ADVERTISEMENT

കൊറോണാവൈറസിനെതിരെ പ്രയോഗിക്കാന്‍ തത്കാലം അംഗീകൃത മരുന്നുകളില്ല. എന്നാല്‍, അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാമെന്ന് ഔദ്യോഗികമായി അമേരിക്കയില്‍ ആദ്യമായി അംഗീകരിക്കപ്പെട്ട മരുന്നാണ് റെംഡെസിവിര്‍ (remdesivir). എന്നാല്‍, ഇത് കൊട്ടിഘോഷിക്കപ്പെടുന്ന അത്ര ഫലപ്രദമാണോ എന്ന സംശയമുയര്‍ത്തുന്നതാണ് അടുത്തു നടന്ന ചില പഠനങ്ങള്‍. മരുന്നിനു വേണ്ടിയും എതിരെയുമുള്ള വാദങ്ങള്‍ പരിശോധിക്കാം:

 

കഴിഞ്ഞയാഴ്ചയാണ് അമേരിക്കയുടെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) റെംഡെസിവിര്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കാമെന്ന് ഔദ്യോഗികമായി അറിയിച്ചത്. അമേരക്കിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജീസ് ആന്‍ഡ് ഇന്‍ഫെകഷ്യസ് ഡിസിസസ് ഡയറക്ടര്‍ ആന്റണി ഫൗച്ചിയാണ് ഈ മരുന്നിനു വേണ്ടി ശക്തമായി വാദിച്ചത്. എന്നാല്‍, കഴിഞ്ഞയാഴ്ച തന്നെ പുറത്തുവന്ന മറ്റൊരു പഠനത്തില്‍ ഈ മരുന്നിന് പറയപ്പെടുന്ന ഗുണമൊന്നുമില്ലെന്നും പറയുന്നു. ദി ലാന്‍സെറ്റില്‍ (The Lancet) ആണ് പഠനം പ്രസിധീകരിച്ചത്. റെംഡെസിവിര്‍ പ്രതീക്ഷ നല്‍കുന്നമരുന്നാണോ?

 

എന്താണ് റെംഡെസിവിര്‍?

 

എബോളാ വ്യാധിക്കെതിരെ അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ ഗിലെഡ് സയന്‍സസ് എന്ന കമ്പനിയാണ് ഈ മരുന്ന് 2014ല്‍ പുറത്തിറക്കിയത്. തുടര്‍ന്ന് ഇത് മേര്‍സ് (MERS), സാര്‍സ് (SARS) എന്നീ രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ ഉപയോഗിച്ചു വരികയായിരുന്നു. മേര്‍സും സാര്‍സും കൊറോണാവൈറസ് കുടുംബാംഗങ്ങളാണ്. ചികിത്സിച്ചു എന്നൊക്കെ പറയാമെങ്കിലും അത്ര വലിയ നല്ല ഫലമൊന്നും നല്‍കിയില്ലെന്നും പറയുന്നു. എന്നാല്‍, പുതിയ ഗവേഷകര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത് ഈ മരുന്നിന്റെ ആന്റിവൈറല്‍ ഗുണം സാര്‍സ്-കോവ് 2, എന്ന കൊറോണാവൈറസിനെതിരെ പ്രയോഗിക്കുന്ന കാര്യമാണ്.

 

റെംഡെസിവിര്‍ ഇത്ര വലിയ പ്രതീക്ഷയാണെന്ന് കരുതാന്‍ കാരണമെന്താണ്?

 

സാര്‍സ്-കോവ്2 മനുഷ്യ ശരീരത്തില്‍ പ്രവേശിച്ച ശേഷം സ്വന്തം പകര്‍പ്പുണ്ടാക്കാന്‍ (replicate) ഉപയോഗിക്കുന്നത് ആര്‍ഡിആര്‍പി (RdRp) എന്ന എന്‍സീമാണ്. റെംഡെസിവിര്‍ ഞരമ്പിനുള്ളിലേക്ക് (intravenously) കുത്തിവയ്ക്കുമ്പോള്‍ അത് എന്‍സീമിന്റെ പ്രവൃത്തിയെ പരിമിതപ്പെടുത്തുന്നു എന്നും അതിന് റിപ്ലിക്കേറ്റു ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നുമാണ് മരുന്നിനു വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. ഏപ്രില്‍ 13ന് ദി ജേണല്‍ ഓഫ് ബയളോജിക്കല്‍ കെമിസ്ട്രിയാണ് ഈ മരുന്ന് വൈറസിന്റെ പ്രവര്‍ത്തികൾക്ക് തടയിടുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. ശരീരത്തിലേക്ക് വൈറസ് കൂടുതല്‍ പടരാതിരിക്കാന്‍ റെംഡെസിവിര്‍ സഹായിക്കുന്നു എന്നാണ് പഠനം പറയുന്നത്.

 

ജനുവരി മാസം മുതല്‍ തങ്ങളുടെ ഗവേഷകര്‍ റെംഡെസിവിര്‍ കോവിഡ്-19 രോഗികളില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ രാപ്പകലില്ലാതെ പണിയെടുക്കുകയായിരുന്നു. പലയിടത്തുമുള്ള ഗവേഷകരും വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമൊത്ത് സഹകരിച്ചായിരുന്നു ഞങ്ങളുടെ നീക്കം. റെംഡെസിവിർ രോഗികളുടെ വിഷമതകള്‍ കുറയ്ക്കാന്‍ സഹായച്ചേക്കുമെന്ന നിഗമനത്തിലാണ് തങ്ങള്‍ എത്തിയതെന്നാണ് ഗലെഡ് സയന്‍സസിന്റെ ചെയര്‍മാന്‍ ഡാനിയല്‍ ഓഡേ (Daniel O'Day) പറഞ്ഞത്.

 

മറ്റാരെങ്കിലും ഈ മരുന്നിനെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടോ?

 

റെംഡെസിവിറിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആറ് പ്രധാന പഠനങ്ങളെങ്കിലും നടക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന പോലും ഇതില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതും അമേരിക്ക, ഫ്രാന്‍സ്, ചൈന എന്നിവിടങ്ങളിലാണ് നടക്കുന്നത്. നടക്കുന്ന പഠനങ്ങളിലൊന്ന് അന്വേഷിക്കുന്നത് ഈ മരുന്ന് അഞ്ചു ദിവസം കൊടുക്കുന്നതാണോ കൂടുതല്‍ ഫലപ്രദം അതോ പത്തു ദിവസം കൊടുക്കുന്നതാണോ എന്നാണ്. മൂന്നാം ഘട്ടത്തില്‍ 397 രോഗികളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം അഞ്ചു ദിവസത്തെ മരുന്നു തന്നെ ഫലം നല്‍കുന്നുവെന്ന നിഗമനത്തിലാണ് എത്തിയത്. അഞ്ചു ദിവസത്തെ ചികിത്സ നല്‍കി രോഗികളെ വീട്ടില്‍ വിട്ടുകഴിഞ്ഞാല്‍, കൂടുതല്‍ രോഗികളെ ചികിത്സിക്കാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

 

റെംഡെസിവിര്‍ ചികിത്സ എത്ര ഫലപ്രദമാണ്?

 

പരസ്യമാക്കിയ ആദ്യ പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നത് റെംഡെസിവിര്‍ നല്‍കിയ കോവിഡ്-19 രോഗികളില്‍ മരണ നിരക്ക് 8 ശതമാനമാണ് എന്നാണ്. അതേസമയം, ഈ മരുന്ന് നല്‍കാതിരുന്ന മറ്റൊരു കൂട്ടം രോഗികളില്‍ മരണ നിരക്ക് 11.6 ശതമാനമായിരുന്നു എന്നും പഠനം പറയുന്നു. റെംഡെസിവിര്‍ നൽകിയ രോഗികള്‍ രക്ഷപ്രാപിക്കാന്‍ ഏകദേശം 11 ദിവസമാണ് എടുത്തതെന്നും സാധാരണ അത് 15 ദിവസമായിരുന്നു എന്നും പഠനം അവകാശപ്പെടുന്നു. എന്നാല്‍ ഈ പഠനം പൂര്‍ണ്ണമായി ഇതുവരെ മറ്റു ഗവേഷകര്‍ക്ക് പരിശോധിക്കാനായി പ്രസിദ്ധീകരിച്ചിട്ടില്ല. ഈ മരുന്നിന് വ്യക്തമായ ചില ഗുണങ്ങളൊക്കെയുണ്ടെന്ന് അവകാശപ്പെട്ട് ഫൗച്ചിയും രംഗത്തെത്തിയിരുന്നു.

 

അത്യുത്സാഹം കാണിക്കാറായിട്ടില്ല

 

ഹാര്‍വര്‍ഡ് മെഡിക്കല്‍ സ്‌കൂളില കാര്‍ഡിയോളജി പ്രൊഫസറായ ഡോ. ജഗ്മീത് സിങിന് (Dr Jagmeet Singh) കൊറോണാവൈറസ് രോഗം വരികയും വഷളാകുകയും ഐസിയു സപ്പോര്‍ട്ടില്‍ കിടക്കേണ്ടതായും വന്നു. അമേരിക്കക്കാരുടെ റെംഡെസിവിര്‍ മരുന്ന് പരീക്ഷണത്തിന് അദ്ദേഹം തന്റെ ശരീരവും വിട്ടുനല്‍കിയിരുന്നു. അദ്ദേഹം രക്ഷപെട്ടുവെങ്കിലും അത് റെംഡെസിവിറിന്റെ മികവിലാണെന്നൊന്നും അദ്ദേഹം കരുതുന്നില്ല. ഈ മരുന്ന് ഫലപ്രദമാണ് എന്നു ഉറപ്പിച്ചുപറയാനുള്ള സ്ഥിതിവിവരക്കണക്കുകളും ലഭ്യമല്ല എന്നാണ് അദ്ദേഹം പറയുന്നത്.

 

ലോകത്തിന്റെ പല ഭാഗത്തും നടത്തിയ റെംഡെസിവിര്‍ പരീക്ഷണങ്ങളില്‍ ഭാഗികമായ ചില ഗുണങ്ങള്‍ മാത്രമാണ് രോഗികളില്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചൈനയില്‍ 10 ആശുപത്രികളില്‍ ഈ മരുന്നു പരീക്ഷിച്ചിരുന്നു. മരുന്ന് വലിയ അത്ഭുതമൊന്നും പ്രവര്‍ത്തിച്ചില്ലെന്നാണ് ഈ പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, ഒരു പഠനവും സമ്പൂര്‍ണ്ണമല്ല.

 

ഇന്ത്യയില്‍ റെംഡെസിവിര്‍ പരീക്ഷിച്ചോ?

 

മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിലെ മുഖ്യ ഓപ്പറേറ്റിങ് ഓഫിസറായ ഡോ. വി. രവിശങ്കര്‍ ഇതുവരെ 25 കോവിഡ്-19 രോഗികളെയാണ് ഐസിയു സപ്പോര്‍ട്ടില്‍ ചികിത്സിച്ചത്. ഇതില്‍ ആര്‍ക്കും റെംഡെസിവിര്‍ നല്‍കിയില്ല. ഇപ്പോള്‍ റെംഡെസിവിര്‍ നല്‍കി പരീക്ഷിക്കുന്നത് റിസ്കാണെന്ന നിലപാടാണ് അദ്ദേഹത്തിന്. ശ്വാസകോശ വിദഗ്ധനായ ഡോ. ജലില്‍ പാര്‍ക്കര്‍ പറയുന്നത് സാധാരണഗതിയില്‍ കൂടുതല്‍ തെളിവുകള്‍ വരട്ടെ എന്നു പറഞ്ഞു കാത്തിരിക്കാനാണ് ഇഷ്ടമെങ്കിലും ഇത്തരമൊരു അടിയന്തര സാഹചര്യത്തില്‍ റെംഡെസിവിര്‍ പരീക്ഷിക്കാന്‍ താന്‍ തയാറാണ് എന്നാണ്.

 

മരുന്നു നിര്‍മ്മാതാവായ ഗിലെഡ് പറയുന്നത് ഇന്ത്യ തങ്ങളുടെ പട്ടികയിലില്ല എന്നാണ്. എന്നാല്‍, തങ്ങള്‍ക്ക് 1,000 റെംഡെസിവിര്‍ സാംപിള്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ വെളിപ്പെടുത്തിയത്. ഇവ താമസിയാതെ രോഗികളില്‍ പരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാല് ആശുപത്രികളിലായി ആയിരിക്കും ഈ പരീക്ഷണങ്ങള്‍ നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com