ADVERTISEMENT

കൊറോണാവൈറസ് ഒരാളുടെ ശരീരത്തിൽ ആദ്യം ബാധിക്കുന്ന ഇടങ്ങളുടെ കൂട്ടത്തില്‍ മൂക്കിലെ രണ്ടു പ്രത്യേക കോശങ്ങളും (cells) ഉണ്ടെന്ന് കഴിഞ്ഞയാഴ്ച ശാസ്ത്രജഞര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിനെക്കുറിച്ചു ലഭ്യമായ വിവരങ്ങള്‍ക്കൊപ്പം ഇതിനെന്തു സ്ഥാനമെന്നു നോക്കാം:

 

ഇത് നേരത്തെ അറിയാമായിരുന്നോ?

 

ഉവ്വ്, നേരത്തെയുളള പഠനങ്ങളും കോശങ്ങളുടെ തലത്തില്‍ വരുന്ന ഈ മാറ്റത്തെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. 'തക്കോല്‍ പഴുതും താക്കോലും' രീതിയിലാണ് ഇതിന്റെ പ്രവേശനം. മറ്റെല്ലാ കൊറോണ വൈറസുകളെയും പോലെ തന്നെയാണ് സാര്‍സ്-കോവ്2 വൈറസിന്റെ ആകാരവും -കൊഴുപ്പിന്റെ (fat) ആവരണത്തിനുമേല്‍ സ്‌പൈക് പ്രോട്ടീനുകള്‍ കാണാം. സ്‌പൈക്കുകളാണ് മനുഷ്യരുടെ കോശത്തെ തുറക്കാന്‍ ഉപയോഗിക്കുന്ന താക്കോല്‍. ഇതിനുപയോഗിക്കുന്ന പ്രോട്ടീനിന്റെ പേരാണ് എസിഇ2. ഇതാണ് വൈറസിന്റെ റിസെപ്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്നത്. കോശത്തിനുള്ളില്‍ എത്തിയാല്‍ വൈറസ് രണ്ടാമതൊരു പ്രോട്ടീന്‍ കൂടെ ഉപയോഗിക്കുന്നു-ടിഎംപിആര്‍എസ്എസ്2. ഇതിലൂടെ അകത്തുകടക്കല്‍ പൂര്‍ത്തിയാകുന്നു. ടിഎംപിആര്‍എസ്എസ്2ന് പ്രോട്ടീനുകളെ പിളര്‍ത്താനുള്ള കഴിവുണ്ട്. ഇതിലൂടെ വൈറസ് കോശത്തിനുള്ളില്‍ പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നു.

 

എന്താണ് പുതിയ പഠനം കണ്ടെത്തിയത്?

 

പുതിയ പഠനം നല്‍കുന്നത് വൈറസ് ഉള്ളിലെത്തി ആക്രമണം തുടങ്ങാന്‍ ആദ്യം ഉപയോഗിക്കുന്ന കോശങ്ങളെക്കുറിച്ചുള്ള അറിവുകളാണ്. ഇവ മൂക്കിലെ ഗോബ്‌ലെറ്റ് (goblet), സിലിയിറ്റഡ് സെല്‍സ് (Ciliated cells) എന്നീ കോശങ്ങളാകാം ആദ്യം ആക്രമണത്തിന് ഇരകളാകുന്നതെന്നാണ് ബ്രിട്ടനിലെ വെല്‍കം സാങ്ഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും അവരുമായി സഹകരിച്ച രാജ്യാന്തര ശാസ്ത്രജ്ഞരും പറയുന്നത്. ഗോബ്‌ലെറ്റ് കോശങ്ങളാണ് ശ്ലേഷ്മം (മൂക്കള) സൃഷ്ടിക്കുന്നത്. ഇവ ശ്വാസനാളം, കുടല്‍ നാളം, മുകളിലെ കണ്‍പോള തുടങ്ങിയ സ്ഥലങ്ങളില്‍ കാണാം. സിലിയിറ്റഡ് സെല്‍സ് രോമങ്ങളെപ്പോലെ തോന്നിക്കുന്ന കോശങ്ങളാണ്. ഇവ പല അവയവങ്ങള്‍ക്കുമേലെയും കാണും. ഇവ ശ്ലേഷ്മം, പൊടി തുടങ്ങിയവയെ തൊണ്ടയിലേക്ക് എത്തിക്കുന്നു. തുടര്‍ന്ന് അത് കുടല്‍ നാളത്തിലൂടെ താഴേക്കു പോകുന്നു.

 

ഈ കോശങ്ങളിലാകാം കൊറോണാവൈറസ് ആദ്യം പ്രവേശിക്കുന്നതെന്ന് എങ്ങനെയാണ് കണ്ടെത്തിയത്?

 

എസിഇ2, ടിഎംപിആര്‍എസ്എസ്2 എന്നീ നിര്‍ണ്ണായക പ്രോട്ടീനുകള്‍ എന്നിവ ഏറ്റവും ശക്തിയായി കാണപ്പെട്ടത് എവിടെയാണെന്നു കണ്ടെത്തുകയാണ് ഗവേഷകര്‍ ചെയ്തത്. ഇതിനായി ആവര്‍ ഹ്യൂമന്‍ സെല്‍ അറ്റ്‌ലസിന്റെ (Human Cell Atlas) സേവനമാണ് തേടിയത്. മനുഷ്യ കോശത്തിന്റെ സുവിശദമായ മാപ്പുകള്‍ സൃഷ്ടിക്കുന്ന രാജ്യാന്തര കണ്‍സോര്‍ഷ്യം ആണ് ഹ്യൂമന്‍ സെല്‍ അറ്റ്‌ലസ്. ഇരുപതു വ്യത്യസ്ത കോശങ്ങളുടെ ഒന്നിലേറെ ഡേറ്റാബെയ്‌സുകളെ പഠനവിധേയമാക്കിയാണ് പുതിയ നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. ശ്വാസകോശം, ശ്വാസനാളം, കണ്ണ്, അന്നപഥം, വൃക്ക, കരള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം ശേഖരിച്ച കോശങ്ങളാണ് പരിശോധിച്ചത്.  

 

എന്താണ് കണ്ടെത്തിയത്?

 

എസിഇ2, ടിഎംപിആര്‍എസ്എസ്2 എന്നീ രണ്ടു പ്രോട്ടീനുകളും രണ്ട് അവയവങ്ങളിലും കാണാം. എന്നാല്‍, എസിഇ2ന്റെ സാന്നിധ്യം പൊതുവെ കുറവാണ്. എന്നാല്‍, ടിഎംപിആര്‍എസ്എസ്2 ധാരാളമായി ഉണ്ട്. ഇതിനര്‍ഥം കൊറോണാവൈറസ് ധാരാളമായി പടരാതിരിക്കാനുള്ള കാരണം എസിഇ2ന്റെ ശ്ക്തികുറവായിരിക്കാം. എസിഇ2യും ടിഎംപിആര്‍എസ്എസ്2യും തങ്ങള്‍ വിവിധ അവയവങ്ങളിലെ കോശങ്ങളില്‍ കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. മൂക്കിനുള്ളിലടക്കം. മൂക്കിലെ ശ്ലേഷമം ഉണ്ടാക്കുന്ന ഗോബ്‌ലെറ്റ്, സിലിയിറ്റഡ് കോശങ്ങളിലാണ് കോവിഡ്-19 വൈറസിന്റെ പ്രോട്ടീന്‍ ഏറ്റവുമധികം കണ്ടെത്തിയത്. ഇതിനാല്‍, ഇവയായിരിക്കാം ആദ്യം ബാധിക്കാന്‍ സാധ്യതയുള്ള മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്.

 

എന്നു പറഞ്ഞാല്‍ മൂക്കിലൂടെ മാത്രമെ ശരീരത്തില്‍ പ്രവേശിക്കൂ എന്നാണോ?

 

രണ്ടു എന്‍ട്രി പ്രോട്ടീനുകളും കണ്ണിന്റെ കാചപടലത്തിലും (cornea) കുടലിലും കണ്ടെത്തിയിട്ടുണ്ട്. അതായത് കണ്ണിലൂടെയും വായിലൂടെയും ഇതു പ്രവേശിക്കാനുള്ള സാധ്യതയും കാണാം. എന്നിരിക്കിലും മൂക്കില്‍ കാണപ്പെട്ട ഏറ്റവും ശക്തമായ രീതില്‍ എന്‍ട്രി പ്രോട്ടീനുകള്‍ കണ്ടത് മൂക്കിലാണ്. വൈറസ് കൂടുതലായും പകരുന്നത് രോഗിയുടെ ചുമ, തുമ്മല്‍ തുടങ്ങിയവയിലൂടെയായിരിക്കാം.

 

പുതിയ പഠനം ഏതുവിധത്തിലായിരിക്കും സഹായകമാകുക?

 

ഈ രണ്ടു സെല്ലുകളെയായിരിക്കാം ആദ്യം വൈറസ് ബാധിക്കുക എന്ന് കൃത്യമായി പറയുന്ന ആദ്യ പഠനമാണിത്. ഇതു തിരിച്ചറിഞ്ഞത് രോഗത്തോടുള്ള സമീപനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം. കൊറോണാവൈറസ് എങ്ങനെയാണ് വ്യാപിക്കുക എന്നതിനെക്കുറിച്ചുള്ള വവരങ്ങള്‍ ഗുണകരമാകാം. പ്രതിരോധത്തിന്റെ കാര്യത്തിലും ചികിത്സാ രീതികളുടെ കാര്യത്തിലും ഇത് ഉപകരിച്ചേക്കാം. പഠനം മുഴുവനായി വായിക്കാൻ ഇവിടെ ലഭ്യമാണ്: https://bit.ly/2zyPE5M

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com