ADVERTISEMENT

പരമ്പരാഗതമായുള്ള വിശ്വാസപ്രകാരം മനുഷ്യര്‍ മരണത്തിനു കീഴടങ്ങിയേ പറ്റൂ. എന്നാല്‍, ഒരു പറ്റം ശാസ്ത്രജ്ഞര്‍ ഈ പരിമിതി മറികടക്കാനുള്ള ശ്രമം നടത്തിവരികയാണ്. മരണത്തെ മറികടക്കല്‍ ഉടന്‍ സാധ്യമായില്ലെങ്കില്‍ പോലും ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കാനായേക്കുമെന്നാണ് മറ്റു ചില ഗവേഷകരുടെ കണക്കൂകൂട്ടല്‍. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ നേട്ടങ്ങള്‍ തന്നെയാണ് ഇതു സാധ്യമാണെന്നതിനുള്ള തെളിവ് എന്നാണ് അവര്‍ പറയുന്നത്. മരണത്തെ അതിജീവിക്കുക, ജീവിത ദൈര്‍ഘ്യം കൂട്ടുക തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ എത്രമാത്രം പ്രായോഗികമാണെന്നു നോക്കാം.

ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കാനാകുമോ?

അതിനുള്ള തെളിവാണ് ഇന്നത്തെ ചില വികസിത രാജ്യങ്ങള്‍ എന്നാണ് വാദം. അവിടങ്ങളില്‍ ഇന്ന് 80 വയസ്സു വരെ ജീവിച്ചിരിക്കുക എന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. 100-150 വര്‍ഷം മുൻപ് ഇതായിരുന്നില്ല രീതി. ശരാശരി മനുഷ്യായുസ് വളരെ കുറവായിരുന്നു. എന്നു പറഞ്ഞാല്‍, വിധിയെ ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടെയും മികവില്‍ ഒരു പരിധിവരെ മറികടന്നു. ഭാവിയില്‍, മനുഷ്യര്‍ 150-200 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന കാലം വരാമെന്നാണ് ഒരു വാദം. എന്നാല്‍, ഈ കാലഘട്ടത്തിനുമപ്പുറത്തേക്കു പോയാൽ അനശ്വരത്വം തന്നെ നേടുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്.

ഇതെല്ലാം അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളായി തോന്നാമെങ്കിലും ശാസ്ത്രജ്ഞരും ഗവേഷകരും വമ്പന്‍ ടെക്‌നോളജി കമ്പനികളും ഇതിനുള്ള ഒരുക്കം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഗൂഗിള്‍ വെഞ്ച്വേഴ്‌സിനു തുടക്കമിട്ട അമേരിക്കന്‍ ബിസിനസുകാരനായ ബില്‍ മാറിസ് (Bill Maris) ഏതാനും വര്‍ഷം മുൻപ് അവകാശപ്പെട്ടത് ഭാവിയില്‍ മനുഷ്യര്‍ കുറഞ്ഞത് 500 വര്‍ഷം ജീവിച്ചിരിക്കുമെന്നാണ്. ശാസ്ത്രത്തിനും ടെക്‌നോളജിക്കും ഇതിനു സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതിനായി 2013ല്‍ ഗൂഗിള്‍ സ്ഥാപിച്ച കമ്പനിയാണ് കാലികോ (Calico). ഈ കമ്പനി വലിയ മരുന്നു നിര്‍മാണ കമ്പനികളും ലോകത്തെ ഏറ്റവും വലിയ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുമൊത്തു പ്രവര്‍ത്തിക്കുകയാണ്. മനുഷ്യരുടെ ആയുസു വര്‍ധിപ്പിക്കാനുള്ള ഉദ്യമത്തിന് മാത്രം ചെലവിടാനായി ആദ്യഘട്ടത്തില്‍ മാറ്റിവച്ചിരിക്കുന്നത് 19,000 കോടി രൂപയാണ്.

ഇതു അടുത്തെങ്ങാനും നടക്കുമോ?

അമേരിക്കന്‍ ഫ്യൂച്ചറിസ്റ്റായ റെയ് കര്‍സ്‌വെയില്‍ (Ray Kurzweil) പറയുന്നത് 2045ല്‍ എത്തുമ്പോള്‍ മനുഷ്യര്‍ക്ക് അവരുടെ തലച്ചോറ് യന്ത്രങ്ങളിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചേക്കുമെന്നാണ്. ഇതു യാഥാര്‍ഥ്യമാകുകയാണെങ്കില്‍ നിങ്ങളുടെ ശരീരം മരിച്ചാലും മനസ്സ് 25 വര്‍ഷത്തിനു ശേഷം ഡിജിറ്റല്‍ അനശ്വരത്വം കൈവരിക്കും. നിങ്ങളുടെ ഓര്‍മകളും വികാരങ്ങളും എക്കാലത്തേക്കുമായി സ്‌റ്റോർ ചെയ്യാനായേക്കും.

അമേരിക്കയുടെ ബക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്ജിങിലെ പങ്കജ് കപാഹിയും പറയുന്നത് മനുഷ്യരുടെ ജീവിത ദൈര്‍ഘ്യം 4-5 മടങ്ങു വര്‍ധിക്കുമെന്നാണ്. കൊറോണാവൈറസ് മൂലം മരണമടയുന്നവരില്‍ ഏറിയ പങ്കും 60 വയസ്സിനു മുകളിലുള്ളവരാണെങ്കില്‍ പോലും ഗ്ലോബല്‍ എയ്ജ്‌ വാച്ച് ഇന്‍ഡെക്‌സിന്റെ നിഗമന പ്രകാരം 2050 ആകുമ്പോഴേക്ക് ലോക ജനസംഖ്യയില്‍ 60 കടന്നവരുടെ എണ്ണത്തിൽ 21 ശതമാനം വര്‍ധനയുണ്ടാകും. ഇക്കാലമാകുമ്പോള്‍ ഇപ്പോഴത്തെ 40 കാരെ പോലെ ഊര്‍ജ്ജസ്വലരായിരിക്കും അക്കാലത്തെ 60 കാര്‍ എന്നും പറയുന്നു. മഹാവ്യാധിയോ മറ്റുപ്രശ്‌നങ്ങളോ വന്നാലും ഇതു സാധ്യമായേക്കുമെന്നു വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്.‌

ശരീരഭാഗങ്ങള്‍ മാറ്റി വയ്ക്കാനാകും

മരണം എന്ന പ്രശ്‌നത്തെ ഒരു രീതിയില്‍ മാത്രം മറികടക്കാനല്ല ശ്രമം. അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ, നിര്‍ണായക അവയവങ്ങള്‍ യന്ത്രങ്ങളെയോ കംപ്യൂട്ടറുകളെയോ ഉപയോഗിച്ച് മാറ്റിവയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ശരീരത്തിനുവരുന്ന, പരിഹരിക്കാവുന്ന ഒരു സാങ്കേതിക തകരാര്‍ പ്രശ്‌നം മാത്രമാണ് മരണം എന്ന ഉറച്ച വിശ്വാസത്തോടെയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ മുന്നേറുന്നത്. ലാബോറട്ടറികളില്‍ ഈ പ്രശ്‌നം പരിഹരിക്കാനായേക്കുമെന്നും മനുഷ്യര്‍ അതോടെ അമരത്വം നേടിയേക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

Psychasec

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചില പ്രകൃതി ദുരന്തങ്ങള്‍ നേരത്തെ അറിഞ്ഞ് പ്രതിവിധി കണ്ടു. ചില രോഗങ്ങള്‍ ഏശാത്ത രീതിയിലേക്ക് ശരീരത്തിന് പ്രതിരോധശേഷി നല്‍കി. എച്‌ഐവി-എയ്ഡ്‌സ് പടര്‍ന്നപ്പോള്‍, അതിന് ജിനോം സീക്വന്‍സ് കണ്ടെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. എന്നാല്‍, 2012ല്‍ മേര്‍സ് (MERS) രോഗം വന്നപ്പോള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ അതിനുള്ള ജീനോം കണ്ടുപിടിച്ചു. കൊറോണാവൈറസിനുള്ള ജീനോം സീക്വന്‍സ് അധികം താമസിക്കാതെ തയാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നു മനസ്സിലാകുന്നത് മനുഷ്യര്‍ക്ക് മാരകരോഗങ്ങളെപ്പോലും അതിജീവിക്കാനുള്ള ശക്തി ആര്‍ജ്ജിക്കാനായിരിക്കുന്നു എന്നും പറയുന്നു. ഒരു കാലത്ത് ദൈവ കോപവും മറ്റുമായി കരുതിയിരുന്ന മഹാവ്യാധിക്കുള്ള പരിഹാരം ലാബില്‍ കണ്ടെത്താനാകുന്നതു പോലെ മരണത്തെയും മനുഷ്യര്‍ മറികടക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. ഇത്തരം ശാസ്ത്ര ഭാവനയില്‍ കഴമ്പുണ്ടോ എന്നറിയാന്‍ ഇനിയും പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരുമെന്നു മാത്രം. എന്നാല്‍ മരണത്തെ ശാസ്ത്രത്തിന്റെ തോളിലേറെ മറികടക്കാമെന്നു സ്വപ്‌നം കാണുകയെങ്കിലും ചെയ്യുന്നവരുണ്ടെന്ന് ഓര്‍ത്തിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com