ADVERTISEMENT

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വൻ വാതക ചോർച്ചയിൽ നിരവധി മരിക്കുകയും നൂറുകണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആളുകൾ നിന്ന നിൽപ്പിൽ കുഴഞ്ഞു വീഴുകയായിരുന്നു. റോഡിലും വഴിയിലും സ്ത്രീകളും കുട്ടികളും വീണുകിടക്കുന്നത് ട്വിറ്ററിലെ ചില വിഡിയോകളിൽ കാണാം. ദുരന്തത്തിന് കാരണമായ ഗ്യാസ് എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാഥമിക റിപ്പോർട്ടുകളിൽ ഇത് സ്റ്റൈറൈൻ അല്ലെങ്കിൽ വിനൈൽ ബെൻസീൻ ആയിരിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇത് വിനൈൽ ക്ലോറൈഡ് ആയിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

ഗ്യാസ് ചോർച്ചയ്ക്ക് കാരണം സ്റ്റൈറൈൻ ആണെന്ന് ചിലർ കണ്ടെത്തിയിട്ടുണ്ട്. പോളിസ്റ്റൈറൈൻ പ്ലാസ്റ്റിക്, ഫൈബർഗ്ലാസ്, റബ്ബർ, ലാറ്റക്സ് എന്നിവയുടെ ഉത്പാദനത്തിലാണ് സ്റ്റൈറൈൻ പ്രധാനമായും ഉപയോഗിക്കുന്നത്. വളരെ പെട്ടെന്ന് അന്തരീക്ഷത്തിൽ ബാഷ്പീകരിച്ചു പോകുന്ന ദ്രാവകമാണ് സ്റ്റൈറീൻ. എഥനൈൽ ബെൻസീൻ, വിനൈൽ ബെൻസീൻ എന്നും ഇത് അറിയപ്പെടാറുണ്ട്.

വാതകവുമായി ഹ്രസ്വകാല എക്സ്പോഷർ ചെയ്യുന്നത് മാരകമല്ലെന്ന് ഉദ്യോഗസ്ഥർ പ്രസ്താവിക്കുമ്പോൾ തന്നെ വാതകത്തിന്റെ സാന്ദ്രീകൃത രൂപങ്ങളിലേക്ക് തീവ്രമായി എക്സ്പോഷർ ചെയ്യുന്നത് വിഷലിപ്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് അറിയുന്നത്. പ്രത്യേകിച്ചും കൊച്ചുകുട്ടികളെയാണ് ഇത് ബാധിക്കുക. കണ്ണിലൂടെയും ത്വക്കിലൂടെയുമാണ് സ്റ്റൈറൈൻ കാര്യമായി ബാധിക്കുന്നത്. കോശങ്ങളുടെ ഡിഎൻഎയെ വരെ ക്രമരഹിതമാക്കാനുള്ള കഴിവുള്ള ഒരു വിഷവസ്തുവായി സ്റ്റൈറൈൻ മാറുന്നു.

ദുരന്തം സൃഷ്ടിച്ച വാതകം നിറമില്ലാത്തതാണ്. ഇതിന്റെ ശുദ്ധമായ രൂപങ്ങൾ ദുർഗന്ധം വമിക്കുന്നത് മുതൽ നേരിയ മധുരമുള്ള വാസന വരെയാകാം. അതേസമയം ഇവിടത്തെ ഗ്യാസിന് ദുർഗന്ധമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് മനുഷ്യശരീരത്തിലെ കേന്ദ്ര നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. കേന്ദ്രീകൃത വാതകത്തിന്റെ ഹ്രസ്വകാല എക്സ്പോഷർ പോലും ചെറിയ കുട്ടികൾക്ക് മാരകമായേക്കാമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) അഭിപ്രായപ്പെട്ടു.

നിമിഷ നേരത്തേക്ക് പുറത്തുവരുന്ന ഗ്യാസ് അത്ര മാരകമല്ലെങ്കിലും കൂടുതൽ സമയം വാതക ചോർച്ചയുണ്ടായാൽ കണ്ണിന്റെ പ്രവർത്തനത്തിനും ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ഇഫക്റ്റുകൾക്കും (വയറ്റിലെ അസ്വസ്ഥത പോലുള്ളവ) വിവിധ ടിഷ്യൂകളിലെ എപ്പിത്തീലിയൽ ലൈനിംഗിന്റെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകും.

സ്റ്റൈറൈൻ ദീർഘനേരം എക്സ്പോഷർ ചെയ്യുന്നത് നാഡീവ്യവസ്ഥയിൽ സ്വാധീനം ചെലുത്തുന്നുവെന്നും ഇത് തലവേദന, ക്ഷീണം, ബലഹീനത, വിഷാദം, സിഎൻഎസ് അപര്യാപ്തത, കേൾവിക്കുറവ്, പെരിഫറൽ ന്യൂറോപ്പതി എന്നിവയ്ക്ക് കാരണമാകുമെന്നും പറയപ്പെടുന്നു. അതായത് കൈകാലുകളിൽ മരവിപ്പ് അനുഭവപ്പെട്ട് പെട്ടെന്ന് തളർന്ന് വീഴും.

പോളി വിനൈൽ ക്ലോറൈഡ് (പിവിസി) ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന വാതകമാണ് വിനൈൽ ക്ലോറൈഡ്. കർശനമായതോ വഴക്കമുള്ളതോ ആയ രൂപങ്ങളിൽ കാണാവുന്ന ഒരു സിന്തറ്റിക് പ്ലാസ്റ്റിക്കാണ് പിവിസി. പൈപ്പുകളും കുപ്പികളും നിർമ്മിക്കാൻ ഇത് സാധാരണയായി ഉപയോഗിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com