ADVERTISEMENT

ശരീരത്തിലെ രക്തക്കുഴലുകളുടെ ഭിത്തിയിലെ പ്രത്യേക സ്തരങ്ങളെ കൊറോണ വൈറസ് ആക്രമിക്കുന്നുണ്ടെന്ന് പഠനഫലം. കോവിഡ് രോഗികളില്‍ ഒന്നിലേറെ അവയവങ്ങളുടെ പ്രവര്‍ത്തനം ഒരേസമയം താറുമാറാകുന്നത് ഇക്കാരണം കൊണ്ടാണെന്നാണ് ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. സൂറിച്ച് സര്‍വകലാശാലയിലെ ഫ്രാങ്ക് റുഷ്ചിറ്റ്‌സ്‌കയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ശ്വാസകോശത്തെ മാത്രമാണ് കൊറോണ വൈറസ് ആക്രമിക്കുന്നത് എന്ന ധാരണകളെ തിരുത്തുന്നതാണ് ഈ പഠനഫലം. സാധാരണ ന്യുമോണിയയേക്കാള്‍ വളരെയേറെ അപകടകരമാണ് കോവിഡ് എന്നാണ് ഫ്രാങ്ക് റുഷ്ചിറ്റ്‌സ്‌ക മുന്നറിയിപ്പ് നല്‍കുന്നത്. 'രക്തക്കുഴലുകള്‍ക്കുള്ളിലെ പ്രതിരോധ കവചങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കുന്ന നേര്‍ത്ത സ്തരമായ എന്‍ഡോതീലിയത്തേയും കോവിഡ് ബാധിക്കുന്നു. ഇതോടെ നേരിയ രക്തചംക്രമണത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടാകുന്നു' എന്നാണ് റുഷ്ചിറ്റ്‌സ്‌ക വിവരിക്കുന്നത്.

എന്‍ഡോതീലിയത്തില്‍ കൊറോണ വൈറസ് എത്തുന്നതോടെ പടിപടിയായി ശരീരത്തിലെ രക്തചംക്രമണത്തിന്റെ ഒഴുക്ക് കുറയുന്നു. ഇത് ഹൃദയം, വൃക്ക, കുടല്‍ തുടങ്ങി ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ദോഷകരമായി ബാധിക്കുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് രക്തക്കുഴലുകള്‍ക്ക് നേരത്തെ പ്രശ്‌നങ്ങളുള്ള പുകവലിക്കാരിലും രക്തസമര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയൊക്കെ ഉള്ളവരില്‍ കോവിഡ് മാരകമാകുന്നത്.

കോവിഡ് ബാധിച്ച് മരിച്ച മൂന്ന് രോഗികളുടെ ആന്തരികാവയവങ്ങളുടെ പരിശോധനയാണ് പഠനത്തിന്റെ അടിസ്ഥാനം. ഈ രോഗികളുടെ രക്തക്കുഴലുകളുടെ ഭിത്തികള്‍ കോവിഡ് വൈറസ് നിറഞ്ഞിരിക്കുന്നതായാണ് കണ്ടെത്തിയത്. കോവിഡ് രോഗികളില്‍ വൈറസ് വ്യാപനം കുറക്കാനുള്ള മരുന്നുകള്‍ക്കൊപ്പം രക്തക്കുഴലുകളുടെ ആരോഗ്യം ഉറപ്പിക്കാനുള്ള മരുന്നുകളും നല്‍കണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com