്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. വൈറസ് ബാധ പോകുന്നതുവരെ ഐവിഎഫ് ചികിത്സ നടത്തരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് വലിയ ആഘാതമാണ് പലരിലും ഉണ്ടാക്കിയിരിക്കുന്നത്. അമ്മമാരാകാന്‍ പോകുന്നവര്‍ കണിശമായും സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗര്‍ഭധാരണ സമയത്ത് രോഗബാധയേല്‍ക്കുന്നത് അത്ര നല്ല കാര്യമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com