ADVERTISEMENT

അമേരിക്കയുടെ ആരോഗ്യ ഉപദേശകനായ ആന്റണി ഫൗച്ചിയുടെ പിന്തുണയുള്ള ഒരു സംഘടന ചൈനയിലെ വുഹാനിലെ വിവാദ വൈറോളജി ലാബിന് പണം നല്‍കിവന്നിരുന്നു എന്ന് പ്രശസ്ത അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളിലൊന്നായ ന്യൂസ്‌വീക്ക്. അമേരിക്കയുടെ 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടസ് ഓഫ് ഹെല്‍ത്', ഫൗച്ചി മേധാവിയായുള്ള 'നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസി'ന്റെ അനുമതിയോടെ 3.7 ദശലക്ഷം ഡോളര്‍ 6 വര്‍ഷമായി നല്‍കിവന്നിരുന്നതായി ന്യൂസ്‌വീക്ക് ആരോപിക്കുന്നു. ഇതാകട്ടെ, ചൈനയിലെ വവ്വാലുകളില്‍ നിന്നുണ്ടാകുന്ന കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്താനായിരുന്നു. ഇതില്‍ ഗെയ്ന്‍-ഓഫ്-ഫങ്ഷന്‍ വര്‍ക്കും ഉണ്ടായിരുന്നു എന്ന കാര്യമാണിപ്പോള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്.

വേറെയും ഫണ്ടിങ്

ഈ പ്രോഗ്രാമിലൂടെ അഞ്ചു വര്‍ഷം നീണ്ട മറ്റൊരു പ്രോഗ്രാമിലൂടെ വവ്വാലുകളിലെ കൊറോണാവൈറസുകളെ ശേഖരിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി മറ്റൊരു 3.7 ദശലക്ഷം ഡോളറും നല്‍കിയെന്ന് ന്യൂസ്‌വീക്ക് പറയുന്നു. ഇത് 2019ല്‍ അവസാനിക്കുമ്പോള്‍ മൊത്തം 7.4 ദശലക്ഷം ഡോളര്‍ നല്‍കിയെന്നാണ് ഫൗച്ചിയുടെ പേരെടുത്തു പറയാത്ത റപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണം.

FRANCE-HEALTH-VIRUS-TEST

ലാബില്‍ നിന്നു പുറത്തുവന്നതാകാം

അമേരിക്കയിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം മരണകാരിയായ ഈ വൈറസ് ലാബില്‍ നിന്നു പുറത്തുവന്നതാകാമെന്ന സാധ്യത തള്ളിക്കളയാന്‍ വിസമ്മതിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ന്യൂസ്‌വീക്കിന്റെ റിപ്പോര്‍ട്ട് വരുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്. എന്നാല്‍, വൈറസ് പുറത്തുപോയിരിക്കാനുള്ള സാധ്യത ബെയ്ജിങ് തള്ളിക്കളയുകയാണ് ഉണ്ടായത്.

അമേരിക്കന്‍ ഇന്റലിജന്‍സ് വൈറസ് സ്വാഭാവികമായി ഉണ്ടായതാണെന്ന് ഉറപ്പിച്ചു പറഞ്ഞുവരികയായിരുന്നുവെങ്കിലും, പിന്നീട് അവര്‍ നിലപാടു മാറ്റിയെന്നും ന്യൂസ്‌വീക്ക് പറയുന്നു. സ്വാഭാവികമായി ഉണ്ടായതാകാനാണ് കൂടുതല്‍ സാധ്യതയെങ്കിലും ലാബില്‍ നിന്ന് യാദൃശ്ചികമായി പുറത്തുവന്നതാകാമെന്നും അവര്‍ പറയുന്നു. പക്ഷേ, അതിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ലെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ നിലപാടുമാറ്റം.

ഒഴിഞ്ഞുമാറി ഫൗച്ചി

പുതിയ ആരോപണങ്ങളെക്കുറിച്ച് മറുപടി പറയാന്‍ ഫൗച്ചി കൂട്ടാക്കിയില്ല. എന്നാല്‍ അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത് പറഞ്ഞത് ഫണ്ടു നല്‍കിയതില്‍ തെറ്റില്ലെന്നും ലാബില്‍ നിന്ന് പുറത്തുവന്നതാണ് എന്നതിനു തെളിവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മനുഷ്യര്‍ക്കു പകര്‍ന്നു കിട്ടാവുന്ന വൈറസുകളെല്ലാം തന്നെ വന്യജീവികളില്‍ നിന്നു വരുന്നതാണ്. ഇവ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. അമേരിക്കയിലെയും ലോകം മുഴുവന്റെയും ആരോഗ്യ സുരക്ഷയ്ക്കായാണ് ഇത്തരം ഗവേഷണങ്ങള്‍ നടത്തിവന്നതെന്നാണ് അവരുടെ നിലപാട്. പുതിയ കൊറോണാവൈറസിനെ പരിശോധിച്ചതില്‍ നിന്നു മനസ്സിലാകുന്നത് അത് ലാബില്‍ ഉണ്ടാക്കിയതാണെന്നതിന് ഒരു തെളിവും ഇല്ലെന്നാണ്.

InvertertubeÆ, InvertertubeÆ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത് ഫണ്ടു നല്‍കിവന്ന ആദ്യ പ്രോഗ്രാം തുടങ്ങിയത് 2014ല്‍ ആണ്. വുഹാന്‍ ലാബിലെ ഷി സെങ്-ലീ (Shi Zheng-Li) എന്ന വൈറോളജിസ്റ്റിന്റെ കീഴിലുള്ള ടീമാണ് കാട്ടുവവ്വാലുകളില്‍ നിന്നു ശേഖരിക്കുന്ന കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിവന്നത്. (ഷീ അറിയപ്പെട്ടിരുന്നതു തന്നെ ബാറ്റ് വുമണ്‍ (വവ്വാല്‍ പെണ്ണ്) എന്നായിരുന്നു.) ഈ പരീക്ഷണം 2019ല്‍ അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രണ്ടാം ഘട്ട പരീക്ഷണം കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചത്. ഇതിലാണ് ഗെയ്ന്‍-ഓഫ്-ഫങ്ഷന്‍ പരീക്ഷണങ്ങള്‍ നടത്തിവന്നത്.

എന്താണ് ഗെയ്ന്‍-ഓഫ്-ഫങ്ഷന്‍ പരീക്ഷണം?

ഗെയ്ന്‍-ഓഫ്-ഫങ്ഷന്‍ പരീക്ഷണങ്ങളില്‍, വൈറസുകളെ ആഗോളതലത്തില്‍ ആളുകളെ ബാധിക്കാവുന്ന രോഗാണുക്കളാക്കി മാറ്റുകയാണ് ചെയ്യുക. ഇത്തരം ഗവേഷണങ്ങള്‍ അമേരിക്കന്‍ ദേശീയ ഏജന്‍സിയുടെ സഹായത്തോടെ ലോകത്ത് ഡസന്‍ കണക്കിനു ലാബുകളില്‍ നടക്കുന്നുണ്ട് എന്ന് ന്യൂസ്‌വീക്ക് പറയുന്നു. ഇത്തരം ചില പരീക്ഷണങ്ങളില്‍ വിനാശകാരികളായ വൈറസുകളെ അവരുടെ ശേഷി വര്‍ധിപ്പിച്ചു ഗവേഷണം നടത്തുന്നു. പ്രത്യക്ഷത്തില്‍ ഇതിന്റെ ലക്ഷ്യം ഇവ അതിവേഗം മനുഷ്യരുടെ ഇടയില്‍ പ്രചരിച്ചാല്‍ എന്തു സംഭവിക്കും എന്നറിയാനാണ് പഠിക്കുന്നത് എന്നാണ്. എന്നാല്‍, ഇത്തരം പഠനങ്ങള്‍ വേണ്ടെന്ന് നൂറു കണക്കിന് ശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി മുന്നറിയിപ്പു നല്‍കി വരികയായിരുന്നു. ലോകത്തെ പല ലാബുകളിലായി നടത്തിവന്നിരുന്ന ഇത്തരം പരീക്ഷണങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നായിരുന്നു അവരുടെ വാദം. അവര്‍ ഭയപ്പെട്ടിരുന്നതു പോലെ, ലോകമെമ്പാടും നിന്നുളള ലാബുകളില്‍ നിന്ന് യാദൃച്ഛികമായ പുറത്തുപോയ നിരവധി അവസരങ്ങളുണ്ടെന്നും ന്യൂസ്‌വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

FILES-CHINA-HEALTH-VIRUS

ശ്രദ്ധിക്കേണ്ട കാര്യം

റുട്‌ഗേഴ്സ് യൂണിവേഴ്‌സിറ്റിയിലെ (Rutgers University) പകര്‍ച്ചവ്യാധി വിദഗ്ധനായ റിച്ചാഡ് എബ്രൈറ്റ് പറയുന്നത് ഗെയ്ന്‍-ഓഫ്-ഫങ്ഷന്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളെക്കുറിച്ച്, കൊറോണാവൈറസ് വ്യാപിക്കുന്ന ഇക്കാലത്ത് കൂടുതല്‍ പഠനം ആവശ്യമാണെന്നാണ്. ജനറ്റിക് എൻജിനീയറങിന്റെ ടെക്‌നീക്കുകള്‍ തന്നെ ആയിരിക്കാം നടന്നുവന്നത്.

ഈ പ്രൊജക്ട് ഏപ്രില്‍ 24, 2020യില്‍ ഉപേക്ഷിച്ചു

മറ്റൊരു ശ്രദ്ധേയമായ കാര്യം വുഹാനിലെ ലാബില്‍ നടന്നുവന്ന ഈ പരീക്ഷണം തങ്ങള്‍ നിർത്തിയതായി അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് ഏപ്രില്‍ 24, 2020ന് പ്രഖ്യാപിച്ചതാണ്. എന്‍ബ്രൈറ്റ് അടക്കമുള്ള പല ശാസ്ത്രജ്ഞരും ഈ പരീക്ഷണത്തെ നിശിതമായി വിമര്‍ശിച്ചുവരികയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. വൈറസ് യാദൃചിഛികമായി ലാബില്‍ നിന്നു ചാടിപ്പോരാമെന്നും അതുമൂലം, മഹാവ്യാധി പകരാമെന്നുമായിരുന്നു അദ്ദേഹം അടക്കമുളളവര്‍ വാദിച്ചു പോന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com