ADVERTISEMENT

മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരോട് സംസാരിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അടുത്തിടെ വരെ, ഇങ്ങനെ മരിച്ചവരുമായി സംസാരിക്കാമെന്ന അവകാശവാദം ഉയര്‍ത്തിയിരുന്നവര്‍ ദുര്‍മന്ത്രവാദികളും അരക്കിറുക്കുള്ളവരുമായിരുന്നു. എന്നാല്‍, മരിച്ചുപോയവരുടെ ഡിജിറ്റല്‍ അവതാരങ്ങളോട് ഇനി ഏവര്‍ക്കും ഏതാനും ക്ലിക്കുകള്‍ ഉപയോഗിച്ച് സംസാരിക്കാനായേക്കും. ദക്ഷിണ കൊറിയയിലേയും അമേരിക്കയിലേയും ചില സ്റ്റാര്‍ട്-അപ് കമ്പനികളാണ് മരിച്ചവരെ ഡിജിറ്റലായി പുനര്‍ജീവിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് നിയമപരവും ധാര്‍മികവുമായ പല ചോദ്യങ്ങളും ഉയര്‍ത്തുന്നു.

 

സാങ്കേതികമായി പറഞ്ഞാല്‍, ആവശ്യത്തിനു ഡേറ്റ ഉണ്ടെങ്കില്‍ ഓണ്‍ലൈനായി ആരെയും പുനര്‍സൃഷ്ടിക്കാമെന്നാണ് അരിസോണാ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ ഓഫ് ഇന്നവേഷന്‍ ഇന്‍ സൊസൈറ്റിയിലെ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസറായ ഫാഹീം ഹുസൈന്‍ പറയുന്നത്. ഇതാകട്ടെ ധാര്‍മികമായ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നുവെന്നും ഫാഹീന്‍ പറയുന്നു. ഇത്തരം സേവനം നല്‍കുന്ന പല കമ്പനികളും പറയുന്നത് ഡിജിറ്റല്‍ മരണാനന്തര ജീവിതം വേണമെന്നുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അതിന് സന്നദ്ധത പ്രകടിപ്പിച്ചു വരണമെന്നാണ്. നിലവില്‍ ഇക്കാര്യത്തില്‍ നിയമങ്ങളൊന്നും ഇല്ലാത്തതിനാല്‍, ഒരാളുടെ ഡേറ്റ കൈവശമുള്ള ആര്‍ക്കും അവരെ മരണശേഷം അവരുടെ സമ്മതമൊന്നുമില്ലാതെ വെര്‍ച്വലായി പുനര്‍ജീവിപ്പിക്കാം. ഒരാളുടെ സമ്മതമില്ലാതെ പോലും ഇതു ചെയ്യാമെന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

vr

 

മിക്കവാറും എല്ലാ രാജ്യങ്ങളിലും മരിച്ചയാളുകളുടെ ഡേറ്റ സംരക്ഷണമില്ലാതെ തുറന്നു കിടക്കുകയാണെന്ന് ബര്‍മിങാം ആസ്റ്റന്‍ യൂണിവേഴ്‌സിറ്റിയിലെ ലക്ചററായ എഡിനാ ഹര്‍ബിഞ്ജാ പറയുന്നു. ഇതിനാല്‍, ആരെങ്കിലും മരിച്ചയാളുടെ സ്വഭാവരീതികള്‍ കൂട്ടിച്ചേര്‍ത്ത് ഒരു അവതാറോ, ആൻഡ്രോയിഡോ ഉണ്ടാക്കിയിട്ടാല്‍ അതിനെ നിയമപരമായി നേരിടാനാവില്ല. ഇതാകട്ടെ, മരിച്ചയാളുടെ സമ്മതമില്ലാതെയായിരിക്കാം. ഇത്തരം സൃഷ്ടിക്കായി നടത്തിയിരിക്കുന്നത് സ്വകാര്യ ഡേറ്റയിലേക്കുള്ള കടന്നുകയറ്റവുമായിരിക്കും. മരിച്ചയാള്‍ സുഹൃത്തുക്കളുമായും മറ്റും നടത്തിയിരിക്കുന്ന സംഭാഷണങ്ങളടക്കമുള്ളവ ഉപയോഗിച്ചായിരിക്കും അയാളെ വീണ്ടും സൃഷ്ടിച്ചിരിക്കുന്നതെന്നും അവര്‍ പറയുന്നു.

 

വെര്‍ച്വല്‍ റിയാലിറ്റി മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വരെയുള്ള ശാസ്ത്ര ശാഖകളില്‍ വന്നിരിക്കുന്ന പുരോഗതി പ്രയോജനപ്പെടുത്തി, ഇത്തരം 'അവാസ്തവികമായ അനശ്വരത്വം' നല്‍കാന്‍ ഇറങ്ങിത്തിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണകൊറിയന്‍ ടിവി ചാനല്‍ ഒരു അമ്മയും അവരുടെ മരിച്ചുപോയ 7 വയസുകാരി മകളുമായുള്ള പുനഃസംഗമം പ്രക്ഷേപണം ചെയ്യുകയുണ്ടായി. മകളെ വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഡിജിറ്റല്‍ അവതാര്‍ ആയി അവതരിപ്പിക്കുകയായിരുന്നു. കുട്ടിയെ അവതരിപ്പിച്ചത് ഒരു കുട്ടി അഭിനേതാവായിരുന്നു. ഇതിനായി സ്വീകരിച്ച ഡേറ്റ അമ്മ മകളെക്കുറിച്ചു നല്‍കിയ ഒര്‍മ്മച്ചിത്രങ്ങളും ഫോട്ടോകളും ആയിരുന്നു. മറ്റു കമ്പനികള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് ശേഖരിച്ച ഡേറ്റ ഉപയോഗിച്ചാണ് മരണശേഷം നമ്മെ പ്രതിനിധീകരിക്കുന്ന ചാറ്റ്‌ബോട്ടുകളെ സൃഷ്ടിക്കുന്നത്.

 

AR-VR

പോര്‍ചുഗീസ് ഡെവലപ്പറായ ഹെന്റീക്ക് ഹോര്‍ഹെ സൃഷ്ടിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഇറ്റിഇആര്‍9 (ETER9). ഇതില്‍ ഓരോ യൂസര്‍ക്കും ഒരു എഐ പ്രതിരൂപവും നല്‍കും. യൂസറുടെ ഓണ്‍ലൈന്‍ പെരുമാറ്റരീതികള്‍ പ്രതിരൂപം ഒപ്പിയെടുക്കും. ഈ പ്രതിരൂപത്തിന് യൂസര്‍ക്കു വേണ്ടി കമന്റുകള്‍ പോസ്റ്റു ചെയ്യാനാകും... മരണശേഷവും. ഒരു യൂസര്‍ തന്റെ പ്രതിരൂപത്തെ ഓണ്‍ലൈനില്‍ തനിക്കൊപ്പം സജീവമാക്കി നിർത്താന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഈ പ്രതിരൂപത്തിന് 'കാലാകാലത്തോളം' നിലനില്‍ക്കാനുള്ള അവസരമുണ്ട്. അയാളുടെ ഓണ്‍ലൈന്‍ പെരുമാറ്റ രീതികള്‍ മുഴുവന്‍ പകര്‍ത്തിയെടുക്കുകയായിരിക്കും എഐ ചെയ്യുക എന്ന് ഹോര്‍ഹെ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. കുറേ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ കൊച്ചുമക്കളുടെ മക്കള്‍ക്ക് നിങ്ങളോട് സംസാരിക്കാന്‍ സാധിക്കും. അവര്‍ക്ക് നിങ്ങളെ നേരിട്ടറിയാന്‍ പാടില്ലെങ്കില്‍ പോലുമെന്നും അദ്ദേഹം പറയുന്നു.

 

ഇത്തരത്തിലുള്ള സേവനം നല്‍കുന്ന കമ്പനിയാണ് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇറ്റേണിമീ. എന്നാല്‍, കലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റെപ്ലിക്ക എന്ന കമ്പനിയാകട്ടെ ഒരു 'ഡിജിറ്റല്‍ ഓള്‍ട്ടര്‍ ഈഗോ'യാണ് (ഒരാളുടെ സ്വഭാവസവിശേഷതകള്‍ ഡിജിറ്റലായി നിക്ഷേപിക്കപ്പെട്ട അവതാര്‍) നല്‍കുന്നത്. ഈ ഓള്‍ട്ടര്‍ ഇഗോയെ ഉടമയ്ക്ക് സന്തതസഹചാരിയായോ, വിശ്വസ്തസുഹൃത്തായോ കൊണ്ടുനടക്കാം. മറ്റു സ്റ്റാര്‍ട്ട്-അപ്പുകളും മരണാനന്തര ജീവിതം കാശാക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. സെയ്ഫ്ബിയോണ്ട്, ഗോണ്‍നോട്ട്‌ഗോണ്‍ തുടങ്ങിയ കമ്പനികള്‍ ആളുകള്‍ക്ക് വിഡിയോയും ഓഡിയോയും ഒക്കെ റെക്കോഡു ചെയ്തു വയ്ക്കാന്‍ അനുമതി നല്‍കും. ഇവ അവരുടെ മരണശേഷം പ്രിയപ്പെട്ടവര്‍ക്ക് സന്ദേശങ്ങളാല്‍ നല്‍കും. ഉദാഹരണത്തിന് പിറന്നാള്‍ ആശംസ.

vr-2

 

ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍

 

ചിലര്‍ക്ക് മരണാനന്തരം ലഭിക്കുന്ന വെര്‍ച്വല്‍ ജീവിതം എന്ന ആശയത്തോട് യോജിക്കാനായേക്കും. എന്നാല്‍ ഡേറ്റാ വിദഗ്ധര്‍ പറയുന്നത് ഇക്കാലത്തെ ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമങ്ങളുടെ അഭാവം ഒരാളുടെ അനുമതിയില്ലാതെ അയാളെ പുനര്‍സൃഷ്ടിക്കാന്‍ അനുവദിക്കുമെന്നാണ്. തന്നെക്കുറിച്ചുള്ള ഡേറ്റ മരണാനന്തരം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഒരാള്‍ക്ക് വില്‍പ്പത്രങ്ങളില്‍ എഴുതിവയ്ക്കാനായേക്കും. എന്നാല്‍, ചില രാജ്യങ്ങളില്‍ ഇത് അംഗീകരിക്കപ്പെടണമെന്നില്ലെന്നും ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഹാര്‍ബിഞ്ചാ പറയുന്നു. ഉദാഹരണത്തിന്, ചില കാര്യങ്ങളിലെങ്കിലും ബ്രിട്ടനില്‍ ഒരാളുടെ വില്‍പ്പത്രങ്ങളില്‍ എഴുതിവച്ചിരിക്കുന്ന താത്പര്യം മരണശേഷം അവരുടെ അവകാശികള്‍ക്ക് അസാധുവാക്കാം. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് നല്‍കിയിരിക്കുന്ന ഡേറ്റാ സംരക്ഷണം, മരണശേഷം അവരുടെ അവകാശികള്‍ക്ക് ഉപയോഗപ്പെടുത്താമെന്നു പറയുന്നു. ഉദാഹരണത്തിന് ഒരാളുടെ സ്വകാര്യ ഡേറ്റ മുഴുവന്‍ വേണമെങ്കില്‍ നീക്കം ചെയ്യാം. അല്ലെങ്കില്‍ ഒരു സമൂഹ്യ മാധ്യമ സേവനദാതാവില്‍ നിന്ന് മറ്റൊന്നിലേക്കു മാറ്റാം. ഇറ്റിഇആര്‍9ന്റെ ഹോര്‍ഹെ പറയുന്നത് ഒരു വ്യക്തിക്ക് തന്റെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റുകള്‍ എപ്പോള്‍ നിർത്തണമെന്ന കാര്യം തീരുമാനിക്കാമെന്നാണ്.

 

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡേറ്റയുടെ അവകാശിയായി ഒരാളെ നിര്‍ദ്ദേശിക്കാന്‍ അവകാശം നല്‍കുന്ന കമ്പനികളും ഉണ്ട്. എന്നാല്‍, ഇത്തരം രക്ഷോപായങ്ങള്‍ പോലും ചില ധാര്‍മ്മികമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഒരാള്‍ തന്റെ പ്രതിനിധിയായി ഉണ്ടാക്കിവച്ചിരിക്കുന്ന അവതാറിന്റെ ജീവിതം അവസാനിപ്പിക്കുക എന്നത് ശരിയാണോ എന്നതാണ് അതിലൊരു ചോദ്യം. ഡേറ്റാ പ്രൊട്ടക്‌ഷന്‍ നിയമങ്ങള്‍ വ്യക്തിക്കു വേണ്ടി നിലകൊള്ളണമോ, കുടുംബത്തിനു വേണ്ടി നിലകൊള്ളണമോ എന്ന ചോദ്യവും ഉയരുന്നു. ജീവിതവും മരണവും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പ് എവിടെയാണ്? ഒരാളെ ഓര്‍ത്തിരിക്കുന്നതും അയാളെ പുനര്‍സൃഷ്ടിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?

 

ഫെയ്‌സ്ബുക്ക്

 

അടുത്ത ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഫെയ്‌സ്ബുക്കില്‍ മരിച്ചവരുടെ പ്രൊഫൈലുകള്‍ ജീവിച്ചിരിക്കുന്നവരുടേതിനേക്കാള്‍ അധികമാകുമെന്ന് നേരത്തെ തന്നെ മനസ്സിലാക്കിക്കാണുമല്ലോ. ഒരോരുത്തരും ഫെയ്‌സ്ബുക്കില്‍ അവശേഷിപ്പിക്കുന്ന ഡിജിറ്റല്‍ ജീവിതത്തിന്റെ പൊട്ടും പൊടിയും മറ്റൊരു സമസ്യയാണ്. ഇത് എന്തായാലും മറ്റൊരിക്കലും ഇല്ലാതിരുന്ന രീതിയില്‍ വ്യക്തികളെക്കുറിച്ച്, സമൂഹങ്ങളെക്കുറിച്ച് എല്ലാം ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. ചരിത്രത്തില്‍ മനുഷ്യരുടെ പെരുമാറ്റരീതിയെക്കുറിച്ചുള്ള ഏറ്റവും കനപ്പെട്ട ശേഷിപ്പാണ് ഫെയ്‌സ്ബുക്. ഇവിടെ മിക്കവരും അവശേഷിപ്പിക്കുന്ന ഡേറ്റ അവരെക്കുറിച്ചൊരു വ്യക്തമായ ചിത്രം നല്‍കാന്‍ പര്യാപ്തമായേക്കാം. ഈ ബാക്കിപത്രം എന്തു ചെയ്യണമെന്നതും മറ്റൊരു പ്രശ്‌നമായിരിക്കാം. ഈ ഡേറ്റ അനോണിമൈസ് ചെയ്ത ശേഷം ഗവേഷകര്‍ക്ക് പഠിക്കാനായി വിട്ടുനല്‍കുന്നത് നല്ല കാര്യമായിരിക്കുമെന്ന് വാദിക്കുന്നവരുണ്ട്.

 

എന്നാല്‍, മരിച്ചയാളെ ഡിജിറ്റലായി തിരിച്ചുകൊണ്ടുവരണമെങ്കില്‍ അയാള്‍ നേരത്തെ അനുമതി നല്‍കിയിട്ടുണ്ടാകണം എന്നൊരു നിയമം വരുന്നതും നല്ലതായിരിക്കുമെന്നും വാദമുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആഗോള തലത്തില്‍ തന്നെ ചര്‍ച്ച തുടങ്ങണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മനുഷ്യരാശി ഒരു കാലത്തുമില്ലാത്തതു പോലെ ഡിജിറ്റല്‍ ലോകത്ത് കാലടികള്‍ പതിച്ചുകൊണ്ടിരിക്കുകയാണ്. മരണം സുനിശ്ചിതമായതിനാല്‍, അവശേഷിപ്പിക്കുന്ന ഡേറ്റയ്ക്ക് എന്തു സംഭവിക്കണമെന്ന കാര്യത്തെക്കുറിച്ച് നിയമനിര്‍മാണവും മറ്റും ഗുണകരമായിരിക്കുമെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com