ADVERTISEMENT

ഈ നൂറ്റാണ്ടില്‍ ലോകമഹായുദ്ധങ്ങള്‍, മഹാവ്യാധികള്‍, ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കല്‍, ആഗോള താപനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപനം എന്നിങ്ങനെ ചില പ്രശ്‌നങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിന് അല്ലെങ്കില്‍ കുറഞ്ഞത് ഇതുവരെ തുടര്‍ന്നു വന്ന ജീവിത രീതിക്ക് ഭീഷണിയായി തീരാമെന്ന് വളരെ കാലമായി പറഞ്ഞുവരുന്ന കാര്യമാണ്. ഭൂമിയില്‍ വരാവുന്ന മാറ്റങ്ങളെക്കുറിച്ച് പല പ്രവചനങ്ങളും നടത്തിയിട്ടുള്ള വ്യക്തിയാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ മേധാവിയും കാരുണ്യപ്രവര്‍ത്തകനുമായ ബില്‍ ഗെയ്റ്റസ്. ഇപ്പോള്‍ നടക്കുന്നത് ലോകമഹായുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ വാദം. എന്നാല്‍, ഇതില്‍ മനുഷ്യരെല്ലാം ഒരു പക്ഷത്താണ്. കൊറോണാവൈറസ് മറുപക്ഷത്തും. ലോക്ഡൗണുകളെ തുടര്‍ന്ന് തളരുന്ന സമ്പദ്‌വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാന്‍ എന്തു ചെയ്യണമെന്നും ഗെയ്റ്റസ് പറഞ്ഞു.

 

നൂതന സമീപനങ്ങളാണ് ഈ സമയത്ത് വേണ്ടത്

 

കൊറോണാവൈറസിന്റെ ആക്രമണത്തിന്റെ ആഘാതം കുറയ്ക്കാന്‍ മനുഷ്യര്‍ നൂതനമായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ബില്‍ ഗെയ്റ്റസ് പറയുന്നു. ടെസ്റ്റിങിനും ചികിത്സയ്ക്കും വാക്‌സിന്‍ കണ്ടെത്തുന്ന കാര്യത്തിലും വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ എടുക്കുന്ന നടപടിക്രമങ്ങളുടെ കാര്യത്തിലുമെല്ലാം ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത തരം മാര്‍ഗങ്ങള്‍ കണ്ടെത്തണം. അങ്ങനെ വന്നാല്‍ മാത്രമേ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കാനാകൂവെന്നും അദ്ദേഹം പറയുന്നു.

 

ഇതിന് ഉദാഹരണമായി ബില്‍ ഗെയ്റ്റസ് പറയുന്നത് രണ്ടാം ലോക മഹായുദ്ധകാലമാണ്. ആ സമയത്ത് നിരവധി നൂതന സംവിധാനങ്ങള്‍ നിലവില്‍ വന്നകാര്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു- റഡാറുകള്‍, വിശ്വസിക്കാവുന്ന ടോര്‍പിഡോകള്‍, കോഡ് തകര്‍ക്കല്‍ തുടങ്ങിയവയൊക്കെ ഉപയോഗിച്ചത് യുദ്ധം പെട്ടെന്ന് അവസാനിക്കാന്‍ ഇടയാക്കി. കോവിഡ്-19 മഹാവ്യാധിക്കെതിരെയും പരമ്പരാഗത മാര്‍ഗ്ഗങ്ങളല്ല അനുവര്‍ത്തിക്കേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനായി ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍ അദ്ദേഹം അടിവരയിട്ടു പറയുന്നു: ചികിത്സ, വാക്‌സിന്‍ ഗവേഷണം, ടെസ്റ്റിങ്, കോണ്ടാക്ട് ട്രെയ്‌സിങ്, ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള പോളിസികള്‍. ഈ മേഖലകളില്‍ വേറിട്ട സമീപനം ഉണ്ടായില്ലെങ്കില്‍ നമുക്ക് പഴയ കാലത്തേക്ക് മടങ്ങാനാവില്ല എന്നു മാത്രമല്ല, വൈറസിനെ തടയാനുമാവില്ലെന്നും ഗെയ്റ്റ്‌സ് പറയുന്നു.

 

സാമ്പത്തിക നഷ്ടം

 

കൊറോണാവൈറസ് വരുത്തിവച്ച സാമ്പത്തിക നഷ്ടത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. വൈറസിന്റെ വ്യാപനം തടയാന്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കുമെല്ലാം വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനു കാരണം മഹാവ്യാധിയുടെ വ്യാപനത്തിന്റെ തോതാണെന്നും അദ്ദേഹം പറയുന്നു. ഈ സമയത്ത് ആളുകളുടെ ജോലി നഷ്ടപ്പെടുന്നത് ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലാണ്. സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളും സമ്പൂര്‍ണമായി അടച്ചുപൂട്ടപ്പെട്ടു. എന്നാല്‍, പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ട കാര്യം ഇത് സർക്കാരുകളുടെ പുതിയ നയരൂപീകരണത്തിന്റെ ഭാഗമായി സംഭവിച്ചതല്ല എന്നതാണ‌െന്നും ഗെയ്റ്റ്‌സ് പറയുന്നു.

 

ഏങ്ങനെ രക്ഷപെടും?

 

ചികിത്സയുടെ കാര്യം പറഞ്ഞാല്‍, പൊതുജനത്തിന് 95 ശതമാനമെങ്കിലും വിജയസാധ്യതയുള്ള ചികിത്സ കിട്ടാന്‍ തുടങ്ങിയാല്‍ മാത്രമേ പൊതുപരിപാടികളും കൂട്ടംകൂടലും മറ്റും പഴയരീതിയില്‍ തുടങ്ങാനാകൂ. ഇതെല്ലാം നടക്കണമെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പു വരണമെന്നാണ് പലരും വിശ്വസിക്കുന്നത്. ബില്‍ ഗെയ്റ്റ്‌സും. ഒരു അത്ഭുത ചികിത്സ കണ്ടെത്തുന്നില്ലെങ്കില്‍ അതു പ്രതീക്ഷിച്ചു മുന്നോട്ടുപോകാനാവില്ല. കോവിഡ്-19 വരുന്നതിനു മുൻപുള്ള ലോകത്തേക്കു പോകണമെങ്കില്‍ രോഗം വരാതിരിക്കാനുള്ള അതിശക്തമായ വാക്‌സിന്‍തന്നെ കണ്ടുപിടിക്കപ്പെടണമെന്നും അദ്ദേഹം പറയുന്നു.

 

700 കോടി പേര്‍ക്കും വാക്‌സിനേഷന്‍

 

വാക്‌സിന്‍ നിര്‍മാണ പദ്ധതികളുടെ ആക്കം കൂട്ടാന്‍ എന്തെല്ലാം ചെയ്യണമെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഗവേഷകര്‍ വികസിപ്പിച്ചു വരുന്ന വാക്‌സിനുകളില്‍ മികച്ച ഒന്നോ രണ്ടോ എണ്ണം തിരഞ്ഞെടുത്ത് അത് ലോകത്തെ 700 കോടി ആളുകള്‍ക്കും കുത്തിവയ്ക്കണം. അത് ഒരു ഡോസ് വാക്‌സിനാണെങ്കില്‍ ഒരു തവണ അല്ലെങ്കില്‍ രണ്ടു തവണ. രണ്ടു തവണ കൊടുക്കണമെങ്കില്‍ 1400 കോടി ഡോസ് മരുന്നു വേണം. അതിനാല്‍തന്നെ ലോകം വാക്‌സിന്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ തിടുക്കപ്പെട്ടു പായുകയാണ്. വാക്‌സിന്‍ നിര്‍മാണം മറ്റൊരിക്കലും നടക്കാത്ത അത്ര മടങ്ങ് ബ്രഹത് പദ്ധതിയായിരിക്കും. ഒന്നിലേറെ കമ്പനികള്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറയുന്നു.

 

ഇത്തരത്തില്‍ 'ആധികാരികമായ' പല പ്രവചനങ്ങളും ഗെയ്റ്റ്‌സ് നടത്തിയിട്ടുണ്ട്. അവയില്‍ ചിലത് സംഭവിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് ഇത്തരം ഒരു മഹാവ്യാധി വരുമെന്ന് 2015ല്‍ തന്നെ ഗെയ്റ്റ്‌സ് പ്രവചിച്ചിട്ടുണ്ട.് എന്നാല്‍, ചികിത്സാ സമ്പ്രദായങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, ബിസിനസുകാരന്‍ മാത്രമായ അദ്ദേഹത്തിനെങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നതെന്ന് ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്. എന്തായാലും കൊറോണാവൈറസിനുള്ള വാക്‌സിനുകള്‍ നിര്‍മ്മിക്കാനായി ഈ ശതകോടീശ്വരന്‍ ഏഴു ഫാക്ടറികളാണ് തുടങ്ങിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com