ADVERTISEMENT

കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള ശ്വാസകോശത്തിലേയും മൂക്കിലേയും കുടലിലേയും കോശങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ശാസ്ത്രജ്ഞര്‍. ഏതെല്ലാം കോശങ്ങള്‍ കോവിഡ് 19 രോഗം പരത്തുന്ന സാർസ്-CoV-2വിന് പടരാന്‍ സഹായിക്കുന്ന രണ്ട് തരം പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് ശാസ്ത്രജ്ഞര്‍ ഇത് തിരിച്ചറിഞ്ഞിരിക്കുന്നത്. സാധാരണ ശരീരത്തെ വൈറല്‍ ഇന്‍ഫെക്ഷനുകളോട് പൊരുതാന്‍ സജ്ജമാക്കുന്ന ഇന്റര്‍ഫെറോണ്‍ എന്ന പ്രോട്ടീനേയും കൊറോണ വൈറസ് ബാധിക്കുന്നുണ്ടെന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ACE-2, TRMPRSS2 എന്നീ പ്രോട്ടീനുകള്‍ അടങ്ങിയ മനുഷ്യശരീരത്തിലെ കോശങ്ങളിലേക്കാണ് SARS-CoV-2 ആകര്‍ഷിക്കപ്പെടുന്നത്. ഇത്തരം കോശങ്ങളിലൂടെയാണ് കൊറോണ വൈറസ് മനുഷ്യശരീരത്തിലേക്ക് പടര്‍ന്നു പിടിക്കുന്നതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. മനുഷ്യശരീരത്തിലെ ഏതെല്ലാം ഭാഗത്തുള്ള കോശങ്ങളില്‍ ഈ പ്രോട്ടീനുകള്‍ ഉണ്ടെന്ന് ഡേറ്റബേസിന്റെ സഹായത്തോടെ തിരഞ്ഞ് കണ്ടുപിടിക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

ആയിരക്കണക്കിന് മനുഷ്യരുടേയും ആള്‍ക്കുരങ്ങുകളുടേയും എലികളുടേയും ശരീര കോശങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുള്ള ഹ്യൂമന്‍ അറ്റ്‌ലസ് പ്രൊജക്ടിലെ വിവരങ്ങളാണ് ഗവേഷക സംഘം ഇതിനായി ഉപയോഗിച്ചത്. മൂക്കിന്റെ ദ്വാരത്തിനുള്ളില്‍ കാണപ്പെടുന്ന ഗോബ്‌ലെറ്റ് സെക്രേറ്ററി സെല്ലുകള്‍ എന്നറിയപ്പെടുന്ന കോശങ്ങളില്‍ കൊറോണ വൈറസ് വേഗത്തില്‍ പടരുന്നുണ്ട്. മൂക്കില്‍ കഫമുണ്ടാക്കുന്നതിന് കാരണമാകുന്ന കോശങ്ങളാണിത്.

ടൈപ്പ് 2 ന്യൂമോസൈറ്റ് കോശങ്ങള്‍ എന്നറിയപ്പെടുന്ന ശ്വാസകോശങ്ങളില്‍ കാണപ്പെടുന്ന കോശങ്ങളേയും കൊറോണ വൈറസ് അതിവേഗം കീഴ്‌പെടുത്തുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലുള്ള രണ്ടിനം പ്രോട്ടീനുകളുടേയും സാന്നിധ്യമാണ് ഈ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ ആകര്‍ഷിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. ശ്വാസകോശത്തിലെ വായു അറകളുടെ ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷി ഇതുമൂലം കുഴപ്പത്തിലാകുന്നു. ശരീരത്തിലെത്തുന്ന പല പോഷകങ്ങളേയും ദഹിപ്പിക്കുന്ന കുടലില്‍ കാണപ്പെടുന്ന എന്ററോസൈറ്റ് കോശങ്ങളെയും SARS-CoV-2 ബാധിക്കുന്നുണ്ടെന്നും കണ്ടെത്തി.

ഗവേഷണഫലം സെല്‍ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂട്ടത്തില്‍ കോവിഡിനെതിരെ പോരാടുന്ന ഗവേഷകരെ സഹായിക്കാനായി ഗവേഷണഫലം ഇവര്‍ പൊതുപ്ലാറ്റ്‌ഫോമിലേക്ക് കൈമാറിയിട്ടുമുണ്ട്. തങ്ങളുടെ കണ്ടെത്തലുകള്‍ കോവിഡിനെതിരായ പോരാട്ടത്തിന് സഹായകരമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com