ADVERTISEMENT

കോവിഡ് 19ന്റെ രോഗവ്യാപനം ഏതൊക്കെ പ്രദേശങ്ങളിലാണെന്ന് ഏറ്റവും എളുപ്പത്തില്‍ കണ്ടെത്തുകയെന്നത് ലോകത്തിന്റെ തന്നെ വെല്ലുവിളിയായി മാറിയിട്ടുണ്ട്. സമര്‍ഥമായൊരു മാര്‍ഗത്തിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഇംഗ്ലണ്ടിലേയും സ്‌പെയിനിലേയും ഗവേഷകരാണ് മലിനജലം ഒഴുകുന്ന കാനകളിലെ അഴുക്കു വെള്ളം പരിശോധിച്ച് കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ന്യൂകാസില്‍ സര്‍വകലാശാലയിലേയും സാന്റിയാഗോ ഡെ കോംപോസ്‌റ്റെല്ലയിലേയും ഗവേഷകര്‍ ചേര്‍ന്നാണ് അഴുക്കുചാലുകളിലെ പരിശോധനകളിലൂടെ കോവിഡ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. അഴുക്കു ജലത്തിലൂടെ കോവിഡ് 19 രോഗം പകരാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു പ്രദേശത്ത് കോവിഡ് രോഗികളുണ്ടെങ്കില്‍ അവരില്‍ നിന്നും കോവിഡ് രോഗാണുക്കള്‍ അഴുക്കുചാലുകളിലെത്തുമെന്നും ഇവ പരിശോധിച്ച് വൈറസിന്റെ സാന്നിധ്യം ഉറപ്പിക്കാനാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

പല പ്രദേശങ്ങളിലേയും അഴുക്കു ജലം പരിശോധിച്ചാല്‍ മേഖലകളില്‍ കോവിഡ് വൈറസ് വ്യാപനം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാനാകുമെന്നും ഇവര്‍ പറയുന്നു. കോവിഡ് പകരാത്ത മേഖലകളില്‍ വലിയ തോതില്‍ ജനങ്ങളെ രോഗ പരിശോധനകളില്‍ നിന്നും ഒഴിവാക്കാനും ഇതുവഴി സാധിക്കും. അഴുക്കുചാല്‍ പരിശോധനാ മാര്‍ഗ്ഗത്തിലൂടെ മറഞ്ഞിരിക്കുന്ന ഹോട്ട്‌സ്‌പോട്ടുകളെ കണ്ടെത്താനാകുമെന്നാണ് ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.

നേരത്തെ മറ്റൊരു പഠനത്തില്‍ നെതര്‍ലണ്ട്‌സിലെ ഏഴ് നഗരങ്ങളില്‍ നിന്നും അഴുക്കു ചാലുകളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഈ പഠനത്തില്‍ വളരെ കുറഞ്ഞ തോതില്‍ കോവിഡ് രോഗം പടര്‍ന്നിട്ടുള്ള പ്രദേശങ്ങളില്‍ പോലും അഴുക്കുചാലില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാനായി. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന അവസരങ്ങളില്‍ ഇത്തരം പരിശോധനകള്‍ വഴി ഏതെങ്കിലും പ്രദേശത്ത് കോവിഡ് പടരുന്നുണ്ടോ എന്ന് തിരിച്ചറിയാനാകുമെന്നതാണ് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നത്.

കോവിഡ് രോഗികളുടെ മലമൂത്ര വിസര്‍ജനത്തിലൂടെ വൈറസ് പുറത്ത് വരാനും അഴുക്കു ചാലിലെത്താനും സാധ്യത ഏറെയാണ്. മനുഷ്യ ശരീരത്തിന് പുറത്തെത്തുന്ന കൊറോണ വൈറസ് അനുകൂല സാഹചര്യത്തില്‍ ദിവസങ്ങള്‍ ജീവിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കോവിഡിനെ പിന്തുടര്‍ന്നു പിടിക്കാന്‍ തങ്ങളുടെ മാതൃക കൂടുതല്‍ രാജ്യങ്ങള്‍ പിന്തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ഈ ഗവേഷകര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com