sections
MORE

റോമാസാമ്രാജ്യത്തെ ‘തകർത്ത’ എലികൾ; ലോകചരിത്രത്തിന്റെ ഗതിമാറ്റിയ മഹാമാരി

Plague-
SHARE

ചരിത്രത്തിന്റെ വേദിയിൽ പലപ്പോഴും അരങ്ങേറുന്നത് മനുഷ്യന്റെ നിയന്ത്രണത്തിനതീതമായ കാര്യങ്ങളാണ്. സൂക്ഷ്മ ജീവികളുടെ നിഗൂഢ പദ്ധതികൾക്കനുസരിച്ചാണോ മനുഷ്യവംശത്തിന്റെ മുന്നോട്ടുള്ള പ്രയാണമെന്നു തോന്നുംവിധമാണ് പലപ്പോഴും കാര്യങ്ങൾ. സ്വന്തം ചലന പരിമിതിയെ മറികടന്ന് വൈറസുകളും ബാക്ടീരിയകളും അതിർത്തികൾ കടന്നുകുതിക്കുന്നു. സമീപ ശരീരങ്ങളെ വാഹനമാക്കി ലോകമെങ്ങും കീഴടക്കി പരമാണുക്കൾ അതിജീവനം ഉറപ്പാക്കുന്നു.  

നിഗൂഢത നിറഞ്ഞ പാതകളിലൂടെ എട്ടു നൂറ്റാണ്ടിന്റെ ഇടവേളയിൽ രണ്ടു തവണയാണ് ‘കറുത്ത മരണം’ യൂറോപ്പിന്റെ ജനസംഖ്യയുടെ സിംഹഭാഗത്തെയും വിഴുങ്ങി കടന്നു പോയത്. ആദ്യം റോമാ സാമ്രാജ്യത്തെ ദുർബലമാക്കിക്കൊണ്ട്. പിന്നീട് പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിന്റെ ജനസംഖ്യയുടെ ഭൂരിഭാഗത്തെയും ഇല്ലാതാക്കി. ഒരു പരിധി വരെ കോൺസ്റ്റാന്റിനോപ്പിളിന്റെ പതനത്തിലേക്ക് നയിക്കാനിടയാക്കി.  തുടർന്നുള്ള സംഭവ വികാസങ്ങൾ ലോകത്തെ നയിച്ചത് കൊളോണിയൽ കാലഘട്ടത്തിലേക്കായിരുന്നു.

എഡി ആറാം നൂറ്റാണ്ടിൽ പ്രതാപത്തിന്റെ അവസാന വാക്കായിരുന്നു റോമാ സാമ്രാജ്യം. കോൺസ്റ്റാന്റിനോപ്പിൾ എന്ന തലസ്ഥാന നഗരി സാമ്രാജ്യത്തിന്റെ കിരീടത്തിലെ പൊൻതൂവലും. അന്നും പതിവു പോലെ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നിന്നുള്ള കപ്പൽ ധാന്യങ്ങളുമായി കോൺസ്റ്റാന്റിനോപ്പിളിലെത്തി. ചരക്കിറക്കുന്നതിനു പകരം കപ്പലിലെ നാവികർ ഇറങ്ങിയോടുന്ന കാഴ്ചയാണ് തുറമുഖത്തുള്ളവർ കണ്ടത്. കപ്പൽ പരിശോധിച്ചപ്പോൾ അങ്ങിങ്ങായി നാവികർ പലരും മരിച്ചു കിടക്കുന്നു. കനത്ത പനിയും അപസ്മാര ലക്ഷണങ്ങളും കാണിച്ചാണ് പലരും മരിച്ചു വീണതെന്ന് ജീവനോടെ ശേഷിച്ച നാവികർ പറഞ്ഞെങ്കിലും യഥാർഥ കാരണം ആർക്കും വ്യക്തമായില്ല. 

ചരക്കു നീക്കം പതിവുപോലെ നടന്നു. നഗരം നാവികരെ മറന്നു. കപ്പലിൽ കൊണ്ടുവന്ന ധാന്യച്ചാക്കുകൾ ഈ സമയത്തിനുള്ളിൽ ചന്തകളിലെത്തി. ചാക്കുകൾക്കൊപ്പമുണ്ടായിരുന്ന എലികൾ തെരുവുകളിൽ പാഞ്ഞു നടന്നു.  ധാന്യച്ചാക്കുകളിൽ കടൽ കടന്നെത്തിയ എലികളുടെ ദേഹത്തെ ചെള്ളുകളായിരുന്നു പ്ലേഗ് രോഗവാഹി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ധാന്യം തുറമുഖത്ത് നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് എത്തി, ഒപ്പം രോഗാണുവും. ജസ്റ്റീനിയൻ കാലഘട്ടം പിന്നീട് സാക്ഷ്യം വഹിച്ചത് അന്നു വരെയുള്ള രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും പകർച്ചവ്യാധി ദുരന്തത്തിനായിരുന്നു. വഴിയരികിൽ ആളുകൾ മരിച്ചു വീണു. എഡി 541–42ൽ തുടങ്ങിയ പ്ലേഗിന്റെ വിളയാട്ടം എട്ടാം നൂറ്റാണ്ടു വരെ തുടർന്നു. 

സീക്രട്ട് ഹിസ്റ്ററി 

ബൈസാന്റിയൻ ചരിത്രകാരനായ പ്രോകോപിയസ് തന്റെ പുസ്തകമായ ‘സീക്രട്ട് ഹിസ്റ്ററി’യിൽ അന്നു രാജ്യം നേരിട്ട പ്രതിസന്ധികളെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കുന്നുകൂടിയ മൃതദേഹങ്ങൾ സംസ്കരിക്കാതെ കൂടിക്കിടന്നതും മെഡിറ്ററേനിയൻ തീരത്തെ തുറമുഖങ്ങളിലേക്ക് പ്ലേഗ് വ്യാപിച്ചതുമെല്ലാം ഇതിൽ പറയുന്നുണ്ട്. ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ പകർച്ചാവ്യാധി ആയിരുന്നു ആറാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിനോപ്പിളിൽ പടർന്നു പിടിച്ച പ്ലേഗ്. വർധിച്ച ജനസംഖ്യയെ പരിപാലിക്കാൻ വലിയ അളവിൽ ധാന്യം ഇറക്കുമതിചെയ്യേണ്ടി വന്നിരുന്നു. പ്രധാനമായും ഈജിപ്തിൽ നിന്ന്. ഒന്നിനു പിന്നാലെ നൂറു കണക്കിനു കപ്പലുകളിൽ രോഗവാഹികളായ എലികളുമായി ധാന്യക്കപ്പലുകൾ തീരമണഞ്ഞു. മരണത്തിന്റെ വാഹകരായി എലികൾ റോമാസാമ്രാജ്യത്തിന്റെ തെരുവുകളിൽ ഓടിനടന്നു. നഗരങ്ങളിലെ ജനസംഖ്യയുടെ കാൽഭാഗത്തിലേറെ മരണപ്പെട്ടു. റോമിന്റെ സാമ്രാജ്യത്വ വിപുലീകരണ താൽപര്യങ്ങൾക്ക് അത് അവസാനം കുറിച്ചു.  പ്രാദേശിക ഗോത്ര വിഭാഗങ്ങൾ തലയുയർത്തി തുടങ്ങി.

ചരിത്രം തിരുത്തിയ മാറ്റങ്ങൾ 

റോം ദുർബലമായതിനൊപ്പം ഏഴാം നൂറ്റാണ്ടോടെ യൂറോപ്പിൽ ജിബ്രാൾട്ടർ വരെയും ഇന്ത്യൻ മേഖലയിലേക്ക് സിന്ധ് വരെയും ഇസ്‌ലാമിക സാമ്രാജ്യം വ്യാപിച്ചു. തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമായ വിദൂരദേശങ്ങൾ കാക്കാൻ റോമിനായില്ല. കടൽ കടന്നെത്തിയ എലികൾ പരത്തിയ രോഗം മഹാ സാമ്രാജ്യത്തിനെ ക്ഷയിപ്പിച്ചു. പ്ലേഗ് ഇതൊക്കെ വേഗത്തിലാക്കി. റോമാ സാമ്രാജ്യത്തിന്റെ പതനത്തോടെ യൂറോപ്പിലെ ദേശരാഷ്ട്രങ്ങളുടെ വളർച്ചയ്ക്ക് അത് വേഗം കൂട്ടി. 

കറുത്ത മരണം(ബ്യുബോണക് പ്ലേഗ്)

പ്ലേഗിന്റെ രണ്ടാം വരവ് ചരിത്രത്തെ വീണ്ടും മാറ്റിമറിച്ചു. ആറാം നൂറ്റാണ്ടിനു ശേഷം ഒരിക്കൽ കൂടി ജനസംഖ്യയുടെ ഭൂരിഭാഗത്തെയും രോഗം തുടച്ചുമാറ്റി. രണ്ടു നൂറ്റാണ്ടിനു ശേഷമാണ് യൂറോപ്പിലെ ജനസംഖ്യ സാധാരണ നിലയിലെത്തിയതെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.  ക്രീമിയൻ തുറമുഖമായ കാഫയിൽ 1346ൽ തന്നെ പ്ലേഗ് എത്തി. പതിയെ കരിങ്കടൽ കടന്ന് കോൺസ്റ്റാന്റിനോപ്പിളിലേക്കും. 1347 ഒക്ടോബറിൽ സിസിലിയിലെ മെസ്സീനയിലും പ്ലേഗ് എത്തി. യൂറോപ്പിലെങ്ങും കറുത്ത മരണത്തിന്റെ നിഴൽ വീണു. ഇറ്റലിയിൽ നിന്ന് ഫ്രാൻസിലേക്കും സ്പെയിനിലേക്കും കടന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ പോർച്ചുഗലിലും ഇംഗ്ലണ്ടിലുമെത്തി. തുടർന്ന് ജർമനിയും കടന്ന് വടക്ക് നോർവെയിലും ഐസ്‌ലൻഡിലും വരെ പ്ലേഗ് നാശം വിതച്ചു. 

1351ൽ പ്ലേഗ് റഷ്യയിലെത്തി. ബെൽജിയത്തിന്റെയും നെതൽലൻഡ്സിന്റെയും ചില ഭാഗങ്ങൾ മാത്രമാണ് അന്നു കഷ്ടിച്ച് രക്ഷപ്പെട്ടത്. ആറാം നൂറ്റാണ്ടിലെ പ്ലേഗ് അലക്സാൻഡ്രിയയിൽ നിന്നാണ് കോൺസ്റ്റന്റിനോപ്പിളിൽ എത്തിയതെങ്കിൽ ഇത്തവണ തിരിച്ചായിരുന്നു. അടിമകളുമായി അലക്സാൻഡ്രിയയിലേക്കെത്തിയ കപ്പലിൽ നിന്നാണ് പകർച്ച വ്യാധി പടർന്നു പിടിച്ചത്. ഏതാനും വർഷങ്ങൾ യൂറോപ്പിനെ കാർന്നു തിന്ന ഈ മഹാമാരി ശൈത്യകാലങ്ങളിൽ പടർന്നിരുന്നില്ല. എലികൾ രോഗവാഹികളെന്നു കണ്ടെത്തിയതോടെ ഇംഗ്ലണ്ടിൽ അവയെ കൂട്ടമായി കൊന്നൊടുക്കി. എന്നാൽ അവയുടെ ദേഹത്തെ ചെള്ളുകൾ കൂട്ടത്തോടെ മനുഷ്യ ശരീരത്തിലേക്കെത്തി. 

യൂറോപ്പിൽ നിന്ന് പടിഞ്ഞാറൻ ഏഷ്യയിലേക്കും വടക്കൻ ആഫ്രിക്കയിലേക്കുമെത്തിയ പ്ലേഗ് അവിടെയും നാശം വിതച്ചു. ബാക്കിപത്രമെന്തെന്നാൽ ദുർബലമായ കോൺസ്റ്റാന്റിനോപ്പിൾ 1453ൽ വീണു. കിഴക്കൻ ദേശങ്ങളിലേക്ക് പുതുപാതകൾ കണ്ടെത്താൻ യൂറോപ്പ് നിർബന്ധിതരായി. സാഹസികരായ നാവികർ സമുദ്രത്തിലെ പുതുവഴികൾ തേടി. വാസ്കോ ഡഗാമ 1498ൽ ഇന്ത്യയിലെത്തി. യൂറോപ്യൻ അധിനിവേശത്തിനും തുടക്കം കുറിച്ചു.

plague

ആദ്യ ക്വാറന്റീൻ 

ഇന്നത്തെ ക്രൊയേഷ്യയിലെ നഗരമായ ദുബ്രോണികിലാണ് (പഴയ നഗര രാഷ്ട്രമായ റഗൂസ) തുടർച്ചയായ പ്ലേഗിന്റെ വരവിനെ തുടർന്ന് ആദ്യമായി ക്വാറന്ററീൻ സംവിധാനം നടപ്പാക്കിയത്. ലൂയി പാസ്റ്ററിന്റെ ശിഷ്യനായ അലക്സാണ്ടർ യെർസിനാണ് യെർസീനിയ പെസ്റ്റിസ് എന്ന പ്ലേഗ് ബാക്ടീരിയയെ കണ്ടെത്തിയത്. 1894ൽ ഹോങ്കോങ്ങിൽ പടർന്ന ബ്യുബോണിക് പ്ലേഗിന്റെ സമയത്താണ് ഈ കണ്ടെത്തൽ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA