sections
MORE

കൊറോണയെ നേരിടാൻ ഒന്നിലേറെ വാക്സിനുകൾ വേണ്ടിവരും, ആശങ്കയോടെ ഗവേഷകർ

covid-19-vaccine
SHARE

കൊറോണ വൈറസിനെ നേരിടാന്‍ ഒന്നിലേറെ വാക്‌സിനുകളും രാജ്യാന്തര തരത്തില്‍ കൂട്ടായ പരിശ്രമവും വണ്ടിവരുമെന്ന് അമേരിക്കന്‍ ഗവേഷകര്‍. ആരോഗ്യ വിദഗ്ധനായ ആന്റണി ഫൗചി ഉള്‍പ്പെടുന്ന അമേരിക്കന്‍ സംഘമാണ് പൊതുസ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെയുള്ള വാക്‌സിന്‍ നിര്‍മ്മാണവും ചികിത്സയും ഗവേഷകരും തമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നത്.

ലോകാരോഗ്യ സംഘടനക്കൊപ്പം സിഇപിഐ (Coalition for Epidemic Preparedness Innovations) പോലുള്ള കൂട്ടായ്മകളുടെ ആവശ്യകതയും അമേരിക്കന്‍ ഗവേഷകര്‍ ഊന്നി പറയുന്നുണ്ട്. ലോകമെങ്ങുമുള്ള കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം അടക്കം നല്‍കുന്ന കൂട്ടായ്മയാണ് സിഇപിഐ. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് അടക്കമുള്ളവര്‍ ഈ കൂട്ടായ്മക്ക് സംഭാവന നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള രാജ്യാതിര്‍ത്തികള്‍ക്ക് അപ്പുറമുള്ള കൂട്ടായ്മകള്‍ കോവിഡിനെ നേരിടാന്‍ ആവശ്യമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിപ്രായത്തിന് വിരുദ്ധമാണ് ഈ ആഗോള കൂട്ടായ്മയെന്ന ആശയം. ആദ്യഘട്ടത്തില്‍ അമേരിക്ക ഈ വര്‍ഷം അവസാനത്തോടെ കോവിഡ് വാക്‌സിന്‍ കണ്ടെത്തുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍, വാക്‌സിന്‍ ഇല്ലാതെ തന്നെ കോവിഡിനെ തുരത്താനാകുമെന്നായി ട്രംപിന്റെ ഇപ്പോഴത്തെ അഭിപ്രായം. വൈറ്റ് ഹൗസ് കൊറോണ വൈറസ് ദൗത്യ സംഘത്തിലെ പ്രധാന ആരോഗ്യ വിദഗ്ധനായ ആന്റണി ഫൗചിയുമായുള്ള ട്രംപിന്റെ അഭിപ്രായ വ്യത്യാസങ്ങളും പരസ്യമാണ്. ലോക്ഡൗണ്‍ വേഗത്തില്‍ ഇല്ലാതാക്കണമെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ ആ നീക്കം കൂടുതല്‍ ആപത്ത് വിളിച്ചു വരുത്തുമെന്നാണ് ഫൗചി പറഞ്ഞത്.

വാക്‌സിന്‍ നിര്‍മ്മാണത്തിലെ വെല്ലുവിളികളെക്കുറിച്ചും അമേരിക്കന്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. ഇപ്പോള്‍ തന്നെ നാല്‍പത് ലക്ഷത്തിലേറെ പേരില്‍ പടര്‍ന്നുപിടിക്കുകയും ലോകത്ത് മൂന്നു ലക്ഷത്തിലേറെ മരണങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത മഹാമാരിയെ ഒരു വാക്‌സിന്‍ കൊണ്ട് മാത്രം തടയാനാവില്ലെന്നതാണ് ഉയരുന്ന പ്രധാന ആശങ്ക. കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസിന് ലോകത്തിന്റെ പലഭാഗത്തും സംഭവിച്ച ജനിതക മാറ്റങ്ങളാണ് ഒരു മരുന്നുകൊണ്ട് ഇവയെ ഇല്ലാതാക്കാനാവില്ലെന്ന ആശങ്കക്ക് പിന്നില്‍.

കോവിഡിനെ തുരത്താന്‍ എന്ത് തരത്തിലുള്ള പ്രതിരോധമാണ് മനുഷ്യന് വേണ്ടതെന്നോ ഇത് എത്രകാലം മനുഷ്യനെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുമെന്നോ ഇപ്പോഴും ഗവേഷകര്‍ക്ക് വ്യക്തതയില്ല. പ്രതിരോധ സംവിധാനത്തെ വലിയ തോതില്‍ വാക്‌സിന്‍ ഉയര്‍ത്തിയാല്‍ അത് പല വൈറസുകളേയും എളുപ്പത്തില്‍ ശരീരത്തിലെത്തിക്കാന്‍ കാരണമാകുന്ന ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചേക്കാമെന്നും ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നും ആശങ്കയുണ്ട്. 

കണ്ടെത്തുന്ന വാക്‌സിനുകളുടെ സുരക്ഷിതമാണോ എന്ന് ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയും പഠനം ഉയര്‍ത്തുന്നു. ഇതിനൊപ്പം മുതിര്‍ന്ന പൗരന്മാരിലും യുവജനങ്ങളിലും ഒരേ പോലെ വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന ചോദ്യവുമുണ്ട്. ലോകാരോഗ്യ സംഘടനക്ക് കീഴില്‍ ആഗോളതലത്തില്‍ കുറഞ്ഞത് നൂറ് വാക്‌സിനുകളെങ്കിലും രജിസ്റ്റര്‍ ചെയ്ത് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ എട്ടെണ്ണമെങ്കിലും ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഫലപ്രദമായ വാക്‌സിന്‍ നിര്‍മ്മിച്ചാല്‍ പോലും വലിയ തോതില്‍ ഉത്പാദിപ്പിക്കേണ്ടതിന്റേയും സംഭരിക്കേണ്ടതിന്റേയും ആവശ്യകതകളുമുണ്ട്. 

അതുകൊണ്ടുതന്നെ ഈ വെല്ലുവിളികളെയെല്ലാം നേരിടാന്‍ ആഗോളതലത്തിലുള്ള കൂട്ടായ്മക്കേ സാധിക്കൂ എന്നാണ് അമേരിക്കന്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഫ്രഡ് ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ലാറി കോറേ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മുന്‍ തലവന്‍ ഫ്രഡ് ഹച്ചിന്‍സണ്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തലവന്‍ ഫ്രാന്‍സിസ് കോളിന്‍സ് വാക്‌സിന്‍ വിദഗ്ധനായ ജോണ്‍ മസ്‌കോള തുടങ്ങിയ വിദഗ്ധര്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് ഈ പഠനം തയ്യാറാക്കിയിരിക്കുന്നത്. സയന്‍സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SCIENCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA