ADVERTISEMENT

അയര്‍ലൻ‍ഡില്‍ നിന്നുള്ള പ്രവാസിയായ ഇയന്‍ ലാഹിഫ് ബെയ്ജിങില്‍ തിരിച്ചെത്തി, തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ മുന്‍ വാതിലിനു മുന്നില്‍ നില്‍ക്കുമ്പോഴാണ് പുറത്തെ ഭിത്തിയില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വച്ചിരിക്കുന്ന ക്യാമറ കണ്ടത്. ഈ 34 കാരനായ പ്രവാസിയും കുടുംബവും ബെയ്ജിങില്‍ തങ്ങളുടെ 14 ദിവസ നിര്‍ബന്ധിത ക്വാറന്റിന്‍ തുടങ്ങാനായാണ് അപ്പാര്‍ട്ട്‌മെന്റിലെത്തിയത്. ബെയ്ജിങില്‍ എത്തുന്നവരെല്ലാം കൊറോണാവൈറസ് വ്യാപനം തടയാന്‍ ക്വാറന്റിന്‍ നടത്തണമെന്നതാണ് നിയമം. മുന്‍വാതിലിനടുത്ത് ക്യാമറ ഇരിക്കുക എന്നു പറഞ്ഞാല്‍ അത് സ്വകാര്യത പാടെ തകര്‍ക്കുമെന്നാണ് ഇയന്‍ പറയുന്നത്. കാര്യമായ രീതിയില്‍ ഡേറ്റ ലഭിക്കാന്‍ തന്നെയായിരിക്കണം ക്യാമറ സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു നിയമപരമാണോ എന്ന് തനിക്കറിയില്ലെന്നും ഇയന്‍ പറഞ്ഞു.

ക്വാറന്റിനിലുള്ള ആളുകളുടെ വീടുകളില്‍ ക്യാമറ സ്ഥാപിക്കുമെന്ന് യാതൊരു ഔദ്യോഗിക പ്രസ്താവനയും ചൈന നടത്തിയിട്ടില്ല. എന്നാല്‍, ഇത് ചൈനയിലെ പല നഗരങ്ങളിലും ഫെബ്രുവരി മുതല്‍ നടക്കുന്നുണ്ട്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ഒരു പ്രത്യേക നിയമവും ഇപ്പോള്‍ ചൈനയിലില്ല. എന്നാല്‍, ഇവ ഇപ്പോള്‍ പൊതുജീവിതത്തിന്റെ ഒരു ഭാഗമാക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഇവ നേരത്തെ തന്നെ നിരത്തുകളിൽ, ഷോപ്പിങ് മാളുകളിൽ, ഹോട്ടലുകളിൽ, ബസുകളിൽ, എന്തിന് സ്‌കൂളുകളില്‍ പോലും സ്ഥാപിച്ചിരുന്നു. ചൈന 2017ല്‍ തന്നെ 20 ലക്ഷം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു എന്നാണ് കണക്ക്. എന്നാല്‍, അതൊന്നുമല്ല, അതിന്റെ പതിന്മടങ്ങ് ക്യാമറകള്‍ അക്കാലത്തു തന്നെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു എന്നു വാദിക്കുന്നവരുമുണ്ട്. 2018ല്‍ പുറത്തുവിട്ട ഒരു പഠനം പറയുന്നത് ചൈന നിലകൊള്ളുന്നത് ഏകദേശം 349 ദശലക്ഷം നിരീക്ഷണ ക്യാമറകളുടെ കാവലിലാണ് എന്നാണ്. ഇതിന്റെ അഞ്ചിലൊന്നു ക്യാമറകളെ അമേരിക്കയിലുള്ളു. ഏറ്റവും ശക്തമായ നിരീക്ഷണവലയമുള്ള 10 നഗരങ്ങളില്‍ എട്ടും ചൈനയിലാണ്.

നിരത്തില്‍ നിന്നു വീട്ടിലേക്ക്

എന്നാല്‍, കൊറോണാവൈറസ് ബാധ തുടങ്ങിയതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കല്‍ അടുത്ത തലത്തിലേക്ക് ഉയരുകയായിരുന്നു. നിരത്തും പൊതു സ്ഥലങ്ങളും വിട്ട് അവ ആളുകളുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീടിന്റെ മുന്‍പില്‍ മാത്രമല്ല, വിരളമാണെങ്കിലും വീടിനുള്ളില്‍ പോലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ചൈനയുടെ കുപ്രസിദ്ധമായ ഡിജിറ്റല്‍ ഹെല്‍ത് കോഡ് സിസ്റ്റമാണ് ആരൊക്കെ ക്വാറന്റിനില്‍ പോകണമെന്നു നിര്‍ണ്ണയിക്കുന്നത്. ഈ സിസ്റ്റം ആളുകളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ക്വാറന്റിനില്‍ പോകുന്ന ആളുകള്‍ പറയുന്നതു കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് വീടുകളില്‍ ക്യാമറ സ്ഥാപിക്കുന്നത്. ക്വാറന്റിനിലുള്ള ആളുകളെ 24 മണിക്കൂറും നിരീക്ഷിക്കാനാണ് ക്യാമറ. ഇതിലൂടെ ഉദ്യോഗസ്ഥന്മാരെ നിർത്തി നിരീക്ഷിക്കുന്നതിന്റെ ചെലവു കുറയ്ക്കാമെന്നാണ് കണക്കുകൂട്ടലത്രെ. ഹെബെയ് (Hebei) പ്രൊവിന്‍സിലും ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചാങ്ഗുചുണ്‍ (Changchun) നഗരത്തിലാകട്ടെ വീടുകളില്‍ വയ്ക്കുന്ന നിരീക്ഷണ ക്യാമറകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തിയുമുണ്ട്. ഹാങ്ഗ്‌സോ നഗരത്തില്‍ പ്രാദേശിക ഭരണകൂടം ഏകദേശം 238 ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ട് ചൈനക്കാര്‍

ചൈനീസ് സമൂഹ മാധ്യമ സൈറ്റായ വെയ്‌ബോയില്‍ തങ്ങളുടെ മുന്‍ വാതിലിനോടു ചേര്‍ന്നു പിടിപ്പിച്ചിരിക്കുന്ന ക്യാമറകളുടെ ചിത്രം ചിലര്‍ പോസ്റ്റു ചെയ്തിട്ടുണ്ട്. ചില ആളുകളൊക്കെ ഇതു തങ്ങളുടെ പുതിയ ജീവിതത്തിന്റെ തുടക്കമായി അംഗീകരിച്ചു കീഴടങ്ങിയ രീതിയിലാണ് പെരുമാറുന്നത്. ചൈനയില്‍ ഇന്റര്‍നെറ്റ് ബ്രൗസിങ് അടക്കമുളള കാര്യങ്ങള്‍ നരീക്ഷിക്കപ്പെടുന്നുണ്ട്. പലര്‍ക്കും ലഭിക്കുന്നത് സെന്‍സര്‍ ചെയ്ത ഇന്റര്‍നെറ്റ് ആണു താനും. ബെയ്ജിങില്‍ നിന്ന് കൊറോണാവൈറസ് പടര്‍ന്ന ഹ്യൂബെയ് പ്രൊവിന്‍സില്‍ പോയി വന്ന ഒരാളോട് വീടിനു മുന്നില്‍ ക്യാമറയും അലാമും സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. താന്‍ ഈ നീക്കത്തെ പരിപൂര്‍ണ്ണമായും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നാണ് ഈ വ്യക്തി പറഞ്ഞത്.

മറ്റൊരാള്‍ പറഞ്ഞത് ഇതിന്റെയൊന്നും ആവശ്യമില്ല. താന്‍ നിയമം ലംഘിക്കാനൊന്നും പോകുന്നില്ല. പിന്ന ഇതിപ്പോള്‍ ഒരു അംഗീകൃത രീതിയായതിനാല്‍ അതിരിക്കട്ടെ എന്നാണ്. എന്നാല്‍, കൊറോണാവൈറസ് വ്യാപനം പേടിക്കുന്ന ചിലരാകട്ടെ, അധികാരികളോട് ആളുകള്‍ ക്വാറന്റിന്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനക്കാര്‍ ഇപ്പോള്‍ കരുതുന്നത് സർക്കാരിന് തങ്ങളെക്കുറിച്ചുള്ള ഡേറ്റയെല്ലാം എന്തായാലും കിട്ടിക്കഴിഞ്ഞു. എന്നാല്‍, പുതിയ നടപടികള്‍ തങ്ങള്‍ക്കു സുരക്ഷയെങ്കിലും ഉറപ്പാക്കുന്നെങ്കില്‍ അതൊരു മെച്ചമാണല്ലോ എന്നാണത്രെ.

വീടിനുള്ളിലും ക്യമാറ

ചിലര്‍ പറയുന്നത് തങ്ങളുടെ വീടിനുള്ളിലും സർക്കാർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട് എന്നാണ്. ഒരു പൊതുപ്രവര്‍ത്തകനായ വില്യം സോവു ചാങ്‌സൊവുവിലുള്ള തന്റെ വീട്ടലേക്കു തിരിച്ചെത്തിയപ്പോള്‍ ഒരു കമ്യൂണിറ്റി വര്‍ക്കറും പൊലീസുകാരനും അപ്പാര്‍ട്ട്‌മെന്റിലെത്തി മുറിക്കുള്ളില്‍ നിന്ന് മുന്‍ വാതില്‍ നിരീക്ഷിക്കാനായി ക്യാമറ സ്ഥാപിച്ചുവെന്നു പറയുന്നു. വില്യം പറയുന്നത് തനിക്ക് ഈ ആശയത്തോട് ഒട്ടും പൊരുത്തപ്പെടാനായില്ല എന്നാണ്. കമ്യൂണിറ്റി വര്‍ക്കര്‍ ഈ ക്യാമറയില്‍ നിന്നുളള ദൃശ്യങ്ങള്‍ അയാളുടെ സ്മാര്‍ട് ഫോണില്‍ കാണിച്ചുകൊടുക്കുകയും ചെയ്തുവത്രെ. ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്ന തന്റെ ദൃശ്യം കമ്യൂണിറ്റി വര്‍ക്കറുടെ ഫോണില്‍ കണ്ടപ്പോള്‍ തനിക്ക് അരിശം വന്നുവെന്നു വില്യം പറഞ്ഞു. ഈ ക്യാമറ എന്തുകൊണ്ടു വീടിനു പുറത്തു സ്ഥാപിച്ചുകൂടാ എന്നു ചോദിച്ചപ്പോള്‍ അത് ആരെങ്കിലും എറിഞ്ഞു പൊട്ടിക്കാനിടയുണ്ടെന്ന മറുപടിയാണ് കിട്ടിതെന്നും തന്റെ പ്രതിഷേധത്തിന് യാതൊരു ഗുണവുമുണ്ടായില്ലെന്നും ക്യാമറ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നോക്കിയിരിക്കുന്നുണ്ടെന്നും വില്യം പറഞ്ഞു. വീടിനുള്ളിലെ ഈ ക്യാമറ തന്നെ മാനസികമായി തകര്‍ത്തുവെന്ന് വില്യം പറയുന്നു. തന്നെപ്പോലെ ക്വാറന്റിനില്‍ പോകേണ്ടി വന്ന വേറെ രണ്ടുപേര്‍ക്കും ഈ പ്രശ്‌നം നേരിട്ടതായി വില്യം പറയുന്നു.

പുതിയ യാഥാര്‍ഥ്യം

പലരുടെയും പ്രശ്‌നം തങ്ങളുടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിറ്റി വര്‍ക്കര്‍മാരാണ് നിരീക്ഷിക്കുന്നത് എന്നതാണ്. ഒരു ഹെല്‍ത് വര്‍ക്കറുടെ സ്മാര്‍ട് ഫോണ്‍ ആപ്പില്‍ ഇത്തരം 30 വാതിലുകള്‍ താന്‍ കണ്ടതായി വില്യം പറഞ്ഞു. മഹാവ്യാധി പടര്‍ന്നതെ കമ്യൂണിറ്റിവര്‍ക്കര്‍മാര്‍ക്ക് ധാരാളം അധികാരം നല്‍കിയിരിക്കുകയാണ്. ആളുകള്‍ ക്വാറന്റിനില്‍ തുടരുന്നുവെന്ന് ഉറപ്പിക്കേണ്ടത് അവരുടെ ചുമതലയാണ്. സദാ തങ്ങളെ നോക്കിയിരിക്കുന്ന ക്യാമറയുമായി പൊരുത്തപ്പെടാനാകാത്തവരും ഇതു പുതിയ യാഥാര്‍ഥ്യമായി അംഗീകരിക്കുന്നവരും ഇന്നു ചൈനയില്‍ ഉണ്ടെന്നു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com