ADVERTISEMENT

ചൈനയില്‍ മൂന്നാമത്തെ കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ പ്രതീക്ഷയുടെ ഫലങ്ങളാണ് ലഭിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ബെയ്ജിങിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫുഡ് ആന്റ് ഡ്രഗ് കണ്‍ട്രോളിലെ ക്വിന്‍ ചുഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ഈ കോവിഡ് വാക്‌സിന്റെ മറ്റു ജീവികളിലെ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പാര്‍ശ്വഫലങ്ങള്‍ വളരെ കുറവാണെന്നും കണ്ടെത്തിയതോടെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 18 മുതല്‍ 59 വയസു വരെയുള്ള ആരോഗ്യമുള്ളവരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്.

അതേസമയം കോവിഡ് പരത്തുന്ന സാര്‍സ്-CoV-2 വൈറസിന് സംഭവിക്കുന്ന ജനിതക മാറ്റങ്ങള്‍ ഗവേഷകര്‍ക്ക് തലവേദനയാകുന്നുണ്ട്. ഒരു വാക്‌സിന്‍ തന്നെ ലോകത്തെ എല്ലാ ഭാഗത്തും ഫലപ്രദമാവില്ലെന്ന ആശങ്കയാണ് വൈറസിനുണ്ടാകുന്ന ജനിതക മാറ്റങ്ങള്‍ വര്‍ധിപ്പിക്കുന്നത്. ലോകത്താകെ 4,300 വ്യത്യസ്ത തരത്തില്‍ ജനിതകമാറ്റം സംഭവിച്ച സാര്‍സ്-CoV-2 വൈറസുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഷെജിയാങ് പ്രവിശ്യയിലെ ഒരു കോവിഡ് രോഗിയില്‍ നിന്നും എടുത്ത സാർസ്-CoV-2 നുള്ള വാക്‌സിനാണ് ചൈനീസ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്. ചൈനയിലെ മറ്റുപല പ്രദേശങ്ങളേയും അപേക്ഷിച്ച് ആറ് കോടി ജനസംഖ്യയുള്ള ഷെജിയാങില്‍ കോവിഡ് വലിയ തോതില്‍ വ്യാപിച്ചിരുന്നില്ല. ആകെ 1,200 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് ജീവന്‍ നഷ്ടമായത്.

ഈ വാക്‌സിന്‍ ലോകത്തിന്റെ പലഭാഗത്തേയും പ്രധാന കോവിഡ് 19 വൈറസിന്റെ ജനിതക വിഭാഗങ്ങളെ തിരഞ്ഞെടുത്ത് അതില്‍ ഫലപ്രദമാകുമോ എന്ന് പരീക്ഷിച്ചെന്നും ചൈനീസ് ഗവേഷകര്‍ അവകാശപ്പെടുന്നു. ഇതിനായി ചൈനക്ക് പുറമേ ഇറ്റലി, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്റ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ കോവിഡ് രോഗികളുടെ സാംപിളുകളില്‍ നിന്നെടുത്ത സാർസ്-CoV-2 വൈറസാണ് ഉപയോഗിച്ചത്. അതേസമയം, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേയും പശ്ചിമേഷ്യയിലേയും ഇന്ത്യയിലേയും കോവിഡ് വൈറസിന്റെ സാംപിളുകള്‍ ഇവര്‍ ശേഖരിച്ചിട്ടുമില്ല.

ചൈനയില്‍ അതിവേഗത്തില്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് വാക്‌സിനുകളില്‍ ഒന്നാണ് ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. ലോകത്താകെ കോവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള ഗവേഷകരുടെ ശ്രമം ഊര്‍ജ്ജിതമാണ്. എഴുപതോളം കോവിഡ് വാക്‌സിനുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് കണക്കാക്കപപ്പെടുന്നത്. സുരക്ഷിതമായ വാക്‌സിന്‍ കണ്ടെത്തുന്നതിന് കുറഞ്ഞത് ഒരു വര്‍ഷമെടുക്കുമെന്ന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ലോകമെങ്ങുമുള്ള ഗവേഷകരുടെ കഠിനാധ്വാനം ഈ സമയദൈര്‍ഘ്യത്തെ കുറയ്ക്കുമെന്ന് തന്നെയാണ് മനുഷ്യരാശിയുടെ ശുഭപ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com