ADVERTISEMENT

കോവിഡ്-19ന് വാക്‌സിനോ മരുന്നോ എത്താത്തിടത്തോളം കാലം ലോകം പൂര്‍വ്വസ്ഥിതിയിലെത്തില്ലെന്നു ബോധ്യപ്പെട്ടവരാണ് നമ്മില്‍ പലരും. പഴുതടച്ചു വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്നാണ് കൊറോണ വൈറസിനെതിരെ ലഭിക്കാവുന്ന ഏറ്റവും വിശ്വസിക്കാവുന്നതും ഫലപ്രദവുമായ പ്രതിവിധി. ഇത് ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള പല തെറ്റിധാരണകളും മാറ്റുന്നതാണ് മുന്‍ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗെയ്റ്റ്‌സിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് എന്തിനു ചെവികൊടുക്കണമെന്നു ചോദിച്ചാല്‍ ഇത്തരം വ്യാധികളെക്കുറിച്ച് ഗെയ്റ്റ്‌സ് പറഞ്ഞ പല കാര്യങ്ങളും ശരിയായിരുന്നു എന്നതാണ്. കോവിഡ്-19നുള്ള വാക്‌സിന്‍ നിര്‍മാണത്തിനായി അദ്ദേഹം ഏഴു ഫാക്ടറികളും തുടങ്ങിയിട്ടുണ്ട്.

 

ലോകത്ത് മുൻപ് സൃഷ്ടിക്കപ്പെട്ടിട്ടുള്ള വാക്‌സിനുകള്‍ നിർമിക്കാനുള്ള കാലതാമസം ഇതിനെടുക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കപ്പെട്ട വാക്‌സിന്‍ എന്ന ഖ്യാതി കൊറോണാവൈറസിനുള്ള വാക്‌സിനു ലഭിക്കുമെന്നാണ് ഗെയ്റ്റ്‌സ് പ്രവചിക്കുന്നത്. പതിനെട്ടു മാസമാണ് പ്രതീക്ഷിക്കുന്ന സമയം. അത് നീണ്ട കാലഘട്ടമായി ചിലര്‍ കണ്ടേക്കും. എന്നാല്‍, അതുപോലും മുൻപ് ഒരു പുതിയ വാക്‌സിന്‍ വികസിപ്പിക്കാനെടുത്തിട്ടുള്ള കാലയളവു പരിശോധിച്ചാല്‍ റെക്കോഡായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

 

ഒൻപതു മാസത്തിനുള്ളല്‍ വാക്‌സിന്‍ എത്താം

 

ചിലപ്പോള്‍ 8-9 മാസത്തിനുള്ളില്‍ എത്താന്‍ സാധ്യതയുള്ള രീതിയില്‍ മുന്നേറുന്ന ചില പരീക്ഷണങ്ങളുണ്ട്. അവയില്‍ ഒന്നിന്റെ പുരോഗതി ആശാവഹമാണെന്നും അദ്ദേഹം പറയുന്നു. ഇവിടെ ഓര്‍ക്കേണ്ട കാര്യം സാധാരണഗതിയില്‍ ഒരു പുതിയ വാക്‌സിന്‍ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിവന്നിരുന്ന കാലദൈര്‍ഘ്യം കുറഞ്ഞത് 5 വര്‍ഷമായിരുന്നു എന്നതാണ്. ഇതിനാല്‍ തന്നെ, എന്തായാലും പുതിയ വാക്‌സിന്‍ ചരിത്രം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

 

ആറ് ഇന്ത്യന്‍ കമ്പനികള്‍ രംഗത്തുണ്ട്

 

കുറഞ്ഞത് 115 വാക്‌സിനുകളാണ് നിര്‍മാണത്തിലിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇവ വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഇവയില്‍ 6 എണ്ണം ഇന്ത്യയിലാണ്.

 

ഇതിനെല്ലാം ചെലവ് ആരു നല്‍കും?

 

അത്തരമൊരു ഭീതിക്ക് അടിസ്ഥാനമില്ല. ഫണ്ടിങ് ഒരു പ്രശ്‌നമേയല്ല. ലോകത്തുള്ള സർക്കാരുകളും സംഘടനകളും ഇതിന് എത്ര ചെലവു വന്നാലും വഹിച്ചോളാമെന്ന് അറിയിച്ചു കഴിഞ്ഞു. 

 

ആര്‍എന്‍എ, ഡിഎന്‍എ രീതികള്‍

 

പുതിയ ആര്‍എന്‍എ, ഡിഎന്‍എ രീതികളില്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമം തന്നെ ഉന്മേഷവാനാക്കുന്നു എന്നാണ് ഗെയ്റ്റ്‌സ് കുറിക്കുന്നത്. ആര്‍എന്‍എ ഡിഎന്‍എ വാക്‌സിനുകള്‍ സൃഷ്ടിക്കാനാണ് ചില കമ്പനികള്‍ ശ്രമിക്കുന്നത്. ഇതാണ് കൂടുതല്‍ ആശാവഹമെന്നാണ് ഗെയ്റ്റ്‌സ് കരുതുന്നത്.

 

പൈസ പ്രശ്‌നമല്ലാത്തത് ശാസ്ത്രജ്ഞര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കും

 

എന്തുമാത്രം പൈസ വേണമെങ്കിലും ചെലവിടാന്‍ പറഞ്ഞിരിക്കുന്നതിനാല്‍ വാക്‌സിന്‍ വികസിപ്പിക്കലില്‍ മുഴുകിയിരിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് വിവിധ നടപടിക്രമങ്ങളിലൂടെ കടന്നുപോയി, സമയമെടുത്തു തന്നെ വാക്‌സിന്‍ നിര്‍മിക്കാം.

 

റാപ്പിഡ് ഡെവലപ്‌മെന്റിനെ സഹായിക്കുന്ന മറ്റു ഘടകങ്ങള്‍ ഏതെല്ലാം?

 

സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതോടെ ശാസ്ത്രജ്ഞര്‍ക്ക് ലഭ്യമായ പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് മുന്നേറാം. ഇവയില്‍ ഏറ്റവും മികച്ചത് എടുക്കാം.

 

ചിലപ്പോള്‍ കുറ്റമറ്റതായിരിക്കില്ല

 

ചിലപ്പോള്‍ ആദ്യമിറങ്ങുന്ന വാക്‌സിന്‍ കുറ്റമറ്റതാകണമെന്നില്ല. എന്നാലും അതു മതിയായേക്കും. ഏകദേശം 70 ശതമാനം ഫലവത്തായ പ്രതിരോധമരുന്നാണ് താന്‍ ആദ്യം പ്രതീക്ഷിക്കുന്നതെന്നാണ് ഗെയ്റ്റ്‌സ് പറയുന്നത്. രോഗം തടയാന്‍ അതു മതിയാകും.

 

പ്രശ്‌നം ഉണ്ടാക്കല്‍ തന്നെ

 

വാക്‌സിന്‍ വികസിപ്പിച്ചാലും പിന്നെയും പ്രശ്‌നങ്ങള്‍ കിടക്കുന്നു. ഇത് കുറഞ്ഞത് 700 കോടി ആളുകള്‍ക്കു വേണ്ടത്ര ഡോസ് ഉണ്ടാക്കിയെടുക്കണം.

 

ആര്‍ക്കാദ്യം?

 

മുൻപൊരിക്കലും ഉണ്ടാകാത്ത മറ്റൊരു പ്രതിസന്ധിയാണിത്. ആര്‍ക്കാണ് ആദ്യം വാക്‌സിന്‍ കുത്തിവയ്‌ക്കേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരം വിഷമം പിടിച്ചതാണ്. വാക്‌സിന്‍ തയാര്‍ ചെയ്യപ്പെട്ടു കഴിയുമ്പോള്‍ ഉയരാന്‍ പോകുന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. എല്ലാവര്‍ക്കും ഒരേസമയത്ത് നല്‍കാനാവില്ല.

 

പ്രായമായവര്‍ക്ക് പ്രശ്‌നമായിരിക്കാം

 

വാക്‌സിന്‍ മുതിര്‍ന്നവരിലും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് മറ്റൊരു പ്രശ്‌നം. പ്രായം കൂടുതലുള്ളവരില്‍ വാക്‌സിന്‍ നന്നായി പ്രവര്‍ത്തിക്കില്ല. എത്ര പ്രായമുണ്ടോ അത്ര വിഷമമായിരിക്കും വാക്‌സിന്‍ പ്രവര്‍ത്തിക്കാന്‍. പ്രായമായവരുടെ രോഗപ്രതിരോധവ്യൂഹത്തിന് (immune system) വാക്സിനോട് പ്രതികരിക്കാൻ ബുദ്ധിമുട്ട് നേരിട്ടേക്കാം. അവരുടെ മൊത്തം ശരീരപ്രവര്‍ത്തനങ്ങളില്‍ ഇതു കാണാമല്ലോ. കോവിഡ്-19 വാക്‌സിന്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അതായിരിക്കും. അതേസമയം, പ്രായമായവരാണ് കൂടുതല്‍ ഭീഷണി നേരിടുന്നതും. ഇതിനാല്‍ തന്നെ നാം അവരെ സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രമിക്കണമെന്നും ഗെയ്റ്റ്‌സ് പറയുന്നു.

 

എത്ര തവണ കുത്തിവയ്‌ക്കേണ്ടി വരും ?

 

പലരും ഇപ്പോഴും കരുതുന്നത് ഒരു തവണ കുത്തിവയ്ക്കപ്പെട്ടാല്‍ കാര്യം കഴിഞ്ഞു എന്നാണ്. എന്നാല്‍, കൊറോണ വൈറസിനുള്ള വാക്‌സിന്‍ ചിലപ്പോള്‍ പല തവണ കുത്തിവയ്‌ക്കേണ്ടി വന്നേക്കാം. ഒറ്റത്തവണ മാത്രം കിട്ടുന്ന വാക്‌സിനാണ് എളുപ്പത്തില്‍ എത്തിച്ചു നല്‍കാന്‍ സാധിക്കുന്നതും ഉപകാരപ്രദവും. എന്നാല്‍, കൊറോണ വൈറസിനെതിരെ ഒന്നിലേറെ തവണ കുത്തിവച്ചാല്‍ മാത്രമായിരിക്കാം അതിന്റെ പൂര്‍ണ്ണ ഗുണം കിട്ടുകയുള്ളൂവെന്ന് ഗെയ്റ്റ്‌സ് നിരീക്ഷിക്കുന്നു.

 

പ്രതീക്ഷ

 

എന്തായാലും, കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തില്‍, ഇരുണ്ട ഗുഹയുടെ മറുഭാഗത്ത് പ്രകാശം കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.

 

English Summary: Things Microsoft co-founder Bill Gates wants you to know about Coronavirus vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com