sections
MORE

തമോഗർത്ത ‘നൃത്തം’: ദൃശ്യത്തിന് പിന്നിൽ ഇന്ത്യ, സഹായിച്ചത് നാസയുടെ സ്പിറ്റ്‌സര്‍ !

black-hole
SHARE

തമോ ഗര്‍ത്തങ്ങളുടെ 'നൃത്തം' സ്പിറ്റ്‌സര്‍ ടെലസ്‌കോപ് നിരീക്ഷിക്കാന്‍ അവസരമൊരുക്കിയത് മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ പഠനം. ഭൂമിയില്‍ നിന്നും 350 കോടി പ്രകാശവര്‍ഷം അകലെയുള്ള ഒജെ 287 എന്ന നക്ഷത്ര സമൂഹത്തിലെ തമോഗര്‍ത്തങ്ങളുടെ നൃത്തമാണ് വിജയകരമായി പകര്‍ത്തിയത്. ഇതില്‍ ഒരു തമോഗര്‍ത്തം സൂര്യന്റെ ഭാരത്തിന്റെ 1800 കോടി ഇരട്ടി ഭാരമുള്ളതാണ്. രണ്ടാമത്തേതാകട്ടെ സൂര്യന്റെ ഭാരത്തേക്കാള്‍ 15 കോടി ഭാരമുള്ളതും.

ഓരോ 12 വര്‍ഷം കൂടുമ്പോഴും ഈ മേഖലയില്‍ നിന്നു അതിശക്തമായ വെളിച്ചം പുറത്തുവന്നിരുന്നു. ഇതാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധ ഇവിടേക്ക് വരാൻ കാരണമായത്. ഒരു ലക്ഷം കോടി സൂര്യന്മാര്‍ ഒന്നിച്ച് പ്രകാശിക്കുന്നതിന് തുല്യമായിരുന്നു ഓരോ തവണയും ഈ തമോഗര്‍ത്തങ്ങളുടെ ഭാഗത്തു നിന്നും വന്ന പ്രകാശം. അപ്പോഴും കൃത്യമായ ഇടവേളകളിലല്ല പ്രകാശം വരുന്നത് എന്നതായിരുന്നു വെല്ലുവിളി.

ഇതിന്റെ വിശദീകരണം ഗവേഷകര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. വലിയ തമോഗര്‍ത്തത്തിന്റെ ഡിസ്‌ക് ആകൃതിയിലുള്ള നീണ്ട വലയത്തിലൂടെ ചെറിയ തമോഗര്‍ത്തം കടന്നുപോകുമ്പോഴാണ് തിളക്കമുണ്ടാകുന്നത്. ഈ വലയത്തിലെ വാതകങ്ങളും പൊടിയും മറ്റുവസ്തുക്കളും ചെറിയ തമോഗര്‍ത്തവുമായി ഉരസുമ്പോഴാണ് വലിയ തോതില്‍ തിളങ്ങുന്നത്. ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ ഇടവേളയിലായിരുന്നു ഈ വെളിച്ചം വന്നിരുന്നത്.

നിശ്ചിതമല്ലെന്ന് തോന്നുന്ന ഈ ഇടവേളയും കൃത്യമാണെന്നും ചെറിയ തമോഗര്‍ത്തത്തിന്റെ ഭ്രമണപഥത്തിന്റെ ചലനത്തിന്റെ പ്രത്യേകതയാണ് ഇതിന് കാരണമെന്നുമാണ് പ്രപഞ്ച ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നത്. തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള സ്റ്റീഫന്‍ ഹോക്കിങും മറ്റു ശാസ്ത്രഞ്ജരും ചേര്‍ന്ന് തയ്യാറാക്കിയ 'നൊ ഹെയര്‍' തിയറമാണ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എ. ഗോപകുമാറിനേയും ബിരുദവിദ്യാര്‍ഥിയായ ലങ്കേഷ് ഡേയേയും ഈ തമോഗര്‍ത്തങ്ങളുടെ നൃത്തം കൃത്യമായി പ്രവചിക്കാന്‍ സഹായിച്ചത്. ഇതു പ്രകാരം കഴിഞ്ഞ ജൂലൈ 31ന് ഇവര്‍ പ്രവചിച്ച വെളിച്ചം 2.5 മണിക്കൂര്‍ മാത്രം വ്യത്യാസത്തില്‍ സത്യമായി.

spitzer-telescope

എന്നാല്‍ ആ സമയം സൂര്യന്റെ മറവ് കാരണം ഒജെ 287ന്റെ സ്ഥാനം ഭൂമിയില്‍ നിന്നും നേരിട്ട് നിരീക്ഷിക്കാന്‍ കഴിയുംവിധമായിരുന്നില്ല. നാസയുടെ ബഹിരാകാശ ടെലസ്‌കോപായ സ്പിറ്റ്‌സറാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിച്ചത്. ഭൂമിയില്‍ നിന്നും 16 കോടി കിലോമീറ്റര്‍ അകലത്തിലായിരുന്ന സ്പിറ്റ്‌സര്‍ തമോഗര്‍ത്തങ്ങളുടെ നൃത്തം വിജയകരമായി പകര്‍ത്തുകയും ചെയ്തു. ഭാവിയില്‍ 2022, 2033, 2034 എന്നീ വര്‍ഷങ്ങളിലായിരിക്കും തമോ ഗര്‍ത്തങ്ങളുടെ നൃത്തം സംഭവിക്കുകയെന്നാണ് പ്രവചനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA