sections
MORE

കൊറോണയ്ക്ക് മുന്നിൽ ലോകം ഭയന്നു വിറയ്ക്കുന്നു, രോഗികളെ രക്ഷിക്കാൻ നാസയുടെ ടെക് സഹായം

NASA-engineers
SHARE

അമേരിക്കയില്‍ മാത്രമല്ല കോവിഡ്–19 പ്രതിസന്ധിയായ ലോകത്തെ എല്ലായിടത്തെ ആശുപത്രികളുടേയും പ്രധാന വെല്ലുവിളികളിലൊന്ന് ആവശ്യത്തിന് വെന്റിലേറ്ററുകള്‍ രോഗികള്‍ക്കായി ഒരുക്കുക എന്നതാണ്. ഈ വെന്റിലേറ്റര്‍ പ്രതിസന്ധിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വെറും 37 ദിവസം കൊണ്ട് നിലവിലെ വെന്റിലേറ്ററുകളില്‍ ഉപയോഗിക്കുന്ന ഏഴിലൊന്ന് സാധനങ്ങള്‍ മാത്രം ഉപയോഗിച്ച് വിറ്റല്‍ എന്ന പേരില്‍ വെന്റിലേറ്റര്‍ ഒരുക്കിയിരിക്കുകയാണ് നാസ.

വെന്റിലേറ്റര്‍ ഇന്റര്‍വെന്‍ഷന്‍ ടെക്‌നോളജി അസസബിള്‍ ലോക്കലി(VITAL) എന്ന് പേരിട്ടിരിക്കുന്ന നാസയുടെ വെന്റിലേറ്റര്‍ ഏപ്രില്‍ 21ന് ന്യൂയോര്‍ക്കില്‍ നടന്ന നിര്‍ണായകമായ പരീക്ഷണവും വിജയിച്ചിരിക്കുകയാണ്. നാസയുടെ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ എന്‍ജിനീയര്‍മാരാണ് ഈ നേട്ടത്തിന് പിന്നില്‍. സാമ്പ്രദായിക വെന്റിലേറ്ററുകളെ അപേക്ഷിച്ച് അതിവേഗത്തില്‍ ഇവയുടെ നിര്‍മ്മാണം നടക്കുമെന്നതും പ്രത്യേകതയാണ്.

'ഞങ്ങളുടെ പ്രാവീണ്യം മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിലല്ല, ബഹിരാകാശ വാഹനങ്ങളുടെ നിര്‍മാണത്തിലാണ്. പക്ഷേ ഒന്നാന്തരം എൻജിനീയറിങും വെല്ലുവിളികളെ അതിജീവിക്കുന്ന പരീക്ഷണങ്ങളും വഴി പുതിയൊരു കണ്ടുപിടുത്തം നടത്താന്‍ ഞങ്ങള്‍ക്കാവും. ഇപ്പോള്‍ വൈദ്യശാസ്ത്ര മേഖലയിലാണ് എൻജിനീയര്‍മാരുടെ പിന്തുണ വേണ്ടതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഈ ദൗത്യം ഏറ്റെടുത്തതെന്ന് ജെപിഎല്‍ ഡയറക്ടര്‍ മിഖായേല്‍ വാട്ട്കിന്‍സ് പറയുന്നു.

യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിയോടെ ഈ വെന്റിലേറ്റര്‍ വേഗത്തില്‍ ആശുപത്രികളിലെത്തിക്കാനാണ് നാസ ശാസ്ത്രജ്ഞരുടെ ശ്രമം. നിലവിലെ വെന്റിലേറ്ററുകള്‍ക്ക് പകരംവക്കാവുന്നതല്ല തങ്ങളുടെ ഉത്പന്നമെന്നും അതിവേഗത്തില്‍ നിര്‍മിക്കാനാവുന്ന കോവിഡ് രോഗികള്‍ക്ക് പ്രത്യേകമായി ഉപയോഗിക്കാവുന്ന നിലയില്‍ നിര്‍മിച്ചവയാണ് ഇവയെന്നും നാസ ശാസ്ത്രജ്ഞര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. സാധാരണ വെന്റിലേറ്ററുകള്‍ വര്‍ഷങ്ങള്‍ ഉപയോഗിക്കാമെങ്കില്‍ മൂന്നോ നാലോ മാസം മാത്രമേ വിറ്റല്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാനാകൂ.

എന്നാല്‍, അതിവേഗത്തില്‍ നിര്‍മിക്കാമെന്നതും എളുപ്പത്തില്‍ ഉപയോഗിക്കാമെന്നതും നാസയുടെ വെന്റിലേറ്ററിന്റെ നല്ല ഗുണങ്ങളാണ്. കോവിഡിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള താത്കാലിക ആശുപത്രികളായി മാറിയിട്ടുള്ള ഹോട്ടലുകളിലും കണ്‍വെന്‍ഷന്‍ സെന്ററുകളിലുമെല്ലാം എളുപ്പത്തില്‍ ഇവ ഉപയോഗിക്കാനാകും.

nasa-ventilator

വിറ്റലിന് അനുമതി ലഭിച്ചാല്‍ സൗജന്യമായി നിര്‍മാണ ലൈസന്‍സ് നല്‍കാനാണ് ജെപിഎലിന്റെ മേല്‍നോട്ടം വഹിക്കുന്ന കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ തീരുമാനം. അങ്ങനെ വന്നാല്‍ ലോകമെങ്ങുമുള്ള കമ്പനികള്‍ക്ക് വലിയ തോതില്‍ മറ്റു ബാധ്യതകളില്ലാതെ വിറ്റല്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാനാകും. അത് സാധ്യമായാല്‍ അമേരിക്കയില്‍ മാത്രമല്ല ലോകത്താകെ വിറ്റല്‍ വെന്റിലേറ്ററുകള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA