sections
MORE

കൊറോണ: വാക്‌സിന്‍ വന്നില്ലെങ്കില്‍ പുതിയ ലോകം സൃഷ്ടിക്കപ്പെടും, ജീവിതം മാറും

covid-19-vaccine
SHARE

രാജ്യങ്ങള്‍ സ്തംഭനാവസ്ഥയിലാണ്. കോടിക്കണക്കിന് ആളുകള്‍ ജീവിതമാര്‍ഗ്ഗമില്ലാതെ വിഷമിക്കുമ്പോള്‍ നേതാക്കള്‍ എറിഞ്ഞുകൊടുക്കുന്ന പ്രതീക്ഷയുടെ പേരാണ് - വാക്‌സിന്‍ വരും എല്ലാം ശരിയാകും. പക്ഷേ, അത് സംഭവിച്ചേക്കണമെന്നില്ല. ഉപയോഗിക്കാനാകുന്ന വാക്‌സിന്‍ വികിസിപ്പിച്ചെടുക്കാനാകാതെയും വരാം. ഒരു വാക്‌സിന്‍ ആളുകളുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തിയ ശേഷം അതിനും പ്രശ്‌നമുള്ളതായി കണ്ടെത്തിയേക്കാം. അങ്ങനെ വന്നാല്‍ സമൂഹങ്ങള്‍ കോവിഡ്-19നെ തുടച്ചു നീക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അതിനോടു എങ്ങനെ പൊരുത്തപ്പെട്ടു നീങ്ങാമെന്ന് ആലോചിക്കും.

ആളുകള്‍ വിദഗ്ധരുടെ അഭിപ്രായം മാനിക്കുന്നുണ്ടെങ്കില്‍, കുറച്ചു സ്വാതന്ത്ര്യം നല്‍കി നഗരങ്ങള്‍ കുറച്ചു കാലത്തേക്ക് പതുക്കെ തുറക്കും. ടെസ്റ്റിങും കോണ്ടാക്ട് ട്രാക്കിങും തുടരും. എന്നാല്‍, ചില രാജ്യങ്ങള്‍ ആളുകളോട് പുറത്തിറങ്ങരുതെന്ന ആജ്ഞ പുറപ്പെടുവിക്കും. ഇത് ഏതു രാജ്യത്തും എപ്പോഴും സംഭവിക്കാം. ചില ചികിത്സാ രീതികള്‍ വികസിപ്പിച്ചേക്കാം. പക്ഷേ ഓരോ വര്‍ഷവും രോഗം പൊട്ടിപ്പുറപ്പെടുക തന്നെ ചെയ്യാം. ഈ ഒരു സാധ്യത എവിടേയും പരസ്യമായി ചര്‍ച്ച ചെയ്യുന്നില്ല. വാക്‌സിന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന ശുഭാപ്തിവിശ്വാസമാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, വൈദ്യ രംഗത്തെ വിദഗ്ധര്‍ ഈ സാധ്യതയും ഗൗരവത്തിലെടുത്തു കഴിഞ്ഞു. കാരണം ചരിത്രത്തില്‍ അത്തരം കാര്യങ്ങള്‍ നടന്നിട്ടുണ്ട്, പലയാവര്‍ത്തി.

നമുക്ക് ഇന്നും വാക്‌സിനില്ലാത്ത ചില വൈറസുകളുണ്ടെന്നാണ് ലണ്ടനിലെ ഗ്ലോബല്‍ ഇംപീരിയല്‍ കോളജിലെ പ്രോഫസറായ ഡെയ്‌വിഡ് നബാറോ പറയുന്നത്. കൊറോണാവൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കപ്പെടും എന്നത് തീര്‍ച്ചയാണെന്ന രീതിയില്‍ മുന്നോട്ടു നീങ്ങാനാകില്ല. വാക്‌സിന്‍ എത്തിയാല്‍ തന്നെ അത് എല്ലാ സുരക്ഷാ ടെസ്റ്റുകളും കടക്കുമോ എന്നും കണ്ടറിയണം.

സമൂഹങ്ങള്‍ സജ്ജമാകണം

ലോകത്തെ എല്ലാ സമൂഹങ്ങളും കൊറോണാവൈറസിനെ ഒരു നിരന്തര ഭീഷണിയായി കണ്ട് എതിരിടാൻ ഒരുങ്ങിയിരിക്കണമെന്നാണ് നബാറോ പറയുന്നത്. കോവിഡ്-19 നമ്മുടെ ഇടയില്‍ സജീവമായിരിക്കുന്ന സമയത്തും സമൂഹത്തില്‍ നടത്തേണ്ട കാര്യങ്ങള്‍ നടത്താന്‍ പഠിക്കണമെന്നും നബാരോ പറയുന്നു. എന്നാല്‍ മിക്ക വിദഗ്ധരും വാക്‌സിന്‍ ഉണ്ടാക്കപ്പെടുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുള്ളവരാണ്. കാരണം കൊറോണാവൈറസിന് മലേറിയയേയൊ, എച്‌ഐവിയെയോ പോലെ ഉള്‍പ്പരിവര്‍ത്തനം (mutation) വരുന്നില്ല എന്നതാണ് അവര്‍ക്ക് പ്രതീക്ഷ പകരുന്നത്.

അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസിസസിന്റെ ഡയറക്ടര്‍ ഡോ. ആന്റണി ഫൗച്ചിയെ പോലെയുള്ളവര്‍ പറയുന്നത് 18 മാസത്തിനുള്ളില്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനാകുമെന്നാണ്. വേറെ ചിലര്‍ പറയുന്നത് ഒരു കൊല്ലത്തിനുള്ളില്‍ വാക്‌സിന്‍ വരുമെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ അതു റെക്കോഡ് നേട്ടമായിരിക്കും. മുൻപൊരിക്കലും ഇത്ര വേഗം വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അതു നടക്കില്ലെന്നു താന്‍ പറയുന്നില്ല എന്നാണ് ഡോ. പീറ്റര്‍ ഹോട്ടെസ് പറയുന്നത്. പക്ഷേ, അതു നടന്നാല്‍ മഹാ സംഭവം തന്നെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നമുക്ക് ഇപ്പോള്‍ത്തന്നെ ഒരു പ്ലാന്‍ എയും പ്ലാന്‍ ബിയും വേണം.

പ്ലാന്‍ എ- വാക്‌സിനുകള്‍ എന്ന ആശയം കൊള്ളാം; പക്ഷേ പരിപൂര്‍ണ്ണമായി വിശ്വസിക്കാനാവില്ല

അമേരിക്കയുടെ ഹെല്‍ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് സെക്രട്ടറി മാര്‍ഗരറ്റ് ഹെക്ക്‌ളര്‍ 1984ല്‍, എച്‌ഐവി എന്നു പിന്നീടു പേരിട്ട, വൈറസിനെ തിരിച്ചറിഞ്ഞുവെന്നും രണ്ടു വര്‍ഷത്തിനു ശേഷം ഒരു പ്രതിരോധ വാക്‌സിന്‍ ഇറക്കുമെന്നും പ്രഖ്യാപിച്ചു. ഏകദേശം നാലു പതിറ്റാണ്ടും 32 ദശലക്ഷം മരണവും കഴിഞ്ഞിട്ടും ലോകത്തിന് എച്‌ഐവി വാക്‌സിന്‍ ലഭിച്ചിട്ടില്ല. അത് അവിടം കൊണ്ടും തീര്‍ന്നില്ല. പിന്നീട് 1997ല്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, 10 വര്‍ഷത്തിനുള്ളില്‍ ഒരു വാക്‌സിന്‍ ഉണ്ടാക്കണമെന്ന് വെല്ലുവിളി അമേരിന്‍ ശാസ്ത്രജ്ഞര്‍ക്കു നല്‍കി. പതിനാലു വര്‍ഷം മുൻപ് ശാസ്ത്രജ്ഞര്‍ പറഞ്ഞത് അതിന് ഇനിയുമൊരു പതിറ്റാണ്ട് എടുക്കുമെന്നാണ്. വൈറസിന് ഉള്‍പ്പരിവര്‍ത്തനം വരുന്നതാണ് വാക്‌സിന്‍ ഉണ്ടാക്കാനുള്ള വൈഷമ്യം വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. എന്നാല്‍, കോവിഡ്-19 വൈറസ് ഇതുവരെ അത്തരത്തിലൊരു ഒളിച്ചുകളിനടത്തുന്നതായി കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഗവേഷര്‍ക്കു പ്രതീക്ഷയുണ്ട്.

ഡെങ്കിപ്പനിയുടെ കാര്യം പറഞ്ഞാല്‍ അത് ഏകദേശം 400,000 പേരെ ഓരോ വര്‍ഷവും ബാധിക്കുന്നുണ്ടെന്നു കാണാം. ഇതിനും വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതിറ്റാണ്ടുകളായി തുടരുകയാണ്. ഇതിനെതിരെ വാക്‌സിന്‍ ഉണ്ടാക്കാനുള്ള ഒരു വമ്പന്‍ പ്രജക്ട് 2017ല്‍ നിർത്തുകയുണ്ടായി. കാരണം ആ വാക്‌സിന്‍ രോഗികളുടെ നില വഷളാക്കുന്നുവെന്നു കണ്ടെത്തുകയായിരുന്നു. അതുപോലെ സാധാരണ റൈനോവൈറസുകള്‍ക്കും (rhinoviruses), അഡെനോവൈറസുകള്‍ക്കും (adenoviruses) എതിരെ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഇവയും കൊറോണാവൈറസുകളെ പോലെ ജലദോഷത്തിന്റെ ലക്ഷണങ്ങളാണ് പ്രകടിപ്പിക്കുക. ഇവയ്‌ക്കെതിരെ ഒരു വാക്‌സിന്‍ സൃഷ്ടിക്കപ്പെട്ടുവെങ്കിലും അത് വില്‍പ്പനയ്‌ക്കെത്തിയില്ല.

വാക്‌സിനെക്കുറിച്ച് ഒരുപാടു പ്രതീക്ഷവച്ചു പുലര്‍ത്തിയാല്‍ അത് തകരാമെന്നും നബാരോ മുന്നറിയിപ്പു തരുന്നു. നമ്മള്‍ ജൈവികമായ സിസ്റ്റങ്ങളെയാണ് വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. യാന്ത്രിക സിസ്റ്റങ്ങളെയല്ല. ശരീരം എങ്ങനെ പ്രതികരിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്ന കാര്യമാണ്. കൊറോണാവൈറസിനെതിരെയുള്ള വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിക്കഴിഞ്ഞു. വാക്‌സിന്‍ ഉണ്ടാക്കലല്ല, അത് സുരക്ഷിതമാണെന്നു തെളിയിക്കപ്പെടലാണ് പ്രധാനം.

പ്ലാന്‍ ബി

എച്‌ഐവി വാക്‌സിന്റെ വിധിയാണ് കൊറോണാവൈറസിനെ കാത്തിരിക്കുന്നതെങ്കില്‍, കോവിഡ്-19 നമുക്കൊപ്പം നിരവധി വര്‍ഷങ്ങള്‍ ഉണ്ടായിരിക്കും. എച്‌ഐവിയെ മനുഷ്യര്‍ മെരുക്കിയതു പോലെ കൊറോണ വൈറസിനെയും കൂടെ കൂട്ടുക എന്നതായിരിക്കും മറ്റൊരു സാധ്യത. എച്‌ഐവി ഇന്ന് 1980 കളിലെ ഭീകര ജീവിയല്ല. ദിവസവും കഴിക്കാവുന്ന രോഗപ്രതിരോധശേഷി നല്‍കുന്ന ഒരു ഗുളിക പ്രീ-എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് (pre-exposure prophylaxis, PrEP) ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഒരു വന്‍ നേട്ടമാണ്. ഇതിലൂടെ പതിനായിരക്കണക്കിന് ആളുകളാണ് രോഗത്തില്‍ നിന്നു രക്ഷപെട്ടത്. 

ഇത്തരത്തിലുള്ള നിരവധി പരീക്ഷണങ്ങളും കോവിഡ്-19നെതിരെ നടക്കുന്നുണ്ട്. വാക്‌സിന്‍ നിര്‍മ്മാണമെന്ന പ്ലാന്‍ എ ഫലിക്കാതെ വന്നാല്‍ ഉദ്ദേശിക്കുന്ന പ്ലാന്‍ ബിയാണിത്. ഇവയും ഇപ്പോള്‍ തുടക്കത്തില്‍ മാത്രമാണ്. പ്ലാസ്മ ചികിത്സ, എബോളയ്‌ക്കെതിരെ ഉപയോഗിച്ച റെംഡെസിവിര്‍, ഹൈഡ്രോക്ലോറോക്വിന്‍ തുടങ്ങിയ മരുന്നുകള്‍ എത്രമാത്രം ഫലപ്രദമാണെന്നതിനെക്കുറിച്ചും ഗൗരവത്തിലുള്ള പഠനം നടക്കുന്നുണ്ട്. നിയന്ത്രിത പരീക്ഷണങ്ങളാണ് ഇവയുടെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍, അവ വേണ്ടരീതിയിലല്ല പരീക്ഷിക്കപ്പെടുന്നതെന്നു വാദിക്കുന്ന ഗവേഷകരുമുണ്ട്. ഇവയ്ക്ക് ഫലമുണ്ടെന്നു കണ്ടെത്തിയാല്‍ പോലും കൊറോണാവൈറസ് സമൂഹത്തില്‍ ഉണ്ടായിരിക്കും.

വാക്‌സിന്‍ വന്നില്ലെങ്കില്‍?

വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇപ്പോള്‍ നമ്മള്‍ നയിച്ചുവരുന്ന ജീവിതം പാടെ മാറും. പെട്ടെന്ന് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് കരുതേണ്ട. ലോക്ഡൗണ്‍ സാമ്പത്തികമായും രാഷ്ട്രീയമായും നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ല. മറ്റുമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതായി വരും. രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഇപ്പോഴത്തെ മരവിപ്പില്‍ നിന്ന് പുറത്തു കടക്കേണ്ടിവരും. രോഗവും മനുഷ്യരും ഒത്തു കഴിയാന്‍ സാധിക്കുന്ന മറ്റു രീതികള്‍ വിദഗ്ധര്‍ക്ക് കണ്ടെത്തേണ്ടതായി വരും. ഇതില്‍ പലതും വിലക്ഷണമായിരിക്കും. വാക്‌സിന്‍ വരുന്നത് പതിറ്റാണ്ടു കഴിഞ്ഞാണെങ്കില്‍ കൂടി അതു വരെ പിടിച്ചു നില്‍ക്കാനായി പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകണം.

കോവിഡിനെ പരാജയപ്പെടുത്താനുള്ള പരിചയണിഞ്ഞായിരിക്കണം ഓരോരുത്തരും നീങ്ങുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ഒറ്റപ്പെടുത്തല്‍ എന്നത് ഓരോ വ്യക്തിയും ഗൗരവത്തോടെ എടുക്കേണ്ടിവരും. അത് പൗരനും രാജ്യവും തമ്മിലുള്ള പുതിയ ഉടമ്പടിയാകും. സാധാരണ ജീവിതം അങ്ങനെ മാത്രമായിരിക്കും മുന്നോട്ടു പോകുക. ചെറിയ പനിയോ ചുമയോ ഉണ്ടെങ്കില്‍ അതു വകവയ്ക്കാതെ ജോലിക്കു പോകുന്ന രീതി നിർത്തേണ്ടിവരും. വീട്ടിലിരുന്നുള്ള ജോലി ചെയ്യല്‍ തുടരാനുള്ള സാധ്യതയും വിദഗ്ധര്‍ കാണുന്നു. ഷിഫ്റ്റുകള്‍ റൊട്ടേറ്റു ചെയ്യുന്ന രീതിയും പല കമ്പനികളും അനുവര്‍ത്തിച്ചേക്കും.

ഇതിന് സമൂഹത്തിന് രോഗത്തോടുള്ള മനോഭാവത്തില്‍ മാറ്റം വരണം. സ്വയം ഒറ്റപ്പെടുത്താന്‍ തയാറാകുന്ന ആളിനെ ഒരു ഹീറോയായി കാണുകയാണ് ചെയ്യേണ്ടത്. അല്ലാതെ അയാള്‍ക്ക് തൊട്ടുകൂടായ്മ പ്രഖ്യാപിക്കുകയല്ല. ഇതായിരിക്കണം ജനങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന പുതിയ ഉടമ്പടി. എന്നാല്‍, ഇതി പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വലിയ തലവേദന തന്നെ ആയിരിക്കും. ഇത്തരം രാജ്യങ്ങളെ സഹായിക്കുക എന്നത് പ്രാധാന്യമുള്ള ഒന്നാണ്, എന്നാല്‍ അതത്ര എളുപ്പവുമല്ല. ധാരാളം കുടിയേറ്റക്കാര്‍ ഒരുമിച്ചു താമസിക്കുന്ന പ്രദേശങ്ങളായിരിക്കും ഏറ്റവും പ്രശ്‌നം പിടിച്ച പ്രദേശങ്ങള്‍.

ആരോഗ്യ മേഖല ഉടച്ചു വാര്‍ക്കണം

അടുത്ത കുറച്ചു നാളുകളിലേക്ക് ഇപ്പോള്‍ നടക്കുന്ന കോണ്ടാക്ട് ട്രെയ്‌സിങും എല്ലാമായി നീങ്ങാം. എന്നാല്‍, അതിനു ശേഷം കൊറോണാവൈറസിനെ അകലെ നിർത്തി ജീവിതം തുടരണം. അതിനായി ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് ആരോഗ്യ മേഖല ഉടച്ചു വാര്‍ക്കുക എന്നതാണ്. കോണ്ടാക്ട് ട്രെയ്‌സിങ്, നിരീക്ഷണങ്ങള്‍, അകലംപാലിക്കല്‍ തുടങ്ങിയ പുതിയ ആചാരാനുഷ്ടാനങ്ങള്‍ കൂടുതല്‍ ഗൗരവത്തിലെടുക്കേണ്ടി വരും. ഇതിലൂടെ ചില സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകാം. ചെറുതായി മാത്രമെ രോഗം പകരുന്നുള്ളുവെങ്കില്‍ സ്റ്റേഡിയങ്ങളും മറ്റും തുറന്നുകൊടുക്കുന്ന കാര്യം പരിഗണിക്കാം. ഇതായിരിക്കും സ്ഥിരം രീതി. ഇതിന്റെ ജയപരാജയങ്ങള്‍ സർക്കാരുകളും മറ്റും തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇതിനെല്ലാമായി ആരോഗ്യ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതായി വരും. ബാറുകളും പബുകളും തുറക്കുന്ന കാര്യം അവസാനം മാത്രമായിരിക്കണം പരിഗണിക്കുന്നത്. ശൈത്യകാലം വരുമ്പോള്‍ മിക്കവാറും രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായും വന്നേക്കും. ഇപ്പോള്‍ തുറക്കുന്ന ലോക്ഡൗണുകള്‍ ഏതു സമയത്തും വീണ്ടും ഏര്‍പ്പെടുത്തപ്പെടാം.

എന്നാല്‍, ഇന്ന് കൂടുതല്‍ പേരും കരുതുന്നത് വാക്‌സിന്‍ വരും എല്ലാം പൂര്‍വ്വസ്ഥിതിയിലാകുമെന്നു തന്നെയാണ്. എന്നാല്‍, 18 മാസത്തിനുള്ളില്‍ അതു നടക്കുന്നുണ്ടെങ്കില്‍ മഹാത്ഭുതമായിരിക്കുമെന്നും ചില വിദഗ്ധര്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA