ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. മിക്ക രാജ്യങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ്–19 രോഗത്തെ പ്രതിരോധിക്കാൻ വിവിധ വഴികളാണ് തേടുന്നത്. ഇതെല്ലാം ഒരു പരിധിവരെ നേട്ടമായിരിക്കുന്നത് ഭൂമിക്ക് തന്നെയാണ്. ഭൂമിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ തുടങ്ങിയിരിക്കുന്നു. ഭൂമിയിലെ അന്തരീക്ഷം ശുദ്ധമായിരിക്കുന്നു. ലോക്ഡൗണിനു ശേഷം ഇന്ത്യയിലെ അന്തരീക്ഷം തെളിഞ്ഞു. ഫാക്ടറികളും റോഡുകളും നിശ്ചലമായതോടെ വായു മലിനീകരണം കുറഞ്ഞുവെന്ന് വിവിധ ബഹിരാകാശ ഏജൻസികൾ പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

 

map-1

ആളുകൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ പ്രകൃതിക്ക് വൻ നേട്ടമാണ് ലഭിച്ചത്. വായുമലിനീകരണം 40 മുതൽ 50 ശതമാനം വരെ കുറഞ്ഞുവെന്നാണ് രേഖകൾ കാണിക്കുന്നത്. ഇഎസ്എയുടെ കോപ്പർനിക്കസ് സെന്റിനൽ -5 പി ഉപഗ്രഹത്തിൽ നിന്ന് അടുത്തിടെ പകർത്തിയ ചിത്രങ്ങൾ അനുസരിച്ച് ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ മലിനീകരണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

 

map-2

കോപ്പർനിക്കസ് സെന്റിനൽ -5 പി ഉപഗ്രഹത്തിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ച് നിർമ്മിച്ച സാറ്റലൈറ്റ് മാപ്പുകൾ മാർച്ച് 24 മുതൽ ഏപ്രിൽ 20 വരെ രാജ്യത്തെ ശരാശരി നൈട്രജൻ ഡൈ ഓക്സൈഡ് സാന്ദ്രതയിലുണ്ടായ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മലിനീകരണ തോതിൽ കുറഞ്ഞത് 40 മുതൽ 50 ശതമാനം വരെ കുറവുണ്ടായതായി ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. സാധാരണയായി അന്തരീക്ഷത്തിലേക്ക് നൈട്രജൻ ഡൈ ഓക്സൈഡ് പുറത്തുവിടുന്നത് പവർ പ്ലാന്റുകൾ, വ്യവസായങ്ങൾ, വാഹനങ്ങൾ എന്നിവയാണ്. എന്നാൽ ഷട്ട്ഡൗൺ ചെയ്തതിനുശേഷം ഇത് ഗണ്യമായി കുറഞ്ഞു.

 

മാർച്ചിൽ ഊർജ്ജ ഉപഭോഗത്തിൽ 9.2 ശതമാനം ഇടിവുണ്ടായതായി റോയിട്ടേഴ്‌സിന്റെ മറ്റൊരു റിപ്പോർട്ടുണ്ട്. പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡിന് (പോസോകോ) ലഭിച്ച ഡേറ്റ പ്രകാരം മാർച്ചിൽ ആളുകൾ 100.2 ബില്യൺ കിലോവാട്ട് – മണിക്കൂർ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട് വെളിപ്പെടുത്തി. 2019ൽ ഇത് 110.33 ബില്യൺ കിലോവാട്ട് മണിക്കൂറായിരുന്നു.

 

പല ഫാക്ടറികളിലെയും ഉൽ‌പാദനം നിർത്തിവച്ചു. മോട്ടോർ വാഹനങ്ങൾ, പവർ പ്ലാന്റുകൾ, വ്യാവസായിക സൗകര്യങ്ങൾ എന്നിവ പുറത്തുവിടുന്ന മഞ്ഞ-തവിട്ട് വാതകമാണ് നൈട്രജൻ ഡൈ ഓക്സൈഡ്. ഇത് ചുമ, ആസ്ത്മ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നതാണ്. ഒരു പ്രത്യേക സംഭവത്തിന്റെ പേരിൽ ഇത്രയും വിശാലമായ സ്ഥലത്ത് അന്തരീക്ഷത്തില്‍ നാടകീയമായ ഒരു ഇടിവ് കാണുന്നത് ഇതാദ്യമാണെന്നാണ് നാസയിലെ ഗോഡ്ഡാർഡ് ബഹിരാകാശ കേന്ദ്രത്തിലെ വായു ഗുണനിലവാര ഗവേഷകനായ ഫെയ് ലിയു നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com