ADVERTISEMENT

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത് തങ്ങള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ എത്രപേര്‍ക്ക് കൊറോണാവൈറസ് രോഗം ബാധിച്ചുവെന്നു കൃത്യമായി പറയാനാവില്ല എന്നാണ്. ഒരു ദിവസം എത്ര പേരുടെ ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായി എന്നും, എത്രപേര്‍ ആശുപത്രിയിലുണ്ടെന്നും എത്രപേര്‍ കോവിഡ്-19 ആണോ എന്ന സംശയത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട് എന്നുമൊക്കെ പറയാനാകും. എന്നാല്‍, ഒരു പ്രദേശത്ത് വൈറസ് പടര്‍ന്നതിന്റെ ഒരു ഏകദേശ ചിത്രം കിട്ടാന്‍ ഇത് ഉപകരിക്കുമെങ്കിലും കൊറോണാവൈറസ് ബാധിതരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

വിവിധ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന കണക്കുകള്‍ യോജിപ്പിച്ചാലും കൃത്യമായ സംഖ്യ ലഭിക്കില്ല. ഇത് കൊറോണാവൈറസിന്റെ മാത്രം ഗതിയല്ല. ഒരു സീസണില്‍ എത്രപേര്‍ക്ക് പ്രദേശത്ത് പനി (ഫ്‌ളൂ) വന്നു എന്നതിനെക്കുറിച്ചും കൃത്യമായ കണക്കെടുപ്പുകള്‍ ഉണ്ടാവാറില്ല. എന്നാല്‍, വിദഗ്ധര്‍ ഇത്തരം സമയങ്ങളില്‍ അനുവര്‍ത്തിക്കുന്ന രീതി, തങ്ങള്‍ക്ക് വിവിധ മാര്‍ഗങ്ങളില്‍ നിന്ന് ലഭിച്ച ഡേറ്റ ഒരുമിപ്പിച്ച് ഒരു ഏകദേശ കണക്ക് പുറത്തുവിടുകയാണ്. പലരും കരുതുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു പ്രദേശത്ത് വര്‍ഷം എത്രപേര്‍ക്ക് പനി വന്നു എന്നറിയാമെന്നാണ്. എന്നാൽ അവര്‍ക്കറിയില്ല എന്നതാണ് വസ്തുതയെന്ന് നോര്‍ത് കാരോലൈനയിലെ രോഗപര്യവേക്ഷകനായ (epidemiologist) സാക്ക് മോര്‍ പറയുന്നു. മുഴുവന്‍ പേരെക്കുറിച്ചും അറിയണമെങ്കില്‍ നിരീക്ഷണോപാധികളെയും പരോക്ഷ സോഴ്‌സുകളെയും ആശ്രയിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

കോവിഡ്-19 അറിയുന്നതെങ്ങനെ?

ആരുടെയൊക്കെ റിസള്‍ട്ടാണ് പോസിറ്റീവ് ആയതെന്ന വിവരമാണ് പ്രധാനപ്പെട്ട ഒരു കാര്യം. അത് കൃത്യതയുള്ള വിവരവുമാണ്. എന്നാല്‍, അമേരിക്കയില്‍ പോലും പലയിടത്തും വേണ്ടത്ര ടെസ്റ്റുകള്‍ നടക്കുന്നില്ല. കിറ്റുകള്‍ ഇല്ലാത്തതാണ് പ്രശ്‌നം. എല്ലാവരെയും ടെസ്റ്റു ചെയ്യുന്നില്ല എന്നതിനാല്‍ ഇത്തരം സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്നവര്‍ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയവരുടെ കണക്കുകള്‍ ശേഖരിക്കുന്നു. എന്നാല്‍, ആ കണക്കുകള്‍ ശരിയാകണമെന്നില്ല. രോഗിക്ക് മറ്റേതെങ്കിലും തരം ശ്വാസകോശ സംബന്ധമായ രോഗവുമായിരിക്കാം. ചില കോവിഡ്-19 രോഗികള്‍ക്ക് അസ്വസ്ഥത തോന്നാം. എന്നാല്‍, ആശുപത്രിയില്‍ പോകാൻ മാത്രം അത്ര അസ്വസ്ഥത തോന്നണമെന്നുമില്ല.

ചില വികസിത രാജ്യങ്ങളില്‍ ആളുകളോട് നിങ്ങള്‍ക്ക് ഇന്ന് എങ്ങനെയാണ് ആരോഗ്യ സ്ഥിതി എന്ന് ആളുകളോട് നേരിട്ട് അന്വേഷിക്കുന്ന രീതിയും കൂടിക്കൂടി വരുന്നുണ്ട്. ഈ ഡേറ്റയിലൂടെ ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്താമെന്നാണ് കരുതുന്നത്. കൂടുതല്‍ വ്യക്തമായ കണക്കുകള്‍കിട്ടാന്‍ ഇത്തരം ചില പുതിയ രീതികളും പ്രയോഗിച്ചു വരുന്നുണ്ട്. വിവിധ രീതികളില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഒരുമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നീക്കങ്ങള്‍.

സാക്ക് മോര്‍ പറയുന്നത് ഓരോ ദിവസവും ആഴ്ചയും കിട്ടുന്ന ഡേറ്റ പരിശോധിച്ച് അതില്‍ നിന്ന് രോഗത്തിന്റെ പുതിയ പ്രവണതകള്‍ കണ്ടെത്താന്‍ താന്‍ ശ്രമിക്കുന്നുവെന്നാണ്. ആശുപത്രിയിലേക്കു വരുന്നവരുടെ എണ്ണം കൂടുകയും തീവ്രപരിചരണ വിഭാഗത്തിലെത്തുന്നവരുടെ എണ്ണം കുറയുകയുമാണെങ്കിലും കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന നിഗമനത്തിലെത്താം. ഇത്തരം സൂചനകളിലാണ് ശ്രദ്ധിക്കേണ്ടത്. കാരണം ഇതിലൂടെ മാത്രമേ എങ്ങനെയാണ് നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതെന്നു തീരുമാനിക്കാനാകൂ.

വിദേശ രാജ്യങ്ങളില്‍ നിരീക്ഷണ സിസ്റ്റങ്ങളില്‍ നിന്നുള്ള ഡേറ്റയും ഉള്‍ക്കൊള്ളിക്കുന്നു. എന്നാല്‍, ഇത്തരം സിസ്റ്റങ്ങളില്‍ നിന്നുള്ള ഡേറ്റ ചിലപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിക്കാനേ ഉപകരിക്കൂവെന്നും പറയുന്നു. വൈറസിനെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങളില്‍ നിന്നു ലഭിക്കുന്ന നിഗമനങ്ങളും രോഗികളെക്കുറിച്ചു ലഭിക്കുന്ന ഡേറ്റയുമായി ഒന്നിപ്പിച്ചു പരിശോധിക്കുന്നുണ്ട്. ഇതിലൂടെ കൊറോണാവൈറസ് ബാധിച്ചാലും ഒരു രീതിയിലുമുള്ള അസ്വസ്ഥതയും പ്രകടിപ്പിക്കാത്തവരെ കണ്ടെത്താനും ഈ മാര്‍ഗ്ഗം ഉപകരിക്കുന്നു.

ഡോക്ടര്‍മാരെ കാണാനെത്തുന്നവര്‍ ഒരു ഭാഗത്ത്. എന്നാല്‍, അങ്ങനെ എത്താത്തവര്‍ മറുഭാഗത്ത്. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നതു കൂടെ മനസ്സിലാക്കിയാല്‍ മാത്രമേ കൊറോണാവൈറസിനെതിരെയുള്ള യുദ്ധം ജയിക്കാനാകൂ. പോസിറ്റീവായി ടെസ്റ്റു ചെയ്ത രോഗികളുടെ കണക്കു നോക്കി, ടെസ്റ്റിനെത്താതിരുന്നവരുടെ എണ്ണവും പ്രവചിക്കാനാകുമോ എന്നും പരിശോധിച്ചുവരികയാണ്. 'ഒരാള്‍ ഹെപ്പറ്റൈറ്റിസ് സിയുമായി എത്തിയെങ്കില്‍, എനിക്കുറപ്പാണ് ഒരു 14 പേര്‍ക്കു കൂടെയെങ്കിലും പിടിച്ചിട്ടുണ്ടെന്ന കാര്യമെന്നും സാക്ക് പറയുന്നു. ഇതേ തരത്തില്‍ കോവിഡ്-19നെക്കുറിച്ചും പ്രവചിക്കാന്‍ പഠിക്കുകയാണിപ്പോള്‍. ഈ നീക്കം ഭാവിയില്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്.

English Summary: It’s impossible to count everyone with COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com