sections
MORE

കൊറോണ വൈറസ് ബാധ ഒളിച്ചുവച്ചു; ചൈന ചെയ്തത് വലിയ ചതി, പകയോടെ യൂറോപ്യൻ രാജ്യങ്ങൾ

hospital-wuhan
SHARE

ലോക രാജ്യങ്ങളില്‍ നിന്ന് ചൈന കൊറോണാവൈറസ് വന്ന കാര്യം മറച്ചുവച്ചുവെന്നും ഇതിന്റെ പഴിയേല്‍ക്കാതെ അവര്‍ വഴുതിമാറുകയാണെന്നും ബ്രിട്ടന്റെ എം16 ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസിന്റെ മുന്‍ മേധാവി സര്‍ ജോണ്‍ സാവേഴ്‌സ് ആരോപിച്ചു. വൈറസ് വ്യാപനം തുടങ്ങിയ കാലത്തെ സ്ഥിതിഗതികള്‍ സത്യസന്ധമായി രാജ്യാന്തര സമൂഹത്തെ അറിയിക്കുന്നതില്‍ ചൈന പരാജയപ്പെട്ടു. ഇതിനാല്‍ രാജ്യാന്തര സമൂഹത്തിന്റെ രോഷം അവര്‍ക്കു നേരെ ഉയരുമെന്ന് സര്‍ ജോണ്‍ പറഞ്ഞു. ചൈനയുടെ പ്രവൃത്തികളെ വിശകലനം ചെയ്യുന്നതില്‍ പരാജയപ്പെട്ട ലോകാരോഗ്യ സംഘടനയും ഗൗരവമുള്ള ചില ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അരിശം ചൈനയ്ക്കു നേരെയാണ് കാണിക്കേണ്ടത്. അല്ലാതെ ലോകാരോഗ്യ സംഘടനയ്ക്കു നേരെയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടെക്‌നോളജിയുടെ കാര്യത്തില്‍ ഇനി ഏഷ്യന്‍ വന്‍ശക്തിയായ ചൈനയെ ആശ്രിയിക്കാനാവില്ലെന്നു ബ്രിട്ടന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി ലോഡ് ഹെയ്ഗ് പറഞ്ഞതിനു ശേഷമാണ് സര്‍ ജോണിന്റെ വിലയിരുത്തല്‍ വന്നതെന്നതും ശ്രദ്ധേയമാണ്. ചൈന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അംഗീകരിച്ച പൊതു നിയമങ്ങള്‍ക്ക് വെളിയില്‍ നിന്നു കളിക്കുന്ന രാജ്യമാണെന്നാണ് കൊറോണാവൈറസ് പ്രതിസന്ധി കാണിച്ചുതരുന്നത് എന്നും ലോഡ് ഹെയ്ഗ് പറഞ്ഞു. അതിനുമുൻപ് ട്രംപ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ രോഷാകുലനാകുകയും സംഘടനയ്ക്കുള്ള പണം നല്‍കുന്നത് മരവിപ്പിക്കുകയും ചെയ്തിരുന്നു.

ചൈനയുടെ തെറ്റെന്ത്?

രോഗം പടര്‍ന്നു തുടങ്ങി ആറു ദിവസത്തേക്ക്, തങ്ങള്‍ ഒരു മഹാമാരി ആയിരിക്കാം നേരിടുന്നതെ‌ന്ന കാര്യം പൊതുസമൂഹത്തില്‍ നിന്നു മറച്ചുവച്ചു എന്നതാണ് ചൈനയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. ഇത് നിര്‍ണായകമായി എന്നാണ് വിലയിരുത്തല്‍. ഈ ആറു ദിവസത്തിനുള്ളില്‍ രോഗം ആദ്യം തിരിച്ചറിഞ്ഞ നഗരമായ വുഹാനില്‍ ഒരു പൊതു സദ്യ നടത്തിയിരുന്നു. ഇതില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ചൈനയിലെ പുതുവത്സരം പ്രമാണിച്ച് ആളുകള്‍ പൊതു യാത്രാ സംവിധാനങ്ങള്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും യാത്ര ചെയ്യുകയും ഉണ്ടായി. ചൈനീസ് പ്രസിഡന്റ് ഈ വിവരം പൊതുജനത്തോടു പറയുന്നത് ഏഴാം ദിവസമാണ് - ജനുവരി 20ന്. വുഹാനിലെ കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത് നവംബറിലായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അങ്ങനെയെങ്കിൽ രണ്ടു മാസത്തിനു ശേഷമാണ് ചൈനയുടെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നതെന്ന് ഊഹിക്കാം.

ഈ ഒരാഴ്ചയ്ക്കുള്ളില്‍ മൂവായിരത്തിലേറെ ആളുകള്‍ രോഗബാധിതരായിരുന്നു എന്നാണ് അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെ രേഖകള്‍ വെളിപ്പെടുത്തുന്നത്. ജനുവരി 14 മുതല്‍ 20 വരെയുള്ള കാലത്ത് രോഗത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തുവിട്ടില്ല എന്നതിനാല്‍ മറ്റു രാജ്യങ്ങള്‍ക്ക് ദ്രുതഗതിയില്‍ പ്രതിരോധം തീർക്കാനും സാധിച്ചില്ല. പല രാജ്യങ്ങളും ആഴ്ചകളോ, മാസങ്ങളോ കഴിഞ്ഞാണ് പ്രതികരിച്ചത്. ഏകദേശം 20 ലക്ഷം ആളുകളെയാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്.

കൊറോണാവൈറസ് താണ്ഡവമാടുന്ന ബ്രിട്ടനിലെ എംപിമാര്‍, ബെയ്ജിങ്ങുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്നാണ്. ചൈനയുടെ കമ്പനികളെ 5ജി സാങ്കേതികവിദ്യ ഒരുക്കാന്‍ അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. 'ചൈന ഇപ്പോള്‍ പഴികേള്‍ക്കാതെ മാറി നില്‍ക്കുകയാണ്. എന്നാല്‍, തത്കാലം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ചൈനയോട് സഹകരിക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് സര്‍ജോണ്‍ അഭിപ്രായപ്പെട്ടു. ചൈന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് ചില കാര്യങ്ങള്‍ ആദ്യകാലത്ത് മറച്ചുപിടിച്ചു എന്നും അദ്ദേഹം ആരോപിക്കുന്നു. ഇതൊക്കെയാണെങ്കിലും പഴി ചൈനയാണ് കേള്‍ക്കേണ്ടത്, ലോകാരോഗ്യ സംഘടനയല്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നേരിടുന്നതായും സര്‍ ജോണ്‍ ചൂണ്ടിക്കാട്ടി. ഒന്ന്, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിയങ്ങള്‍ക്ക് അനുസരിച്ചു നീങ്ങുന്ന രാജ്യമല്ല ചൈന. എന്നാല്‍, ചൈനയുടെ സഹായമില്ലാതെ ചില ആഗോള പ്രതിസന്ധികളെ നേരിടാനും ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്-19 അത്തരം നാടകീയമായ ഒരു സാഹചര്യമാണ്. ചൈനയെ ആശ്രയിക്കാനോ, അവരോട് സഹകരിക്കാതിരിക്കാനോ വയ്യെന്നും അദ്ദേഹം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA