ADVERTISEMENT

രോഗപ്രതിരോധ വ്യൂഹത്തെ അമിതമായി പ്രതികരിപ്പിക്കുക വഴിയാണ് കൊറോണാവൈറസ് മനുഷ്യന്റെ മരണത്തിനിടവരുത്തുന്നതെന്ന് ശാസ്ത്രജ്ഞര്‍. രോഗപ്രതിരോധ വ്യൂഹത്തിന്റെ ജോലി തന്നെ അണുബാധകളെയും മറ്റും ചെറുത്ത് ഇല്ലാതാക്കുക എന്നതാണ്. അതായത് മനുഷ്യ ശരീരത്തെ ഇഞ്ചിഞ്ചായി ആക്രമിച്ച് ജീവനെടുക്കുന്ന രീതിയാണിതെന്ന് പറയാം. രോഗലക്ഷണങ്ങൾക്കെതിരെ പോരാടുക, ആരോഗ്യത്തോടെ ഇരിക്കുക എന്നത് മാത്രമാണ് കൊറോണയെ പ്രതിരോധിക്കാനുളള നിലവിലുള്ള ഏകവഴി.

സാര്‍സ്-കോവ്-2 വൈറസിന്റെ ലക്ഷണങ്ങളും പ്രവര്‍ത്തനരീതിയും രോഗനിർണയ രീതികളും അപഗ്രഥിച്ചു പഠിച്ച ഗവേഷകര്‍ അറിയിച്ചതാണിത്. ഫ്രോണ്ടിയേഴ്‌സ് ഇന്‍ പബ്ലിക് ഹെല്‍ത്ത് എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനത്തില്‍ ഗവേഷകര്‍ രോഗവ്യാപനത്തിന്റെ ഘട്ടംഘട്ടമായുളള രീതി വിശദീകരിക്കുന്നു.

ആദ്യം ശ്വാസകോശത്തിലേക്കുള്ള വായു സഞ്ചാര മാര്‍ഗത്തില്‍ തുടങ്ങുകയും പിന്നീട് കോശങ്ങളിലെത്തി സ്വയം പെരുകുകയും ചെയ്യുന്നു. ഇതു കണ്ട് രോഗപ്രതിരോധവ്യൂഹം ഒരു 'സൈറ്റോകൈന്‍ കൊടുങ്കാറ്റ് തന്നെ ഉയര്‍ത്തുന്നു. കോശങ്ങള്‍ തമ്മിലുള്ള ഇടപെടലിന് വേണ്ട ചെറിയ, വേര്‍പെടുത്തപ്പെട്ട പ്രോട്ടീനുകളാണ് സൈറ്റോകൈനുകള്‍. സൈറ്റൊകൈന്‍ സ്‌റ്റോം എന്നു പറഞ്ഞാല്‍ പ്രതിരോധ സിസ്റ്റം രക്തത്തിലെ ശ്വേതരക്താണുക്കളെ അമിതമായി പ്രവര്‍ത്തിപ്പിക്കുന്നു. ഇത് അമിതമായ അളവില്‍ സൈറ്റോകൈനുകള്‍ പുറപ്പെടുവിപ്പിക്കും. വ്രണം വര്‍ധിപ്പിക്കുന്നതരത്തിലുള്ള മോളിക്യൂളുകളെ രക്തത്തില്‍ ആവശ്യത്തിലേറെ എത്തിക്കുന്നു.

നേരത്തെ വന്ന കൊറോണാവൈറസുകളായ സാര്‍സ് (SARS), മേര്‍സ് (MERS) എന്നിവ ബാധിച്ച രോഗികളില്‍ കണ്ടെത്തിയതിനു സമാനമായ കാര്യങ്ങളാണ് കോവിഡ്-19 മൂര്‍ച്ഛിച്ച രോഗികളിലും കാണുന്നത്. കൊറോണാവൈറസ് രോഗികള്‍ക്കും സൈറ്റോകൈന്‍ സ്‌റ്റോം സിന്‍ഡ്രൊം ഉണ്ടാകാമെന്ന് പഠനം നടത്തിയ സൂണ്‍യി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡയ്ഷുന്‍ ലിയു എഴുതുന്നു. സൈറ്റോകൈന്റെ അളവ് അതിവേഗം ഉയരുമ്പോള്‍ അത് ലിംഫോസൈറ്റ്‌സ് (lymphocytes), ന്യൂട്രോഫില്‍സ് (neutrophils) തുടങ്ങിയ പ്രതിരോധ കോശങ്ങളെ ആകര്‍ഷിക്കുന്നു. തുടര്‍ന്ന് ഇവ ശ്വാസകോശത്തിനകത്തേക്ക് കടന്നുകയറി, അതിലെ സംയുക്തകോശങ്ങള്‍ക്ക് (tissues) കേടുപാടുകള്‍ വരുത്തുന്നു. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

ഈ സൈറ്റോകൈന്‍ സ്‌റ്റോം ആണ് പിന്നീട് വലിയ പനിയായി തീരുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. രക്തധമനികളില്‍ അമിതമായി ചോര്‍ച്ചയുണ്ടാക്കുന്നു. തുടര്‍ന്ന് ശരീരത്തിനുള്ളില്‍ രക്തം കട്ടപിടിക്കുന്നുവെന്നും അവര്‍ പറയുന്നു. തീരെ താഴ്ന്ന രക്ത സമര്‍ദ്ദവും വരുന്നു. ഓക്‌സിജന്‍ ഇല്ലാതെ വരിക, രക്തത്തില്‍ അമ്ലാംശം വര്‍ധിക്കുക, ശ്വാസകോശങ്ങളില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുക തുടങ്ങിയ പ്രശ്‌നങ്ങളും കാണാമെന്നും അവര്‍ എഴുതുന്നു.

ശ്വേതരക്താണുക്കളുടെ ദിശതെറ്റിച്ച് ആരോഗ്യമുള്ള സംയുക്തകോശങ്ങളെപോലും ആക്രമിക്കുക വഴി അവയെ വൃണിതമാക്കുന്നു. ഇതിലൂടെ ശ്വാസകോശം, ഹൃദയം, കരള്‍, ആമാശയം, വൃക്ക, ജനനേന്ദ്രിയങ്ങള്‍ എന്നിവയ്‌ക്കെല്ലാം കേടുപാടുകള്‍ വരുത്തുന്നുവെന്നാണ് കണ്ടെത്തിയത്. ഇതിലൂടെ ഒന്നിലേറെ അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കി, മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഡിസ്ഫങ്ഷന്‍ സിന്‍ഡ്രം അഥവാ എംഒഡിഎസ് സൃഷ്ടിക്കുന്നു. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന് ഇടവരുത്താം. ഈ അവസ്ഥയെയാണ് അക്യൂട്ട് റെസ്പിരേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രം അഥവാ എആര്‍ഡിഎസ് എന്നു വിളിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

എആര്‍ഡിഎസ് വരാനുള്ള കാരണവും അവര്‍ വിശദീകിരിക്കുന്നു - ഇതു സംഭവിക്കുന്നത് ഹയലീന്‍ പാളി (hyaline membrane) സൃഷ്ടിക്കപ്പെടുന്നതു കൊണ്ടാണ്. പ്രവര്‍ത്തനരഹിതമായ പ്രോട്ടീനുകളുടെയും കോശങ്ങളുടെയും അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയാണ് ഇത് സൃഷ്ടിക്കപ്പെടുന്നത്. ഇത് ശ്വാസകോശത്തില്‍ അടിഞ്ഞുകൂടൂന്നു. ഇതിലൂടെ ഓക്‌സിജന്‍ എത്തുക എന്നത് വിഷമകരമാക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഇതിനാലാണ് ഏറിയപങ്കും കൊറോണാവൈറസ് ബാധിതരുടെയും മരണം ശ്വാസകോശ തകരാറിലൂടെ സംഭവിക്കുന്നതെന്ന് ഗവേഷകര്‍ എഴുതുന്നു.

ഇക്കാരണങ്ങളാലും കോവിഡ്-19ന് പ്രത്യേക ആന്റിവൈറല്‍ ചികിത്സ ഇല്ലാത്തതിനാലും ഈ രോഗലക്ഷണങ്ങള്‍ക്കെതിരെ ആയിരിക്കണം പോരാട്ടമെന്നാണ് ഗവേഷകര്‍ പറയുന്നത്. അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക എന്നതാണ് ജീവന്‍ രക്ഷിക്കാന്‍ ചെയ്യേണ്ട കാര്യം. ഉദാഹരണത്തിന് കരളിലെത്തുന്ന രക്തം കൃത്രിമമായി ശുദ്ധിചെയ്യുന്നത് പരിഗണിക്കാം. ശ്വാസകോശത്തിന് താങ്ങാകേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഗിക്ക് മറ്റു ഇന്‍ഫെക്ഷനുകള്‍ വരുന്നില്ലെന്ന് ഉറപ്പാക്കുന്നതും പരമപ്രധാനമാണെന്ന് അവര്‍ പറയുന്നു.

English Summary: Scientists decode how COVID-19 disease kills people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com