ADVERTISEMENT
സര്‍വസംവിധാനങ്ങളോടെ ലോകമാകെ കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ്. നിര്‍മിത ബുദ്ധി അടക്കമുള്ള സാങ്കേതികവിദ്യകളും ഇതിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മരുന്നുകളുടെ തെരഞ്ഞെടുപ്പും നിര്‍മാണവും മുതല്‍ രോഗികളുടെ അപകടനിലയെക്കുറിച്ചുള്ള വിശകലനത്തിന് വരെ ലോകത്ത് നിര്‍മ്മിത ബുദ്ധിയെ ഉപയോഗിക്കുന്നുണ്ട്.

കോവിഡിനെതിരായ പോരാട്ടത്തില്‍ ശാസ്ത്രലോകത്തിന്റെ പ്രധാന കയ്യാളായി മാറിയിരിക്കുകയാണ് നിര്‍മ്മിത ബുദ്ധി. സാധാരണ ഗതിയില്‍ ആഴ്ചകളും മാസങ്ങളും എടുക്കുന്ന വിവരശേഖരണവും തരം തിരിക്കലുമൊക്കെയാണ് പല മേഖലകളിലും ഗവേഷകര്‍ അതിവേഗത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തില്‍ പൂര്‍ത്തിയാക്കുന്നത്.

വയാഗ്ര കണ്ടുപിടിച്ചവരില്‍ ഒരാളായ ഡോ. ഡേവിഡ് ബ്രൗണിന്റെ കേംബ്രിഡ്ജ് ആസ്ഥാനമായുള്ള ഹീല്‍എക്‌സ് കമ്പനി അപൂര്‍വ രോഗങ്ങള്‍ക്കുള്ള മരുന്ന് കണ്ടുപിടിക്കുന്നതിനായി നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നവരാണ്. മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തില്‍ ഹീല്‍എക്‌സ് മരുന്ന് കണ്ടെത്തുക.

1. നിലവില്‍ ഈ രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കുക
2. വൈറസിന്റെ ഡിഎന്‍എ ഘടന പരിശോധിക്കുക
3. നിലവിലുള്ളതില്‍ ഏറ്റവും യോജിച്ച മരുന്ന് തെരഞ്ഞെടുക്കുക

സാധാരണഗതിയില്‍ കോടിക്കണക്കിന് മരുന്നുകളില്‍ നിന്ന് പ്രത്യേക രോഗത്തിനുള്ളവ കണ്ടെത്തുക എന്നത് ഒരുപാട് സമയമെടുക്കുന്ന പ്രക്രിയയാണ്. ഇതാണ് നിര്‍മ്മിത ബുദ്ധി വഴി എളുപ്പമാക്കുന്നത്. 45 വര്‍ഷത്തോളം മരുന്നുകളുടെ നിര്‍മ്മാണം മേഖലയില്‍ ഗവേഷണം നടത്തുന്ന തനിക്ക് ഇതുവരെ മൂന്ന് മരുന്നുകള്‍ മാത്രമേ വിപണിയിലെത്തിക്കാനായിട്ടുള്ളൂ എന്നാണ് ഡോ. ബ്രൗണ്‍ തന്നെ പറയുന്നത്.

വിവരശേഖരണവും അവയുടെ തരം തിരിക്കലുമൊക്കെയാണ് നിര്‍മ്മിത ബുദ്ധിയുടെ സഹായത്തില്‍ ഗവേഷകര്‍ അതിവേഗത്തിലാക്കുന്നത്. മെയ് അവസാനത്തോടെ നിലവില്‍ ലഭ്യമായ മരുന്നുകളില്‍ നിന്നും കോവിഡിനെ നേരിടാന്‍ ഫലപ്രദമായവയെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഹീല്‍എക്‌സിന്റെ പ്രതീക്ഷ. കോവിഡിനെതിരായ മരുന്നിന്റെ കാര്യത്തില്‍ രണ്ടേ രണ്ട് മാര്‍ഗങ്ങളേ ഗവേഷകര്‍ക്ക് മുന്നിലുള്ളൂ. ഒന്നുകില്‍ വര്‍ഷങ്ങള്‍ കാത്തിരുന്ന് ഗവേഷണങ്ങള്‍ക്കൊടുവില്‍ ഏറ്റവും സുരക്ഷിതമായ മരുന്ന് കണ്ടെത്തുക അല്ലെങ്കില്‍ നിലവിലെ മരുന്നുകള്‍ ഉപയോഗിക്കുക.

കോവിഡ് എന്ന മഹാമാരിക്ക് ഒരു മരുന്നാണ് മറുപടിയെന്ന് കരുതുന്നില്ലെന്നാണ് ഡോ. ബ്രൗണ്‍ പറയുന്നത്. 80 ലക്ഷം മരുന്നുകളില്‍ നിന്നും 1050കോടി മരുന്നുകളുടെ കോംപിനേഷനുകളില്‍ നിന്നും കോവിഡിന് ഉപയോഗിക്കാന്‍ സാധ്യതയുള്ള 4000 മരുന്നുകള്‍ ആദ്യഘട്ടത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ ഹീല്‍എക്‌സിന്റെ നിര്‍മ്മിത ബുദ്ധിക്കായിട്ടുണ്ട്.

ആമവാതത്തിന് നല്‍കുന്ന ബാരിസിറ്റിനിബ് (Baricitinib) എന്ന മരുന്നും എച്ച്ഐവി രോഗികള്‍ക്ക് നല്‍കുന്ന അറ്റസനാവിർ (atazanavir) എന്ന മരുന്നും കോവിഡ് രോഗികളില്‍ ഫലപ്രദമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മരുന്നുകളുടെ നിര്‍മാണത്തിലും തരംതിരിവിലും മാത്രമല്ല രോഗികളുടെ ഗുരുതരാവസ്ഥയെ തിരിച്ചറിയുന്നതിനും ഡോക്ടര്‍മാരുടെ സഹായിയായി നിര്‍മ്മിത ബുദ്ധി മാറുന്നുണ്ട്. ഏത് രോഗിക്കാണ് വെന്റിലേറ്ററിന്റെ ആവശ്യകതയുള്ളത് എന്നത് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ എഐ സഹായിക്കും. കോവിഡ് രോഗികളുടെ സ്‌കാനുകള്‍ പരിശോധിച്ച് ആരിലാണ് രോഗം മൂര്‍ഛിക്കാന്‍ സാധ്യതയെന്ന് 96 ശതമാനം കൃത്യതയില്‍ 20 സെക്കൻഡിനുള്ളിലാണ് നിര്‍മ്മിത ബുദ്ധി പറയുക. ഇത്തരം സാങ്കേതികവിദ്യകള്‍ കോവിഡിനെക്കൊണ്ട് പൊറുതിമുട്ടുന്ന വൈദ്യശാസ്ത്രത്തിന് ശ്വാസംവിടാന്‍ സമയം നല്‍കുന്നവയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com