ADVERTISEMENT

കോവിഡിനെതിരായ വാക്‌സിന്‍ നിര്‍മ്മാണം അതിവേഗത്തിലാണ് ആഗോളതലത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ആഴ്ച്ചകള്‍ക്ക് മുൻപാണ് ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയിലെ സാറ ഗിര്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ഇപ്പോഴിതാ ജൂണിനകം തന്നെ ഈ പരീക്ഷണത്തിന്റെ ഫലവും ലഭ്യമാകുമെന്ന് ഓക്‌സ്‌ഫോഡ് ഗവേഷകസംഘം അറിയിച്ചിരിക്കുന്നു. 

 

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ സര്‍ ജോണ്‍ ബെല്‍ എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാസത്തിനകം മനുഷ്യരില്‍ കോവിഡിനെതിരായ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാണെന്ന് അറിയാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഓക്‌സ്‌ഫോഡ് ഗവേഷകസംഘത്തിന്റെ വാക്‌സിന്‍ വിജയിക്കാന്‍ സാധ്യതയേറെയാണെന്നും മേഖലയില്‍ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള സര്‍ ജോണ്‍ ബെല്‍ പറയുന്നു.

 

'ഓരോ ദിവസവും നമ്മള്‍ മുന്നേറുകയാണ്. ബ്രിട്ടനില്‍ നിന്നും മനുഷ്യരിലെ വാക്‌സിന്‍ പരിശോധനയുടെ സമയത്ത് കോവിഡ്–19 രോഗം ഇല്ലാതായാല്‍ ലോകത്തിന്റെ കോവിഡ് സജീവമായുള്ള പ്രദേശങ്ങളിലേക്ക് പരീക്ഷണം മാറ്റും' എന്നാണ് ആത്മവിശ്വാസത്തോടെ സര്‍ ജോണ്‍ ബെല്‍ പറയുന്നത്. 

 

സാധാരണ ഫ്ലൂവിനെ അപേക്ഷിച്ച് കോവിഡ്–19 നുള്ള വ്യത്യാസങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഫ്ലൂ പോലെ അതിവേഗത്തിലല്ല കൊറോണ വൈറസിന്റെ മാറ്റം (മ്യൂട്ടേഷന്‍) നടക്കുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് കൊറോണക്കെതിരെ പ്രതിരോധശേഷി കൈവരിക്കുക വെല്ലുവിളിയാണ്. അതുകൊണ്ട് നിശ്ചിത ഇടവേളകളില്‍ കോവിഡ് വാക്‌സിന്‍ എല്ലാവരും എടുക്കേണ്ടി വരുമെന്നും സര്‍ ജോണ്‍ ബെല്‍ പറഞ്ഞു. 

 

കോവിഡിനെതിരെ ആന്റിബോഡികള്‍ സൃഷ്ടിക്കുന്നതില്‍ വാക്‌സിന്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ഏതാണ്ട് ഉറപ്പാണ്. എന്നാല്‍, ഈ വാക്‌സിന്‍ പാര്‍ശ്വഫലങ്ങളില്ലാതെ സുരക്ഷിതമാക്കുന്നതിലാണ് ഗവേഷകസംഘം ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്. 

 

'ChAdOx1' എന്ന് പേരിട്ടിരിക്കുന്ന ഓക്‌സ്‌ഫോഡ് വാക്‌സിന്‍ 80 ശതമാനവും വിജയിക്കുമെന്ന പ്രതീക്ഷയാണ് നേരത്തെ പ്രൊഫ. സാറ ഗില്‍ബര്‍ട്ട് പ്രകടിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ വിജയസാധ്യത വര്‍ധിച്ചുവെന്നും മെര്‍സ് വാക്‌സിന്റെ നിര്‍മ്മാണത്തില്‍ അടക്കം പങ്കാളിയായ സാറ ഗില്‍ബര്‍ട്ട് പറുന്നു. ഓക്‌സ്‌ഫോഡിന്റെ ChAdOx1 വാക്‌സിന് ഐസിഎംആര്‍ പിന്തുണയുണ്ട്. മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമെന്നും വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com