sections
MORE

അതിവേഗ ഇന്റർനെറ്റിന് 60 സാറ്റലൈറ്റുകള്‍ കൂടി വിക്ഷേപിച്ചു, ഫാൽക്കൺ 9ന് ഇത് ചരിത്രനിമിഷം

internet-sat
SHARE

ഇലോണ്‍ മസ്‌കിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ആഗോള അതിവേഗ ഇന്റര്‍നെറ്റിനായുള്ള 60 സാറ്റ്‌ലൈറ്റുകള്‍ കൂടി വിജയകരമായി വിക്ഷേപിച്ചു. സ്റ്റാര്‍ലിങ്ക് ടെലികമ്യൂണിക്കേഷന്‍സിന്റെ 12,000 സാറ്റ്‌ലൈറ്റുകളായിരിക്കും പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഭൂമിയെ വലംവയ്ക്കുക. ഭൂമിയില്‍ എവിടെയും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം. 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയും ദൗത്യത്തിനൊടുവിൽ റോക്കറ്റ് കടലിൽ ലാൻഡിങ് നടത്തുകയും ചെയ്തു.

നാസയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെ ലോഞ്ച് പാഡ് 39 എയിൽ നിന്നായിരുന്നു ഫാൽക്കൺ 9 വിക്ഷേപണം. ഫാൽക്കൺ 9 ന്റെ 84-ാമത്തെ വിക്ഷേപണമായിരുന്നു ഇത്. ഇതോടെ പുതിയ ഇന്റർനെറ്റ് ശൃംഖലയ്ക്കായി വിക്ഷേപിച്ച മൊത്തം ഉപഗ്രഹങ്ങളുടെ എണ്ണം 422 ആയി. ഇത് ഏഴാമത്തെ സ്റ്റാർലിങ്ക് ഉപഗ്രഹ വിക്ഷേപണമാണ്. സ്‌പേസ് എക്‌സിന് കുറഞ്ഞ ഇന്റർനെറ്റ് കവറേജ് ലഭ്യമാക്കുന്നതിന് കുറഞ്ഞത് 400 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ആവശ്യമാണ്. മിതമായ കവറേജ് നൽകാൻ കമ്പനിക്ക് കുറഞ്ഞത് 800 ഉപഗ്രഹങ്ങളെങ്കിലും ആവശ്യമാണെന്നും മസ്‌ക് പറഞ്ഞു. അതിവേഗ ഇന്റർനെറ്റ് സേവനം ഈ വർഷാവസാനം തന്നെ ആരംഭിക്കാം.

ഭൂമിയില്‍ നിന്നും 280 കിലോമീറ്റര്‍ ഉയരത്തിലാണ് സാറ്റലൈറ്റുകള്‍ ആദ്യം എത്തിക്കുന്നത്. നേരത്തെയും ഒരുപാടു സാറ്റ്‌ലൈറ്റുകള്‍ സ്‌പേസ് എക്‌സ് ഒറ്റത്തവണത്തെ വിക്ഷേപണത്തിലൂടെ ബഹിരാകാശത്തെത്തിച്ചിട്ടുണ്ട്. 2018 ഡിസംബറിൽ 64 സാറ്റലൈറ്റുകള്‍ ഒറ്റത്തവണത്തെ വിക്ഷേപണത്തിലെത്തിച്ചതാണ് ഈ ഗണത്തില്‍ സ്‌പേസ് എക്‌സിന്റെ ഏറ്റവും വലിയ നേട്ടം.

ഭ്രമണപഥം ഉയർത്തുന്നതിനു മുൻപ്, എല്ലാ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സ്പേസ് എക്സ് എൻജിനീയർമാർ ഡേറ്റ അവലോകനങ്ങൾ നടത്തുന്നുണ്ട്. ചെക്ക് ഔട്ടുകൾ പൂർത്തിയായിക്കഴിഞ്ഞാൽ ഉപഗ്രഹങ്ങൾ അവയുടെ ഓൺബോർഡ് അയോൺ ത്രസ്റ്ററുകൾ ഉപയോഗിച്ച് ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് ഉയർത്തും.

സോളാര്‍ പാനലിനൊപ്പം ഭൂമിയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാനും തിരിച്ചയക്കാനുമുള്ള ആന്റിനകളും സാറ്റലൈറ്റുകളുടെ ഭാഗമാണ്. കാലാവധി കഴിയുന്നതിനനുസരിച്ച് സ്വയം തകരുന്ന സംവിധാനവും ഈ സാറ്റ്‌ലൈറ്റുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. എങ്കിലും ഇത്തരത്തില്‍ വലിയ തോതില്‍ സാറ്റ്‌ലൈറ്റുകള്‍ ബഹിരാകാശത്തെത്തുന്നത് ബഹിരാകാശ മാലിന്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ബഹിരാകാശത്തെ മനുഷ്യനിര്‍മിത വസ്തുക്കളുടെ കൂട്ടിയിടിയില്‍ കലാശിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഓരോ സാറ്റ്‌ലൈറ്റുകളും മറ്റ് നാല് സാറ്റലൈറ്റുകളുമായി ലേസറുകള്‍ വഴി ബന്ധിച്ചിരിക്കും. ഇത് ഭൂമിക്ക് മുകളിലായി സാറ്റലൈറ്റുകളുടെ ഒരു വല പോലെ പ്രവര്‍ത്തിക്കുകയും ശൂന്യതയില്‍ വെളിച്ചത്തിനുള്ള അത്രയും വേഗത്തില്‍ ഇന്റര്‍നെറ്റില്‍ വിവരവിനിമയം സാധ്യമാക്കുമെന്നുമാണ് കരുതപ്പെടുന്നത്. ഇത് നിലവിലെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാക്കും.

Starlink-7

2027 ആകുമ്പോഴേക്കും 12,000 സാറ്റ്‌ലൈറ്റുകള്‍ ബഹിരാകാശത്തെത്തിക്കുകയാണ് പ്രധാന വെല്ലുവിളിയാണ്. അത് സാധ്യമാകണമെങ്കില്‍ ഓരോ മാസത്തിലും ഇത്തരത്തിലുള്ള വിക്ഷേപണം നടക്കേണ്ടതുണ്ട്. ഈ സാറ്റ്‌ലൈറ്റുകള്‍ മുഴുവനായി വിക്ഷേപിക്കുന്നതിന് മുമ്പ് തന്നെ നിശ്ചിത പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങും. ഭൂമിയില്‍ എല്ലായിടത്തും മാത്രമല്ല വിമാനങ്ങളിലും കപ്പലുകളിലുമെല്ലാം അതിവേഗ ഇന്റര്‍നെറ്റ് ഇതുവഴി ഉറപ്പാക്കാനും സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA