ADVERTISEMENT

കോവിഡ് ലോകമാകെ പടര്‍ന്നു പിടിച്ചതോടെ ഫലപ്രദമായ മരുന്നിനും വാക്‌സിനുമുള്ള നെട്ടോട്ടത്തിലാണ് ശാസ്ത്രലോകം. ചൈനീസ് വൈദ്യശാസ്ത്ര ഗവേഷകരും ഗവേഷണങ്ങളില്‍ ഒട്ടും പിന്നിലല്ല. എന്നാല്‍ അധികം ലോകരാജ്യങ്ങള്‍ അനുഭവിക്കാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് ചൈനയുടെ ഗവേഷകര്‍ കടന്നുപോകുന്നത്. ഫലപ്രദമായ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ കോവിഡ് രോഗികള്‍ ഇപ്പോള്‍ ചൈനയിലില്ലെന്നതാണ് ആ പ്രതിസന്ധി.

രാജ്യാന്തര തലത്തില്‍ പലഘട്ടങ്ങളിലായി എഴുപതോളം വാക്‌സിനുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഇതില്‍ മനുഷ്യരില്‍ പരീക്ഷിക്കാവുന്ന ഘട്ടത്തിലെത്തിയിരിക്കുന്നത് ഒൻപതെണ്ണമാണ്. ഈ ഒൻപതെണ്ണത്തില്‍ അഞ്ചെണ്ണവും ചൈനയില്‍ നിന്നുള്ളതാണ്. എന്നാല്‍, അടുത്തഘട്ടത്തിലേക്ക് പോകാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ചൈനീസ് വാക്‌സിന്‍ പരീക്ഷണങ്ങള്‍.

കോവിഡിനെതിരെ റെംഡെസിവിര്‍ ഫലം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയില്‍ നിന്നും വന്നിരുന്നു. ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ കോവിഡ് 19 രോഗികളില്‍ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അമേരിക്കയില്‍ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. രോഗം ഭേദമാകാനുള്ള സമയദൈര്‍ഘ്യം ഈ മരുന്ന് ഉപയോഗിക്കുന്ന രോഗികളില്‍ കുറഞ്ഞെന്നാണ് കണ്ടെത്തല്‍. സമാനമായ രീതിയില്‍ കോവിഡിനെതിരായ രണ്ട് മരുന്നുകളില്‍ ഗവേഷണം നടന്നുവെങ്കിലും പരീക്ഷിക്കാന്‍ ആവശ്യമായ കോവിഡ് രോഗികളില്ലാതെ അതും പ്രതിസന്ധിയിലായിരിക്കുകയാണ്.

ചൈനയുടെ വാക്‌സിനുകളുടേയും മരുന്നുകളുടേയും പരീക്ഷണം നിര്‍ണായകമായ മൂന്നാംഘട്ടത്തില്‍ തട്ടിയാണ് നില്‍ക്കുന്നത്. മരുന്നു നിര്‍മാണത്തിലെ ഏറ്റവും പ്രധാന ഘട്ടമാണിത്. ആയിരത്തോളം മനുഷ്യരിലാണ് മരുന്ന് പരീക്ഷിക്കുക. ഇവരിലെ ഫലവും രോഗം വ്യാപകമായി പ്രചരിച്ച പ്രദേശത്തെ മരുന്നല്ലാത്ത വസ്തു ഔഷധമെന്ന പേരില്‍ നല്‍കിയ വ്യക്തികളുടെ ഫലവും താരതമ്യം ചെയ്ത് പരിശോധിക്കുന്നു. വാക്‌സിനുകളുടെ സുരക്ഷയും ഫലവും അളക്കുക ഈ ഘട്ടത്തിലാണ്. ഇതിന് ആവശ്യമായ അത്രയും കോവിഡ് രോഗികള്‍ ചൈനയില്‍ ഇല്ലെന്നതാണ് വാക്‌സിന്‍ നിര്‍മ്മാണത്തിന് വെല്ലുവിളിയാകുന്നത്.

കോവിഡ് 19 വ്യാപകമായി നിലവിലുള്ള ഏതെങ്കിലും ലോകരാജ്യങ്ങളിലേക്ക് ഈ വാക്‌സിനുകളുടെ പരീക്ഷണം മാറ്റണമെന്നതാണ് ഈ പ്രതിസന്ധി മറികടക്കാന്‍ ഉയരുന്ന നിര്‍ദേശങ്ങളിലൊന്ന്. ഈ പദ്ധതിക്ക് സഹായവുമായി ലോകാരോഗ്യ സംഘടന തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ സഹായത്തില്‍ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് ചൈനീസ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com