ADVERTISEMENT

കോവിഡ്-19 വ്യാപിച്ചതിനെ തുടര്‍ന്ന് ചുവരുകള്‍ക്കുള്ളില്‍ ഉറങ്ങി വെളുപ്പിച്ചു വരുന്ന ആളുകള്‍ക്ക് ആശ പകരുന്നതാണ് ഈ ദിവസങ്ങളില്‍ എടുത്ത ചില തീരുമാനങ്ങള്‍. കൊറോണാവൈറസിന്റെ ആക്രമണത്തെ തുടര്‍ന്ന് വേണ്ടിവന്ന ലോക്ഡൗണ്‍ മുന്‍കരുതലുകളും പല സര്‍ക്കാരുകളും ശ്രദ്ധാപൂര്‍വ്വം പിന്‍വലിച്ചു തുടങ്ങുകയാണ്. പല കമ്പനികളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കരുതലുകളെടുത്ത് പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം മാറ്റിവയ്ക്കപ്പെട്ട ചില വമ്പന്‍ ഇവന്റുകളുണ്ട്. ഉദാഹരണത്തിന് ഒളിംപിക്‌സ്. ഒളിംപിക്‌സ് ജൂലൈ 23, 2021ന് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതൊക്കെ കണ്ട് കൊറോണാവൈറസ് ബാധ താമസിയാതെ ഒഴിഞ്ഞേക്കുമെന്നു കരുതുന്നവരെ പഴിപറയാനാവില്ല. എന്നാല്‍, കൊറോണാവൈറസ് എന്നാണ് ഇല്ലായ്മ ചെയ്യപ്പെടുക എന്ന് തങ്ങള്‍ക്ക് അറിയാമെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ ഓര്‍ക്കുക, അവര്‍ നുണപറയുകയാണ്.

 

ആര്‍ക്കും വൈറസിന്റെ ഭാവിയെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം. ഈ വൈറസിനെ ആര്‍ക്കും ഒരു പരിചയവുമില്ല. ഭൂമിയിലുള്ള ശാസ്ത്രാവബോധമുള്ളവര്‍ക്കു പോലും ആകെ ചെയ്യാവുന്നത് ലഭ്യമായ ഡേറ്റ ഉപയോഗച്ച്, അടുത്തതായി എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് ചില നിഗമനങ്ങളിലെത്തുക എന്നത് മാത്രമാണ്. നോക്കൂ, ഈ രോഗം മൂലം രക്തം കട്ടപിടിക്കുന്ന കാര്യം അടുത്തിടെ മാത്രമാണ് ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടതുപോലും.

 

ഉടനെ സാധാരണനില കൈവരിക്കാനായേക്കുമെന്ന തോന്നല്‍ വളരെ ആശ്വാസം നല്‍കുന്ന ഒന്നാണ്. നമ്മുടെ പഴയ, സുഖകരമായ, ബഹളം വച്ചുള്ള ജീവിതത്തിലെക്ക് തിരിച്ചെത്താന്‍ പോകുന്നുവെന്ന തോന്നല്‍ അതിലേറെ സുഖം സമ്മാനിക്കുന്ന ഒന്നാണ്. എന്നാല്‍ അരുത്, സ്വാസ്ഥ്യവും സത്യവും തമ്മില്‍വച്ചു മാറരുത്. രോഗത്തെക്കുറിച്ച് രാഷ്ട്രീയക്കര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന തിയതികള്‍ തീര്‍ച്ചയും തീരുമാനവും ഉള്ളവയല്ല. സൂക്ഷിച്ചു നോക്കൂ, ഇവയിലൊന്നും കൊറോണ വൈറസ് വ്യാധി ഇന്ന സമയത്ത് അടങ്ങുമെന്ന് പറയുന്നില്ല. വൈറസിനെതിരെ ഫലിക്കുമെന്ന് ഉറപ്പുള്ള ഒരു മരുന്നുമില്ല ഇപ്പോള്‍. വാക്‌സിനുമില്ല. ചൊടിയോടെ പണിയെടുക്കുന്ന ഒരു പറ്റം ആരോഗ്യപ്രവര്‍ത്തകരുടെ മികവാണ് രോഗവ്യാപനം തത്കാലം പിടിച്ചുനിർത്തിയിരിക്കുന്നത്. പരമാവധി ആളുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ നമുക്കു ചെയ്യാവുന്ന ഏക കാര്യം നമ്മളും ചെയ്യുന്നു – മറ്റെല്ലാവരില്‍ നിന്നും മറഞ്ഞിരിക്കുക എന്നത്.

 

വൈറസ് കാലത്തു പോലും സമത്വം വന്നില്ല

 

വൈറസിന്റെ ആഘാതത്തിലൂടെ പുതിയ സമത്വം പുലരുമെന്ന പ്രതീക്ഷ പോലും തെറ്റി. കാശുള്ളവനെയും കുറഞ്ഞവനെയും ഒരു പോലെ വൈറസ് ബാധിക്കുമെന്നായിരുന്നു കൊറോണ വൈറസിലൂടെ സമത്വം വരുമെന്നു പ്രഖ്യാപിച്ചവര്‍ പ്രവചിച്ചത്. എന്നാല്‍, അതും അങ്ങനെയല്ല. കുറച്ചുള്ളവര്‍ക്കാണ് ആഘാതം കൂടുതല്‍ അനുഭവിക്കേണ്ടിവന്നിരിക്കുന്നത്. പല രാജ്യങ്ങളിലെയും സർക്കാരുകള്‍ ഈ അസമത്വത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നു പറയാനാവില്ല. അമേരിക്കയിലെ കഥ പറഞ്ഞാല്‍ സ്വകാര്യ ജെറ്റ് ഉടമകളോടൊത്ത് ചൈനയില്‍ പോയി മാസ്‌ക് കൊണ്ടുവന്ന് തങ്ങളുടെ ആശുപത്രികളില്‍ വിതരണം ചെയ്തവരുണ്ട്. മറ്റ് ആശുപത്രികളിലെ നേഴ്‌സുമാര്‍ പഴയ തുണി വലിച്ചു മുഖത്തു കെട്ടുന്നു. കൊറോണാവൈറസിനെ അകറ്റാന്‍ ഇത് അപര്യപ്തമാണെന്നു പറയേണ്ട കാര്യമില്ലല്ലോ. ഈ വൈറസിനെതിരെയുള്ള യുദ്ധത്തില്‍ അസമത്വം എല്ലാ തലത്തിലും കാണാമെന്നാണ് ലോകമെമ്പാടും നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

വൈറസെത്തുന്നതിനു മുൻപ് തന്നെ എളുപ്പത്തില്‍ പരുക്കേല്‍ക്കാവുന്ന ജീവിതം നയിച്ചുവന്നവരെ തന്നെയാണ് കോവിഡ്-19 ഉം കീഴടക്കുന്നതെന്നാണ് ലോകം മൊത്തമുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാല്‍ കാണാനാകുക എന്നു പറയുന്നു. കറുത്ത വംശക്കാര്‍ക്കിടയിലെ മരണസംഖ്യാ നിരക്ക് ഇതിന് ഉദാഹരണമാണ്. വെള്ളത്തിന്റെ ദൗര്‍ലഭ്യതയുള്ള ചില പ്രദേശങ്ങളില്‍ മറ്റു അസുഖങ്ങള്‍ നിലനിന്നിരുന്നു. അവിടെ കൊറോണാവൈറസും കുതിക്കുന്നു. വീടുകളില്ലാതെ തിങ്ങിപ്പാര്‍ത്തിരുന്നവരുടെ ഇടയിലേക്ക്, എണ്ണയില്‍ കുതിര്‍ന്ന തുണിയിലേക്കെന്നവണ്ണം കോവിഡ്-19 കത്തിക്കയറിയതും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അകലംപാലിക്കലൊന്നും അവിടങ്ങളില്‍ നടക്കില്ലല്ലോ. ചില രാജ്യങ്ങളില്‍ കൊറോണാവൈറസ് പടരുന്നത് കാശുകാരെയും ഇല്ലാത്തവരെയും തിരിച്ചറിഞ്ഞ് എന്നവണ്ണമാണെന്ന് ചില സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ചില അമേരിക്കന്‍ ജയിലുകളിലും തടവുകാരില്‍ ഭൂരിഭാഗത്തിനും വൈറസ് വ്യാപിക്കുന്നതാണ് കാണുന്നത്. ജയില്‍ ശിക്ഷ അനുഭവിക്കുന്ന പലരും ഈ ദുരന്തം എപ്പോഴാണ് തങ്ങള്‍ക്ക് വരുന്നതെന്ന് പേടിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടേത് മരണശിക്ഷ തന്നെയായി പരിണമിച്ചിരിക്കുകയാണെന്ന് അവര്‍ പറയുന്നു. ഇത് വിവിധ രാജ്യങ്ങളില്‍ നില നില്‍ക്കുന്ന പൊതു നയത്തിന്റെ പരാജയമാണ് എന്നാണ് വിശദീകരണം.

 

ഇത്തരം പരാജയങ്ങള്‍ ആരോഗ്യ പരിപാലന സിസ്റ്റങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. സമ്പദ്‌വ്യവസ്ഥ തകരുന്നു. അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങള്‍ കൊറോണാവൈറസിനെതിരെ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ഔചിത്യബോധമില്ലാത്തതും അസംബന്ധവുമായിരുന്നുവെന്നും ചില ആരോപണങ്ങള്‍ ഉയരുന്നു. സമ്പദ്‌വ്യവസ്ഥകള്‍ക്ക് ഏറ്റിരിക്കുന്ന ആഘാതത്തിനു കുറവുവരുത്താനാണ് ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. ശരീര താപനില കുറവാണെങ്കില്‍, മാസ്‌കു ധരിക്കുന്നെങ്കില്‍ ചില ജോലികളില്‍ ഏര്‍പ്പെടാന്‍ സാധിക്കും. ചുരുങ്ങിയ സഞ്ചാര സ്വാതന്ത്ര്യവും കൈവരും.

 

രോഗബാധിതരുടെ എണ്ണം കുറയുമ്പോള്‍ വിലക്കുകള്‍ നീക്കും. നിയന്ത്രണങ്ങള്‍ പോയിക്കഴിയുമ്പോള്‍ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചേക്കാമെന്നാണ് ചില വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മറ്റൊരു ആഘാതമായിരിക്കും. നഗരത്തില്‍ താമസിക്കുന്നവരാണെങ്കില്‍, സാധിക്കുമെങ്കില്‍ അടച്ചിട്ടിരിക്കലാണ് ഉചിതം. ഗ്രാമങ്ങളിലാണെങ്കില്‍ അവരവരുടെ പറമ്പുകളില്‍ പണിയെടുത്ത് ഹൃസ്വകാലത്ത് വിളവെടുപ്പു നടത്താവുന്ന വിത്തുകള്‍ കൃഷി ചെയ്യുക. അല്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്നതിന്റെ തെളിവാണ് ചൈനയില്‍ നിന്നു വരുന്നവാര്‍ത്തകള്‍. പുതിയ കേസുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. സമ്പദ്‌വ്യവസ്ഥ തുറക്കലും അടയ്ക്കലും കുറച്ചുകാലത്തേക്കെങ്കിലും തുടര്‍ക്കഥയാകാനാണ് വഴി.

 

ഇപ്പോള്‍ വിജയവീഥി എന്നു പറയുന്ന വഴി സാധാരണനില സ്ഥിരമായി പുനഃസ്ഥാപിക്കാന്‍ പര്യാപ്തമല്ല എന്നാണ് പലരുടെയും വിലയിരുത്തല്‍. വൈറസിനെതിരെ സമ്പൂര്‍ണ്ണ വിജയം നേടി എന്നു പറയാനുള്ള ഒന്നും ഇപ്പോള്‍ ഇല്ല. ശാസ്ത്രത്തിന് വൈറസിനെ തോല്‍പ്പിക്കാനാകും. എന്നാല്‍, അതു മാത്രം പോര ഇപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍. സർക്കാരുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നയവും എത്രയാളുകള്‍ കൊറോണാവൈറസിനു കീഴടങ്ങേണ്ടി വരുമെന്ന കാര്യത്തില്‍ പ്രാധാന്യമുള്ള ഒന്നായിരിക്കും. ചുരുക്കി പറഞ്ഞാല്‍ പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ വിജയം ലഭിക്കില്ല.

 

തത്കാലം എന്തു ചെയ്യാനാകും? ധാരാളം ടെസ്റ്റുകള്‍ നടത്തണം. രോഗികളാണെന്നു കണ്ടാല്‍ ക്വാറന്റിനില്‍ പാര്‍പ്പിക്കണം. കോണ്‍ടാക്ട് ട്രെയ്സര്‍ നന്നായി പ്രവര്‍ത്തിച്ച് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തണം. ഇതെല്ലാം നല്ലതാണ്. എന്നാല്‍, ഇതിലും ഫലപ്രദമായ എന്തെങ്കിലുമായി ഗവേഷകര്‍ എത്തുമെന്നു പ്രതീക്ഷിക്കുകയും ചെയ്യാം. വാക്‌സിനുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമവും നടക്കുന്നു. എന്നാല്‍, ഇവയില്‍ പലതും പരാജയമടയും. വൈറസിനെ അടുത്തറിയാന്‍ ശ്രമിക്കുകയും മനുഷ്യ ശരീരത്തില്‍ ഈ വാക്‌സിനകള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും വേണം. അവസാനം മനുഷ്യ ശരീരത്തെ തകര്‍ക്കാതെ വൈറസിനെ നശിപ്പിക്കുന്ന വാക്‌സിനോ മരുന്നോ വരിക തന്നെ ചെയ്യും. പക്ഷേ, അതൊന്നും ഇപ്പോള്‍ തയാറല്ല.

 

ഈ യുദ്ധം അവസാനിക്കാന്‍ കാലമേറെ പിടിച്ചേക്കും. പെട്ടെന്ന് അവസാനിക്കാന്‍ ഇതൊരു കൊടുങ്കാറ്റോ കാട്ടുതിയോ ഒന്നുമല്ല. അത്തരം കാര്യങ്ങള്‍ ചില കാലത്തും ചില പ്രദേശത്തും സംഭവിക്കുന്നവയാണ്. എന്തായാലും കൊറോണാവൈറസ് ഈ വര്‍ഷം മുഴുവനും, ലോകം മുഴുവനും കണ്ടേക്കുമെന്നാണ് ഒരു കൂട്ടം വിദഗ്ധര്‍ വിശ്വസിക്കുന്നത്. ഈ വര്‍ഷത്തെ, ലോകത്തെ പുനഃര്‍നിര്‍മ്മിക്കാനുള്ള കാലഘട്ടമായി കാണാം. ചിലപ്പോള്‍ പല വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും. രോഗത്തില്‍ നിന്നു ഉറപ്പായും രക്ഷപെടുമെന്ന് പറയാവുന്ന വാക്‌സിനുകളും മരുന്നുകളും അവയുടെ ശൈശവാവസ്ഥകളിലാണ്. കൊറോണ വൈറസിനെതിരെ നടക്കുന്നത് ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ്. ട്വന്റി ട്വന്റി കളിയല്ല. ഇപ്പോള്‍ കിട്ടുന്ന ഇളവുകള്‍ കണ്ട് വജയമാഘോഷിക്കേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com