ADVERTISEMENT

രാജ്യത്ത് കോവിഡ്-19 കേസുകൾ അതിവേഗം ഉയരുകയാണ്. കൊറോണ വൈറസ് ബാധിച്ച 18,985 പേർ ഇന്ന് ഇന്ത്യയിലുണ്ട്. കോവിഡ് -19 മൂലം 603 പേർ മരിച്ചു. കോവിഡ്-19 ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന ചികിത്സാ രീതി കണ്ടെത്താൻ മെഡിക്കൽ അധികൃതർ അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യയില്‍ പ്ലാസ്മ ചികിത്സാ രീതി വിജയിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതേ ചികിത്സ കൂടുതൽ പേരിലേക്ക് പരീക്ഷിക്കാനാണ് ആരോഗ്യ പ്രവർത്തകരുടെ നീക്കം.

 

കോവിഡ്-19 നെതിരെ പ്ലാസ്മ തെറാപ്പിക്ക് ക്ലിനിക്കൽ ട്രയൽ നടത്താൻ കഴിഞ്ഞ ആഴ്ച ഐസി‌എം‌ആർ അനുമതി നൽകിയിരുന്നു, അതിനുശേഷം രാജ്യത്തുടനീളമുള്ള നിരവധി മെഡിക്കൽ സ്ഥാപനങ്ങൾ അവരുടെ രോഗികൾക്കായി ഇത് നടപ്പിലാക്കാൻ തുടങ്ങി. മിക്ക ഫലങ്ങളും വിജയമെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ പ്ലാസ്മ തെറാപ്പി ചികിത്സ നൽകിയ കോവിഡ്-19 രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായി. ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 49കാരനായ രോഗിക്കാണ് പ്ലാസ്മ തെറാപ്പി ചികിത്സ നൽകിയത്.

 

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു മാക്‌സ് ആശുപത്രിയിലെ രോഗി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പ്ലാസ്മ ചികിത്സയ്ക്ക് ശേഷം ആരോഗ്യനിലയില്‍ മാറ്റമുണ്ടാവുകയും തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തു. സമാനമായ റിപ്പോർട്ടാണ് മറ്റു സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്നത്.

 

രക്ഷപ്പെട്ട കോവിഡ്-19 രോഗികളില്‍ നിന്ന് ആന്റിബോഡി എടുത്തുള്ള ചികിത്സ 100 ശതമാനം വിജയമെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ നേരത്തെ തന്നെ തെളിയിച്ചിരുന്നു. കൊറോണാവൈറസിനെതിരെ വിജയകരമായി പ്രയോഗിക്കാനുള്ള മരുന്നന്വേഷിച്ചു പരക്കംപായുന്ന സമയത്ത് വന്നിരിക്കുന്ന ഈ വാര്‍ത്ത പ്രതീക്ഷ നല്‍കുന്നതാണ്. നേരത്തെ കോവിഡ്-19 ബാധിച്ച് രക്ഷപെട്ടവരില്‍ നിന്നെടുത്ത ആന്റിബോഡി, രോഗബാധിതരായ 10 പേരില്‍ കുത്തിവച്ചു ചൈനയിൽ നടത്തിയ പരീക്ഷണവും വിജയിച്ചിരുന്നു.

 

കൊറോണ വൈറസ് ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തവരുടെ രക്തത്തില്‍നിന്ന് വേർതിരിച്ച പ്ലാസ്മ അതീവഗുരുതരാവസ്ഥയിലുളള രോഗികള്‍ക്കു നല്‍കുകയാണു ചെയ്യുന്നത്. പ്ലാസ്മഫെറസിസ് മെഷീനിലൂടെ ദാതാവിന്റെ രക്തം കടത്തിവിടുമ്പോള്‍ രക്തകോശങ്ങള്‍ വേര്‍തിരിഞ്ഞു ദാതാവിനു തന്നെ ലഭിക്കും. കോശങ്ങള്‍ ഇല്ലാത്ത രക്തഭാഗമായ പ്ലാസ്മ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കാന്‍ സ്വമേധയാ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള ബി ലിംഫോസൈറ്റ്‌സ് സെല്ലുകള്‍ രക്തത്തിലെ പ്ലാസ്മയില്‍ ഉണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com